കുക്കർ കൊണ്ടുപോകും; നോൺവെജ് വിളമ്പിയ സ്പൂൺ ഉപയോഗിക്കുമോയെന്ന് പേടി: സുധാ മൂർത്തിക്ക് വിമർശനം
Mail This Article
ബെംഗളൂരു∙ പൂർണ സസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതുമെന്നുമുള്ള എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനയിൽ സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും. മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന പേടിയുള്ളതിനാൽ യാത്രയിൽ ഭക്ഷണം കൂടെ കൊണ്ടുപോകുമെന്നതായിരുന്നു സുധാ മൂർത്തി യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഇതിനു പിന്നാലെയാണ് വിമർശനവും ട്രോളും ഉയർന്നത്.
‘‘ഞാനൊരു സസ്യാഹാരിയാണ് (വെജിറ്റേറിയനാണ്). മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിന് ഒരേ സ്പൂൺ ഉപയോഗിക്കുമോ എന്നതിൽ എനിക്കു പേടിയുണ്ട്. അതുകൊണ്ട് വിദേശത്തു പോകുമ്പോഴൊക്കെ വെജിറ്റേറിയൻ റസ്റ്ററന്റുകൾ കണ്ടുപിടിച്ച് അവിടെ പോയി ഭക്ഷണം കഴിക്കും. അതല്ലെങ്കിൽ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിക്കും. അതിനായി ഭക്ഷ്യപദാർഥങ്ങളും പാചകം ചെയ്യാനുള്ള സംവിധാനങ്ങളും അടങ്ങിയ ബാഗ് എപ്പോഴും കൈയിൽ കരുതും’’ – അവർ പറയുന്നു.
അതേസമയം, സുധാ മൂർത്തിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും പല ഇന്ത്യക്കാരും വിദേശത്തുപോകുമ്പാൾ ഭക്ഷണം കൂടെക്കരുതുമെന്നും ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. എന്നാൽ സുധാമൂർത്തി ‘ലാളിത്യ’ത്തെ വിൽക്കുകയാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
ചെറിയ കുക്കർ കൂടി തന്റെ ബാഗിൽ കരുതാറുണ്ടെന്ന് യൂട്യൂബ് വിഡിയോയിൽ അവർ പറയുന്നുണ്ട്. തന്റെ അമ്മൂമ്മ ഒരിക്കലും പുറത്തുനിന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്നും പുറത്തുപോകുമ്പോൾ ഭക്ഷണവുമായാണ് പോയിരുന്നതെന്നും ഇക്കാര്യത്തിൽ അവരെ പരിഹസിച്ചിട്ടുണ്ടെന്നും സുധ മൂർത്തി വ്യക്തമാക്കുന്നു. ഇപ്പോൾ താനും അവരെപ്പോലെയായെന്നും അവർ വിഡിയോയിൽ കൂട്ടിച്ചേർക്കുന്നു.
English Summary: Sudha Murty gets trolled for her concerns over same spoon for veg, non-veg