മഹാരാഷ്ട്രയിൽ ഉരുൾപൊട്ടൽ: 4 മരണം; 30 കുടുംബങ്ങൾ മണ്ണിനടിയിൽ കുടുങ്ങി?
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ നാലുപേർ മരിച്ചു. 30 കുടുംബങ്ങള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഇതുവരെ 21 പേരെ രക്ഷപെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. മുംബൈയിൽനിന്നു മറ്റു രണ്ട് സംഘങ്ങൾകൂടി ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്.
കുന്നിൻ പ്രദേശമായ ഇർസൽവാഡി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. സംഭവത്തെത്തുടർന്ന് റായിഗഡ് പൊലീസ് കൺട്രോൾ റൂം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ച ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
നേരം പുലർന്നതോടെയാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. നിലവിൽ നൂറിലേറെപ്പേർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ട്. ജില്ലയിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുംബൈയിലും ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
English Summary: Landslide in Maharashtra’s Raigad district: 22 rescued, several feared trapped