നിയന്ത്രണരേഖകളില്ലാതെ പ്രണയം; 18 വയസുള്ള സ്‌നാപ്ചാറ്റ് കാമുകനെ കാണാന്‍ ചൈനീസ് യുവതി പാക്കിസ്ഥാനില്‍
Mail This Article
പെഷവാർ∙ അതിർത്തി കടന്നുള്ള സമൂഹമാധ്യമ പ്രണയകഥയുമായി വീണ്ടും പാക്കിസ്ഥാൻ. സ്‌നാപ്ചാറ്റ് പ്രണയം മൂത്ത് കാമുകനെ കാണുന്നതിനായി ചൈനീസ് യുവതി അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തി. 21 വയസ്സുള്ള ഗാവോ ഫെങ് ആണ് തന്റെ 18കാരനായ കാമുകൻ ജാവേദിനെ കാണാനായി ചൈനയിൽനിന്ന് ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലേക്കെത്തിയത്. ഗാവോ മൂന്നുമാസത്തെ സന്ദർശക വീസയിൽ റോഡുമാർഗമാണ് ഇസ്‌ലാമാബാദിലേക്കെത്തിയത്.
ഇരുവരും മൂന്നുവർഷം മുൻപാണ് സമൂഹമാധ്യമമായ സ്നാപ്‌ചാറ്റിലൂടെ പരിചയപ്പെട്ടത്. ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയമാകുകയായിരുന്നു. അഫ്‌ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ബജൗർ സ്വദേശിയാണ് ജാവേദ്. ഇതേതുടർന്ന് സുരക്ഷാപ്രശ്നങ്ങൾ മുൻനിറുത്തി ഇസ്‌ലാമാബാദിൽ സമർബാഘിലെ ബന്ധുവീട്ടിലാണ് ഗാവോ ഫെങ്ങ്. ഇവർക്ക് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ സിയാദ്ദൂദീൻ പറഞ്ഞു. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ടില്ല. മുഹറം ആഘോഷം കണക്കിലെടുത്തും സുരക്ഷാപ്രശ്നങ്ങളെ കരുതിയും ഇവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അടുത്തിടെ ഇന്ത്യയിൽ നിന്നും ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലേക്ക് ഇന്ത്യൻ യുവതിയായ അഞ്ജു തന്റെ ഫെയ്‌സ്ബുക് സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിക്കുന്നതിനായി കടന്നിരുന്നു. ജൂലൈ 23നായിരുന്നു സംഭവം. അതിന് മുൻപ് പബ്ജി പ്രണയത്തിലൂടെ പാക്കിസ്ഥാൻ സ്വദേശി സീമ ഹൈദർ തന്റെ മക്കളുമായി കാമുകനായ സച്ചിനെ കാണുന്നതിനായി ഇന്ത്യയിലേക്കെത്തിയിരുന്നു
English Summary: Chinese woman goes to pakistan to meet man she feel in love with on Snapchat