മേഘാലയ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആൾക്കൂട്ട ആക്രമണം; അഞ്ച് പേർക്ക് പരുക്ക്
Mail This Article
ഷില്ലോങ്∙ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ ഓഫിസിനു നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. സാങ്മയ്ക്ക് പരുക്കില്ല. നൂറുകണക്കിനാളുകൾ സ്ഥലം വളഞ്ഞതിനാൽ അദ്ദേഹം ഇപ്പോഴും തുറയിലെ ഓഫിസിനുള്ളിലാണെന്നാണ് റിപ്പോർട്ട്.
തുറ നഗരത്തെ സംസ്ഥാനത്തിന്റെ ശൈത്യകാല തലസ്ഥാനം ആക്കണമെന്നാവശ്യപ്പെട്ട് സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ നിരാഹാര സമരം നടത്തിയിരുന്നു. ഇവരുമായി ചർച്ചയ്ക്കെത്തിയതായിരുന്നു മുഖ്യമന്ത്രി. അതിനിടെ, വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫിസിനു പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി കല്ലെറിയാൻ തുടങ്ങി. ഇതോടെയാണു പ്രശ്‌നങ്ങൾക്കു തുടക്കമായത്. പ്രതിഷേധക്കാരോടു സാങ്മ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ കല്ലെറിയുകയായിരുന്നു.
എസിഎച്ച്ഐകെ, ജിഎച്ച്എസ്എംസി തുടങ്ങിയ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളാണ് തുറയെ ശൈത്യകാല തലസ്ഥാനം ആക്കണമെന്നാവശ്യപ്പെടുന്നത്. ശൈത്യകാല തലസ്ഥാന ആവശ്യവും തൊഴിൽ സംവരണവും സംബന്ധിച്ച് ചർച്ച നടത്താമെന്ന് സമരക്കാരോട് സാങ്മ പറഞ്ഞിട്ടുണ്ട്. മന്ത്രിമാരും മറ്റു തൽപരകക്ഷികളും ചർച്ചയിൽ പങ്കെടുക്കും. അടുത്ത മാസം സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽ ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ് പ്രതിഷേധം അവസാനിപ്പിക്കാൻ അദ്ദേഹം സംഘടനകളോട് ആവശ്യപ്പെട്ടു.
English Summary: Meghalaya Chief Minister's office attacked by mob; five security personnel injured