പലർക്കുമറിയാത്ത ഒരു ഉമ്മൻ ചാണ്ടി: ‘ദ് അൺനോൺ വാറിയർ’ സംവിധായകന്റെ ഓർമ
Mail This Article
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴിയും പൊതുസമൂഹം അറിയാത്ത ചില സന്ദർഭങ്ങളും ഉൾപ്പെടുത്തി 2021ൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് ‘ദ് അൺനോൺ വാറിയർ’. നിരവധി ആളുകളുടെ അനുഭവ സാക്ഷ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരിട്ടറിഞ്ഞ ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഡോക്യുമെന്ററിയുടെ സംവിധായകൻ മഖ്ബുൽ റഹ്മാൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.
∙എങ്ങനെയാണ് ഈ വിഷയത്തിലേക്ക് എത്തുന്നത്?
പരസ്യ ചിത്രങ്ങളാണ് ഞാൻ നേരത്തേ സംവിധാനം ചെയ്തിരുന്നത്. ഡോക്യുമെന്ററി ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും പറ്റിയ വിഷയം മനസ്സിലില്ലായിരുന്നു. ഈ ഡോക്യുമെന്ററിയുടെ നിർമാതാവ് ഹുനൈസ് മുഹമ്മദാണ്, സൗദിയിൽനിന്ന് ഒരാളെ ഉമ്മൻ ചാണ്ടി സർ രക്ഷപ്പെടുത്തിയ വിവരം പറഞ്ഞത്. അയാൾ സ്വന്തം പാർട്ടിയിലോ മുന്നണിയിലോ ഉള്ള ആൾ അല്ലാഞ്ഞിട്ടും പ്രത്യേക താൽപര്യമെടുത്ത് ഇതിൽ ഇടപെട്ടെന്ന് അറിഞ്ഞപ്പോൾ കൗതുകമായി. പിന്നീട് അന്വേഷിച്ചപ്പോൾ, അദ്ദേഹത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പലരിൽനിന്നും അറിയാനായി. അങ്ങനെയാണ്, എന്തുകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം ഡോക്യുമെന്ററി ആക്കിക്കൂടാ എന്ന ആശയം മനസ്സിൽ വന്നത്.
രാഷ്ട്രീയത്തിൽ ആഴത്തിലുള്ള അറിവ് ഇല്ലാത്തതിനാൽ എങ്ങനെ ചെയ്യണമെന്ന് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന്റെ പഴ്സനൽ സെക്രട്ടറി പി.ടി. ചാക്കോ ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകൾ’ എന്ന പുസ്തകം തരുന്നത്. ആ പുസ്തകത്തിൽനിന്ന് പുതിയ ഒരുപാട് വിവരങ്ങൾ ലഭിച്ചു. രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ നേതാവാണെന്നും നിരവധി ക്ഷേമപ്രവർത്തനങ്ങൾ െചയ്തിട്ടുണ്ടെന്നും അറിയാമെങ്കിലും അദ്ദേഹത്തെക്കുറിച്ച് പലർക്കും അറിയാത്ത ഒരുപാടു കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളാണ് ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നത്. സോളർ വിഷയം കത്തിനിൽക്കുമ്പോൾപോലും അദ്ദേഹം വിവാദങ്ങള്‍ക്കു ചെവികൊടുക്കാതെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയായിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാത്ത ഒരുപാടുപേർ ഉണ്ട്. അതുകൊണ്ടാണ് ഡോക്യുമെന്ററിക്ക് ‘അൺനോൺ വാറിയർ’ എന്ന പേരുനൽകിയത്.
∙ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടു നേരിട്ടു സംസാരിച്ചിരുന്നോ?
അദ്ദേഹത്തെ നേരിൽ കാണാനായി ഞങ്ങൾ പുതുപ്പള്ളിയിൽ പോയിരുന്നു. പുതുപ്പള്ളിയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ എല്ലാ ശനിയാഴ്ചയും അദ്ദേഹം എത്തുമെന്ന് അറിഞ്ഞു. അങ്ങനെ ഒരു ശനിയാഴ്ച നേരില്‍ കാണാനായി. കോവിഡ് അതിന്റെ മൂർധന്യാവസ്ഥയിലുള്ള സമയമായിരുന്നു അത്. എന്നാൽ അപ്പോഴും സാധാരണപോലെ ഒരു ജനക്കൂട്ടം അദ്ദേഹത്തിനുചുറ്റും ഉണ്ടായിരുന്നു. ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ അദ്ദേഹത്തിന് പാർട്ടി വേർതിരിവോ ജാതി–മത വ്യത്യാസങ്ങളോ ഇല്ലായിരുന്നു. ആർക്കും സമീപിക്കാവുന്നാൾ. അത്രയും ലളിതമായാണ് അദ്ദേഹം ആളുകളോട് ഇടപെട്ടത്. എല്ലാവരുടെയും പ്രശ്നങ്ങൾ പൂർണമായും കേൾക്കും. സ്വന്തം ആരോഗ്യംപോലും വകവയ്ക്കാതെയാണ് ആ സമയത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ആ കാഴ്ച ആരെയും പ്രചോദിപ്പിക്കും. അവസരം കിട്ടിയപ്പോൾ അദ്ദേഹത്തോട്ു ഞങ്ങൾ കാര്യം പറഞ്ഞു. സാറിന് ഇത്തരം ഡോക്യുമെന്ററിയോടോ പബ്ലിസിറ്റിയോടോ പ്രത്യേകിച്ച് യാതൊരു താൽപര്യവുമുണ്ടായിരുന്നില്ല. എന്നാൽ ഡോക്യുമെന്ററിയുമായി മുന്നോട്ടുപോകാൻതന്നെ ഞങ്ങൾ തീരുമാനിച്ചു.
