ADVERTISEMENT

ബെംഗളൂരു∙ മണിപ്പുരില്‍ രണ്ടു യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ കുറ്റക്കാരെ പരോള്‍ പോലും നല്‍കാതെ ആജീവനാന്തം ശിക്ഷിക്കണമെന്നു മണിപ്പുര്‍ സമരനായിക ഇറോം ശര്‍മിള. മണിപ്പുരില്‍ നടക്കുന്ന കാര്യങ്ങളില്‍ സങ്കടമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കില്ലായിരുന്നുവെന്നും ഇറോം ശര്‍മിള പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയെക്കുറിച്ച് ഓര്‍ത്ത് അസ്വസ്ഥതയാണ് അനുഭവപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. 

മണിപ്പുരില്‍ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷക്കാലം ആഹാരം കഴിക്കാതെ സത്യഗ്രഹം നടത്തിയ ഇറോം ശര്‍മിള ഇപ്പോഴത്തെ വിഷയങ്ങളില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തിയിരുന്നില്ല. കലാപം ശമിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അവര്‍ കത്തെഴുതിയിരുന്നു. 2016ല്‍ നിരാഹാരസമരത്തില്‍നിന്നു പിന്മാറിയ ഇറോം ശര്‍മിള പാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വെറും 90 വോട്ട് മാത്രമാണു ലഭിച്ചത്. ഇതോടെ ബ്രിട്ടിഷ് പൗരനായ ഡെസ്മണ്ട് ആന്റണി കുട്ടിഞ്ഞോയെ വിവാഹം കഴിച്ച് ബെംഗളൂരുവിലേക്കു താമസം മാറ്റുകയായിരുന്നു. 

അതേസമയം, മണിപ്പുര്‍ വിഷയത്തെ ചൊല്ലി രണ്ടാം ദിനവും പാര്‍ലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇരുസഭകളും പിരിഞ്ഞു. എല്ലാ വിഷയങ്ങളും മാറ്റിവച്ച് റൂള്‍ 267 പ്രകാരം ദിവസം മുഴുവന്‍ മണിപ്പുര്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റൂള്‍ 176 പ്രകാരം കുറച്ചു സമയത്തേക്കു മാത്രം വിഷയം ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പാര്‍ലമെന്റ് ചേര്‍ന്നതിനു പിന്നാലെ പ്രതിപക്ഷ കക്ഷികള്‍ എഴുന്നേറ്റു ബഹളം വച്ചു. മുദ്രാവാക്യം വിളിച്ചതു കൊണ്ടു പ്രശ്‌ന പരിഹാരം ഉണ്ടാകില്ലെന്നും ചര്‍ച്ചകളിലൂടെ പരിഹാരം കാണണമെന്നും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെത്തി പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണു പ്രതിപക്ഷം ബഹളം വയ്ക്കുന്നതെന്ന് മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. റൂള്‍ 176 പ്രകാരമാണ് പ്രതിപക്ഷ എംപി നോട്ടിസ് നല്‍കിയത്. ഇതു പരിഗണിക്കുന്നതിനിടെ റൂള്‍ 276 പ്രകാരം ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം അരമണിക്കൂര്‍ ചര്‍ച്ചയല്ല വേണ്ടതെന്നും എല്ലാ വിഷയങ്ങളും മാറ്റിവച്ച് ദിവസം മുഴുവന്‍ മണിപ്പുര്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

English Summary: Irom Sharmila On Horrific Manipur Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com