കുഞ്ഞൂഞ്ഞിനെ യാത്രയാക്കാൻ ആൾക്കൂട്ടം; ജനനായകന് വിട
Oommen Chandy
Mail This Article
തിരുവനന്തപുരം∙ ആൾക്കൂട്ടത്തെ ശ്വസിക്കുകയും അവരിലൊരാളായി ജീവിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടി ആദ്യമായി ശാന്തമായി കണ്ണടച്ചുകിടന്നു. ആയിരക്കണക്കിനു മനുഷ്യരുടെ കണ്ണീർക്കടലിലൂടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അവസാനമായി ഒഴുകിനീങ്ങി. മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ ജനസഞ്ചയമാണു തലസ്ഥാനത്തേക്ക് ഒഴുകിയത്. പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും സെന്റ് ജോർജ് കത്തീഡ്രലിലും കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലും ആൾക്കൂട്ടം ആർത്തലച്ചെത്തി. ജനത്തിരക്ക് ഇഷ്ടപ്പെട്ടയാൾക്ക് ജനസാഗരം സാക്ഷിയാക്കി യാത്രാമൊഴി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. നിയന്ത്രണാതീതമായ തിരക്ക് കാരണം നേരത്തെ നിശ്ചയിച്ച സമയത്തിൽനിന്ന് ഏറെ വൈകിയാണ് മൃതദേഹം വഹിച്ചുള്ള വാഹനം നീങ്ങിയത്.
ചൊവ്വാഴ്ച ൈവകിട്ട് മൂന്നു മണിയോടെത്തന്നെ ജനങ്ങൾ സെക്രട്ടേറിയറ്റ് പരിസരത്ത് തടിച്ചു കൂടിയിരുന്നു. ഏഴു മണിയോടെ ക്യൂ ദർബാർ ഹാളിൽനിന്ന് നബാർഡ് ഓഫിസ് വരെ നീണ്ടു. ഹാളിലെ ഇരുവാതിലുകളിലൂടെയും ആളുകൾ അകത്തേക്ക് കയറിയതോടെ നിയന്ത്രണങ്ങൾ പാളി. ഫാനുകളില്ലാത്ത ഹാളിൽ ജനം ഉരുകിയൊലിച്ചു. പൊതുദർശനം തുടങ്ങി ഒരു മണിക്കൂറിനുശേഷമാണ് കുടുംബാംഗങ്ങൾക്ക് ഇരിക്കാൻ കസേര ലഭിച്ചത്. ബുധനാഴ്ച മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകുന്നതിനാൽ എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ബുധന്‍ രാവിലെ ഏഴിന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്നും കോട്ടയത്തേക്ക് പുറപ്പെടും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യശുശ്രൂഷകള്‍ ആരംഭിക്കും.
അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ബെംഗളൂരുവിൽനിന്നു മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ചു. തുടർന്ന് വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക്. പതിനായിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ വഴിയരികിൽ കാത്തുനിന്നത്. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കണ്ട് എ.കെ.ആന്റണി വികാരാധീനനായി. മൃതദേഹത്തെ ഏറെനേരം നോക്കിനിന്ന ആന്റണിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഭാര്യ എലിസബത്തും ഒപ്പമുണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെയും മകൻ ചാണ്ടി ഉമ്മനെയും ആന്റണി ആശ്വസിപ്പിച്ചു. ചാണ്ടി ഉമ്മനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചശേഷമാണ് ആന്റണി പുറത്തിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ, മുൻമന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിനു വച്ച ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസം ദുഃഖാചരണവുമുണ്ട്.
അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽനിന്നു തുടർച്ചയായി 12 തവണയാണ് നിയമസഭയിലെത്തിയത്. 2 തവണയായി 7 വർഷം മുഖ്യമന്ത്രിയായി. തൊഴിൽ, ആഭ്യന്തരം, ധനകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ജനിച്ചത്. 1970ൽ, 27ാം വയസ്സിൽ പുതുപ്പള്ളിയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന പുതുപ്പള്ളിയിൽ അന്നത്തെ എംഎൽഎ ഇ.എം.ജോർജിനെയാണ് പരാജയപ്പെടുത്തിയത്. പിന്നീട് ഇന്നുവരെ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ അജയ്യനായി തുടർന്നു; ജനഹൃദയങ്ങളിലും.
English Summary: Former Kerala CM and Congress leader Oommen Chandy passes away- Updates