∙പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനെ അറിയാനുള്ള ശ്രമം എങ്ങനെയായിരുന്നു?
പുതുപ്പള്ളിക്കാർക്ക് കുഞ്ഞൂഞ്ഞെന്നാൽ അവരുടെ എല്ലാമാണ്. അതിൽ മറ്റൊരുതരം ചിന്തയുമില്ല. ആളുകൾക്കിടയിലേക്ക് ഇറങ്ങിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പറയുമ്പോൾ അവർ വികാരാധീനരാവും. കാരണം അവരിൽ ഓരോരുത്തരുടെയും ജീവിതത്തിൽ നിര്‍ണായക ഘട്ടങ്ങളിൽ സഹായവുമായെത്തിയ കുഞ്ഞൂഞ്ഞ് അവർക്ക് അത്രയും പ്രിയങ്കരനാണ്. ഏതുപ്രായത്തിലുള്ളവർക്കും അദ്ദേഹത്തോടു വലിയ ആദരവും ആരാധനയുമാണ്. നേരിട്ട് അവിടെയെത്തി ആ നാട്ടുകാരിൽനിന്ന് അവരുടെ പ്രിയപ്പെട്ട നേതാവിനെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
∙ഡോക്യുമെന്ററി അദ്ദേഹം കണ്ടിരുന്നോ?
എഡിറ്റിങ് പൂർത്തിയായപ്പോൾ ഉമ്മൻ ചാണ്ടി സാറിന്റെ ഭാര്യ മറിയാമ്മയും മകളും സ്റ്റുഡിയോയിലെത്തി ഡോക്യുമെന്ററി കണ്ടിരുന്നു. അവർ അതുകണ്ട് വികാരാധീനരായി. വൈകിട്ട് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ കുഞ്ഞൂഞ്ഞിനെ ഇതൊന്നു കാണിക്കാമോ എന്ന് അവർ ചോദിച്ചു. അതുപ്രകാരം ഞങ്ങൾ രാത്രി അവിടെയെത്തുകയും സാറിനെ കാണിക്കുകയും അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. എന്നാൽ താൻ ചെയ്ത കാര്യങ്ങളൊന്നും മഹത്തരമല്ലെന്ന ഭാവമായിരുന്നു അദ്ദേഹത്തിന്.
∙ഡോക്യുമെന്ററി അപൂർണമാണെന്ന് തുടക്കത്തിൽതന്നെ പറയുന്നുണ്ടല്ലോ. അതിന്റെ ബാക്കി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ?
ഡോക്യുമെന്ററിക്ക് പതിമൂന്നു മിനിറ്റ് മാത്രമേ ദൈർഘ്യമുള്ളൂ. അത്രയും കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മുഴുവനായും പറയാനാകില്ല. അത് അപൂർണമാണെന്ന് ചിത്രത്തിന്റെ തുടക്കത്തിൽതന്നെ പറയുന്നുമുണ്ട്. 'ചാപ്റ്റർ 1' എന്ന രീതിയിലാണ് അത് പുറത്തിറക്കിയതും. ഒരു കുട്ടിക്കുപോലും അതു കണ്ടാൽ മനസ്സിലാകണമെന്ന ചിന്തയോടെയാണ് ഡോക്യുമെന്ററി ചെയ്തത്. തുടർച്ചയെന്ന രീതിയിൽ അടുത്ത ഭാഗം ചെയ്യണമെന്നുണ്ട്. അത് എപ്പോഴാണെന്ന് ഇപ്പോൾ പറയാനാകില്ല. എങ്കിലും ബാക്കികൂടി ചേരുമ്പോഴേ അതിന് പൂർണത വരൂ.
പൊതുപ്രവർത്തകർക്ക് ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാമെന്നും അധികാരം മാത്രമാവരുത് രാഷ്ട്രീയപ്രവർത്തനത്തിന്റെ ലക്ഷ്യമെന്നും പ്രവൃത്തിയിലൂടെ കാണിച്ചുതന്ന ആളാണ് ഉമ്മൻ ചാണ്ടി സർ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനു വലിയ നഷ്ടമാണ്. ആൾക്കൂട്ടത്തിനിടയിലല്ലാതെ അദ്ദേഹത്തെ ഒരിക്കലും കാണാനാകില്ല. അത്രയും ജനകീയനും പ്രിയങ്കരനുമായിരുന്നു അദ്ദേഹം. അത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ ആർജിച്ചെടുത്തതാണ്. കേരളത്തിലെ ജനങ്ങൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപാടു നിമിഷങ്ങൾക്കു നാം സാക്ഷിയായി. അദ്ദേഹത്തിന്റെ മായാത്ത ഓർമകൾക്ക് മുൻപിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
English Summary: The Unknown Warrior Documentary Director Maqbul rahman Speaks about Oommen Chandy