ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ‌ ചാണ്ടി അനുസ്മരണ പരിപാടിയിൽ വെറുമൊരു പ്രാസംഗികനായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്താൽ, ഇന്നുവരെ അദ്ദേഹം ഉമ്മൻ ചാണ്ടിയോടു ചെയ്ത സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും അതെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.സരിൻ. കോൺഗ്രസ് പാർട്ടിയുടെ മാത്രം  നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായിട്ട് ഉമ്മൻ ചാണ്ടിയെ കരുതിത്തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടതെന്ന് സരിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഉമ്മൻ ചാണ്ടിയോട് തെറ്റ് ചെയ്തവർ എല്ലാവരും തന്നെ മാപ്പിരക്കുന്ന കാഴ്ചയും ഈ ദിവസങ്ങളിൽ കണ്ടതായി സരിൻ ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നത് വ്യാജപ്രചാരണമാണെന്നും, ആദ്യ അനുസ്മരണ പ്രഭാഷണം കെപിസിസി അധ്യക്ഷൻ നിർവഹിക്കുമെന്നും സരിൻ വ്യക്തമാക്കി.

സരിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം രാഷ്ട്രീയ-കലാ-സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും മത സാമുദായിക നേതാക്കളെയും ഒക്കെ ഉൾപ്പെടുത്തി സമുചിതമായി ആചരിക്കുകയാണ്. സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം മറ്റ് അഭിപ്രായ വ്യത്യാസങ്ങൾക്കെല്ലാം അതീതമായി സ്നേഹത്തിന്റെ ഭാഷയിൽ തന്നെ നടത്തുവാനാണ് കെപിസിസിയുടെ തീരുമാനം.

കെപിസിസി നടത്തുന്നത് വെറുമൊരു രാഷ്ട്രീയ പരിപാടിയല്ല. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾ നടത്തുന്ന ഒരു അനുസ്മരണ പരിപാടിയായി ഇത് മാറും എന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഉമ്മൻ ചാണ്ടിയെ കോൺഗ്രസിന്റെ നേതാവ് മാത്രമായിട്ടുമല്ല കഴിഞ്ഞ അഞ്ച് ദിവസങ്ങൾ കൊണ്ട് കേരളം മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ മനുഷ്യനോട് തെറ്റ് ചെയ്തവർ എല്ലാവരും തന്നെ മാപ്പിരക്കുന്ന കാഴ്ചയും നമ്മൾ കണ്ടു കഴിഞ്ഞിരിക്കുന്നു. മുഴുവൻ ജനതയുടെയും നേതാവായി ജനങ്ങളുടെ നായകനായി ആണ് അദ്ദേഹം മടങ്ങിയിരിക്കുന്നത്.

 

ആ മനുഷ്യന് എല്ലാവിധ ബഹുമാനത്തോടും കൂടി അനുസ്മരണം നടത്തേണ്ട ബാധ്യത കോൺഗ്രസ് പാർട്ടിക്കുണ്ട്. അതിന്റെ ഭാഗമായി അനുസ്മരണ സമ്മേളനത്തിലേക്ക് എല്ലാ റജിസ്റ്റേഡ് പാർട്ടികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. എം.വി. ഗോവിന്ദനും ഗണേഷ് കുമാറും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ കീഴ്‌വഴക്കം അനുസരിച്ച് ഈ പരിപാടിയിൽ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. പരിപാടിയിലേക്ക് സംസ്ഥാന സർക്കാരിന് ഔദ്യോഗിക ക്ഷണം ഉണ്ട്. സർക്കാരിന്റെ പ്രതിനിധികളായി പിണറായി വിജയനും മറ്റു ചില മന്ത്രിമാരും പങ്കെടുക്കുമെന്ന് അറിയാൻ കഴിയുന്നു.

സിനിമാ-കലാ-സാംസ്കാരിക മേഖലയിൽ ഉള്ളവർക്ക് ക്ഷണമുണ്ട്. വിവിധ ജാതി-മത-സാമുദായിക നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ശിവഗിരി മഠത്തിലെ സന്യാസിമാരും ക്രിസ്ത്യൻ മത മേലധ്യക്ഷന്മാരും പാളയം ഇമാമും അടക്കം പലർക്കും ഇതിലേക്ക് ക്ഷണമുണ്ട്. ഉമ്മൻ ചാണ്ടി സാറിന്റെ അനുസ്മരണം നടത്തുന്നത് രാഷ്ട്രീയത്തിനും ജാതിമത സമുദായ വ്യത്യാസങ്ങൾക്കും അതീതമായി തന്നെയാണ്. അതങ്ങനെ തന്നെയാണ് നടക്കേണ്ടത്.

ഈ പരിപാടിയിൽ വെറുമൊരു പ്രാസംഗികനായി പിണറായി വിജയൻ പങ്കെടുത്താൽ ഇന്നുവരെ അദ്ദേഹം ഉമ്മൻചാണ്ടിയോട് ചെയ്ത സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം തന്നെയായിരിക്കും. കോൺഗ്രസ് പാർട്ടിയുടെ മാത്രം  നേതാവായിട്ടല്ല, മുഴുവൻ കേരള ജനതയുടെ നേതാവായിട്ട് ഉമ്മൻ ചാണ്ടി സാറിനെ കരുതി തന്നെയാണ് ഈ അനുസ്മരണം നടക്കേണ്ടത് എന്ന് ഒരിക്കലും വിസ്മരിച്ചു കൂടാ.

NB: ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഉദ്ഘാടകൻ പിണറായി ആണ് എന്നത് വ്യാജപ്രചാരണമാണ്. ആദ്യ അനുസ്മരണ പ്രഭാഷണം കെപിസിസി അധ്യക്ഷൻ നിർവ്വഹിക്കും.

English Summary: P Sarin says if Pinarayi Vijayan participate in remembranceof Oommen Chandy it will be a confession 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com