‘മന്ത്രിയെ അറിയിക്കണം’, സജികുമാർ മരിക്കും മുൻപ് പോസ്റ്റ് ചെയ്ത കത്തുകൾ പുറത്ത്
Mail This Article
കാട്ടാക്കട (തിരുവനന്തപുരം) ∙ മാറനല്ലൂരിലെ സിപിഐ ലോക്കൽ സെക്രട്ടറി സുധീർഖാനു നേരെ ഉണ്ടായ ആസിഡ് ആക്രമണത്തിന്റെ പശ്ചാത്തലം വിവരിച്ച് മധുരയിൽ തൂങ്ങി മരിച്ച പ്രതി സജികുമാർ സുഹൃത്തുകൾക്കും ഭാര്യയ്ക്കും അയച്ച കത്തുകൾ പുറത്ത്. ഇടതു മുന്നണി നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ.ഭാസുരാംഗൻ, പൊള്ളലേറ്റു ചികിത്സയിൽ കഴിയുന്ന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സുധീർഖാനെ സ്വാധീനിച്ചതായും ഇതിനു പ്രതിഫലമായി 20 ലക്ഷം രൂപ സുധീർഖാൻ ആവശ്യപ്പെട്ടതായുമുള്ള ഗുരുതര വെളിപ്പെടുത്തൽ കത്തിലുണ്ട്. കത്തിലെ വിവരങ്ങൾ മന്ത്രി ജി.ആർ.അനിലിനെ ബോധ്യപ്പെടുത്തണമെന്നും സജികുമാർ ആവശ്യപെടുന്നുണ്ട്.
23നു രാവിലെയാണു സിപിഐ മാറനല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ആർ.സുധീർഖാനു നേരെ ആസിഡ് ഒഴിച്ചത്. സംഭവശേഷം ഒളിവിൽ പോയ സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ജി.സജികുമാർ ചൊവ്വാഴ്ച രാത്രി മധുരയിലെ ലോഡ്ജിൽ ജീവനൊടുക്കി. ഇതിനു മുൻപേ പോസ്റ്റ് ചെയ്ത കത്തുകളാണ് ഇപ്പോൾ ഭാര്യയ്ക്കും സജികുമാറിന്റെ സുഹൃത്ത് അജികുമാറിനും ലഭിച്ചത്. കത്ത് സിപിഐയിലും ഇടതു മുന്നണിയിലും ഉണ്ടാക്കിയേക്കാവുന്ന പൊട്ടിത്തെറി ചെറുതാവില്ല.
English Summary: Maranallur acid attack