ADVERTISEMENT

1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണിത്– എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തും. 40 വർഷം മുടങ്ങാതെ ആ പതിവ് തുടർന്നു. നിയമസഭാ പ്രവേശത്തിന്റെ 50–ാം വാർഷിക ആഘോഷങ്ങൾക്കു മുൻപുള്ള ഞായറാഴ്ച, ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ എത്തിയപ്പോൾ...

പുതുപ്പള്ളി ∙ നാട്ടകം ഗെസ്റ്റ് ഹൗസിൽ നിന്നു കാറിൽ കയറുമ്പോൾ ഉമ്മൻ ചാണ്ടി പോക്കറ്റിലെ കൊച്ചു ഡയറി എടുത്തു. പോകേണ്ട വഴികൾ കൂടെയുള്ള സിബി കൊല്ലാടിനോടു പറഞ്ഞു. അതു കഴിഞ്ഞ് കൂടെയുള്ളവരോടു പറഞ്ഞു. ‘ഉച്ചവരെ കോട്ടയത്തുണ്ട്. ഗൺമാൻ സന്തോഷിന്റെ നമ്പറിൽ വിളിച്ചാൽ മതി.’ ഉമ്മൻ ചാണ്ടിയുടെ പതിവു പുതുപ്പള്ളി യാത്രയ്ക്ക് തുടക്കം. ഏതാനും വീടുകൾ സന്ദർശിച്ച ശേഷം പുതുപ്പള്ളി പള്ളി മുറ്റത്തെത്തി. 

പള്ളിയിൽ നിന്നിറങ്ങി തൊട്ടടുത്ത് സഹോദരി വത്സമ്മ മാത്യുവിന്റെ വീട്ടിൽ എത്തി. മുറ്റത്തു നിന്നാണ് സംസാരം. അമ്മാമ്മേ എന്താണ് വിശേഷം എന്നാണ് പതിവു ചോദ്യം. ആശംസ അറിയിക്കാൻ വത്സമ്മയ്ക്കൊപ്പം അയൽക്കാരുമെത്തി. എല്ലാവരോടും കുശലം പറഞ്ഞു. ഇനി എന്നു വരുമെന്നായി വത്സമ്മ. 16ന് വൈകിട്ട് എത്തും. 17ന് പള്ളിയിൽ കുർബാനയുണ്ടെന്നു പറഞ്ഞ് തറവാട്ടിലേക്ക്.

കരോട്ട് വള്ളക്കാലിൽ വീട്ടിൽ രാവിലെ തന്നെ പ്രവർത്തകരും നിവേദനം നൽകാനുള്ളവരും എത്തിയിരുന്നു. ഏഴരയോടെ ഉമ്മൻ ചാണ്ടി എത്തുമ്പോൾ വീടിനു ചുറ്റും വഴിയുടെ ഇരുവശങ്ങളിലും, തൊട്ടടുത്ത വീടുകളിലുമായി കാത്തുനിന്നവർ കൂട്ടത്തോടെ വള്ളക്കാലിൽ വീടിന്റെ മുറ്റത്തേക്ക്. വീട്ടിൽ കയറുന്നതിനു മുൻപ് മുറ്റത്തു വച്ചു തന്നെ കുറച്ചു നിവേദനങ്ങൾ വാങ്ങി. അടിയന്തര ചികിത്സാ സഹായം, ഡിഗ്രി, പിജി അഡ്മിഷനുകൾ, പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർഥികൾ ഇങ്ങനെ നീളുന്നു സന്ദർശകരുടെ നിര. 

പരാതികൾ കേൾക്കുന്നതിനിടെതന്നെ പ്രാതലിനു മുന്നോടിയായുള്ള ഓട്സ് ഉമ്മൻ ചാണ്ടിയുടെ കയ്യിലെത്തി. ഓട്സ് കുടിക്കുമ്പോഴും ശ്രദ്ധ പരാതികളിൽത്തന്നെ. ആളുകളുടെ എണ്ണം കൂടിയതോടെ പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി വീടിനുള്ളിലേക്ക്. ജനലിനു സമീപം ക്രമീകരിച്ചിരുന്ന കസേരയിൽ ഇരുന്നാണ് പിന്നീട് സന്ദർശകരെ കണ്ടത്. ഇതിനിടെ ആരുടെയോ ഫോണിൽ വിളി വന്നു. ഇടുക്കിയിൽ നിന്ന് എംപി ഡീൻ കുര്യാക്കോസാണ്. 

‘ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ പല കോൺഗ്രസ് പ്രവർത്തകരുടെ ഫോണിലേക്കും സംസ്ഥാന നേതാക്കളുടെ ഫോൺ വിളികൾ എത്തുന്നതു പതിവാണ്’ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നെബു ജോൺ പറഞ്ഞു നിർത്തുന്നതിനു മുൻപുതന്നെ ഉമ്മൻ ചാണ്ടിക്കുള്ള അടുത്ത ഫോൺ വിളിയെത്തി – അത് മുൻ മന്ത്രി കെ. ബാബുവിന്റെ വക. 9ന് പ്രഭാത ഭക്ഷണം. വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കളുമായുള്ള ആശയവിനിമയത്തിനു ശേഷം 9.30ന് വീട്ടിൽനിന്നു പുറത്തേക്ക്.

(ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50ാം വാർഷികത്തിന്റെ ഭാഗമായി 2020ൽ മലയാള മനോരമ പ്രസിദ്ധീകരിച്ചത്)

English Summary: A Sunday in Oommen Chandy's life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com