‘ആതിഥേയ സംസ്കാരം നന്മയുടെ ലക്ഷണം’: മുഖ്യമന്ത്രിക്കു മുന്നിലെ മുദ്രാവാക്യം വിളിയിൽ മന്ത്രി വാസവൻ
Mail This Article
കോട്ടയം∙ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉണ്ടായ മുദ്രാവാക്യം വിളിയിൽ പരോക്ഷ വിമർശനവുമായി മന്ത്രി വി.എൻ.വാസവൻ. അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ വച്ചായിരുന്നു സംഭവം. ആതിഥേയ സംസ്കാരം നന്മയുടെ ലക്ഷണമാണെന്നും, നസ്രത്തിൽനിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ എന്നും വാസവൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മുദ്രാവാക്യം വിളിയുടെ ചിത്രം സഹിതമാണ് മന്ത്രിയുടെ വിമർശനം.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂർത്തിയായതിനു പിന്നാലെ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗൺസ് ചെയ്തതോടെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. ‘‘ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്...’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ബഹളം വച്ചതോടെയാണ്, മുഖ്യമന്ത്രിക്കു സമീപം നിന്നിരുന്ന നേതാക്കളിൽ ചിലർ ഇടപെട്ടത്. മുദ്രാവാക്യം വിളി നിർത്താൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. വി.ടി.ബൽറാം ഉൾപ്പെടെയുള്ള യുവ നേതാക്കളും വേദിയിൽ എഴുന്നേറ്റുനിന്ന് പ്രവർത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെട്ടു.
English Summary: Minister VN Vasavan Criticises Sloganeering In Front Of CM Pinarayi Vijayan At KPCC Meeting