‘എലിയെപേടിച്ച് ഇല്ലം ചുടുന്നു; മുതലപ്പൊഴി ഹാർബർ അടച്ചിടാൻ അനുവദിക്കില്ല’
Mail This Article
തിരുവനന്തപുരം∙ മുതലപ്പൊഴി ഹാർബർ അടച്ചിടാൻ അനുവദിക്കില്ലെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെപേര. മുതലപ്പൊഴി അടച്ചിടാനുള്ള നീക്കത്തെ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി എതിർക്കും. മുതലപ്പൊഴിയിൽ അടിഞ്ഞു കൂടുന്ന മണൽ മാറ്റുമെന്ന സർക്കാർ വാദ്ഗാനം നടപ്പിലായില്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ് സർക്കാരിന്റേതെന്നും ഫാ.യൂജിൻ പെരേര പറഞ്ഞു.
മഴക്കാലം കഴിയുന്നതുവരെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അടച്ചിടാൻ ഫിഷറീസ് ഡയറക്ടർ അദീല അബ്ദുല്ല സർക്കാരിനു ശുപാർശ നൽകിയിരുന്നു. മുന്നറിയിപ്പുകൾ അവഗണിക്കുന്ന സാഹചര്യത്തിൽ കർശന വിലക്ക് ഏർപ്പെടുത്തണമെന്നും സെപ്റ്റംബർ അഞ്ചുവരെ പൊഴി അടച്ചിടണമെന്നുമാണു നിർദേശം. മന്ത്രിസഭയിലും മത്സ്യത്തൊഴിലാളികളുമായും ചർച്ച നടത്തിയശേഷമാകും അന്തിമ തീരുമാനം എടുക്കുന്നത്. മുന്നറിയിപ്പുള്ള ദിവസങ്ങളിൽ കടലിൽപോകുന്നത് പൂർണമായും വിലക്കണമെന്നും റിപ്പോർട്ടിലുണ്ട്.
ഈ കാലവർഷത്തിൽ 13 അപകടവും 4 മരണവുമാണ് മുതലപ്പൊഴിയിൽ റിപ്പോർട്ട് ചെയ്തത്. 25 പേർക്കു പരുക്കേറ്റു. തുറമുഖം അടച്ചിട്ടാൽ ജീവിതമാർഗം ഇല്ലാതാകുമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. അഞ്ചുതെങ്ങ് കായലും കടലുമായി ചേരുന്ന മുതലപ്പൊഴിയിൽനിന്നാണ് മത്സ്യത്തൊഴിലാളികൾ കടലിൽപോകുന്നത്.
English Summary: Fishermen will not allow to close Muthalapozhi harbour