റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം: 3 യൂത്ത് ലീഗ് പ്രവര്ത്തകർ കൂടി അറസ്റ്റിൽ
Mail This Article
കാഞ്ഞങ്ങാട് (കാസർഗോഡ്) ∙ മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മണിപ്പുരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറം നൗഷാദ് മൻസലിലെ പി.എം.നൗഷാദ് (42), ആറങ്ങാടിയിലെ സായ സമീർ (35), 17 വയസ്സുള്ള ആവി സ്വദേശി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി.
നിയമനടപടികൾക്ക് പുറമേ സമൂഹമാധ്യമ നിരീക്ഷണവും പൊലീസ് ശക്തമാക്കി. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്, ടെലഗ്രാം തുടങ്ങിയവയാണ് നിരീക്ഷിക്കുന്നത്. വിദ്വേഷ പ്രസംഗം, പ്രകോപനപരമായ സന്ദേശങ്ങൾ, തെറ്റായ വാർത്തകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ ഐപിസി സെക്‌ഷൻ 153 പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.
സമൂഹമാധ്യമ നിരീക്ഷണത്തിനായി പ്രത്യേക പൊലീസ് സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. എല്ലാ സമൂഹമാധ്യമ പോസ്റ്റുകളും നിരീക്ഷിക്കും. ഗ്രൂപ്പുകളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിന് ഗ്രൂപ്പ് അഡ്മിൻമാരെയും പ്രതിയാക്കും. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 2 കേസുകൾ റജിസ്റ്റർ ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ 5 പേർ റിമാൻഡിലാണ്. ബാക്കിയുള്ളവരെ പിടികൂടാനായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
English Summary: 3 more Youth League activists arrested in the incident of shouting hate slogans