ജമ്മുവിൽ കേന്ദ്രസർക്കാരിന്റെ കഞ്ചാവുതോട്ടം; എല്ലാ വേദനകള്ക്കും പരിഹാരം: പണവും ‘കായ്ക്കും’ !
Mail This Article
മോഹൻലാൽ നായകനായ ‘പുലിമുരുകൻ’ സിനിമയുടെ കഥാഗതിയെ നിർണായക വഴിത്തിരിവിലേക്കു നയിക്കുന്ന സംഭവമാണ് കഞ്ചാവിൽനിന്നു കാൻസറിനു മരുന്നു കണ്ടുപിടിക്കാനുള്ള ‘പരീക്ഷണം’. സിനിമയിൽ വില്ലന്മാർക്ക് നായകനെ ഉപയോഗിച്ചു കഞ്ചാവു കടത്തുന്നതിനുള്ള ഒരു മറ മാത്രമാണ് ഈ ‘കഞ്ചാവ് മരുന്ന്’. കഞ്ചാവിൽനിന്നു കാൻസറിനു മരുന്നുണ്ടാക്കാം എന്നു പറഞ്ഞാൽ നായകൻ വിശ്വസിക്കേണ്ട കാര്യമുണ്ടോയെന്ന് സിനിമ കണ്ടപ്പോൾ നെറ്റിചുളിച്ചവരും ഉണ്ടാകാം. പക്ഷേ സിനിമിയല്ലേ, എന്തും നടക്കും എന്ന് ആശ്വസിക്കാം. എന്നാൽ അങ്ങനെ നെറ്റിചുളിച്ചവരുണ്ടെങ്കിൽ അവർ ഇപ്പോൾ ശരിക്കും ഒന്നു കണ്ണുമിഴിക്കേണ്ടി വരും. കാരണം കഞ്ചാവിൽനിന്നു കാൻസറിനുള്ള മരുന്നു കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതിനായി ഒരു കഞ്ചാവുതോട്ടം തന്നെ കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ഒരുങ്ങുന്നുമുണ്ട്; അങ്ങ് ജമ്മുവിൽ.
∙ ‘ആത്മനിർഭർ’ കഞ്ചാവ്
വൈദ്യശാസ്ത്രരംഗത്ത് ഇന്ത്യയുടെ നിർണായക ചുവടുവയ്പായാണ് കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയം ‘കഞ്ചാവ് ഗവേഷണ പദ്ധതി’ പ്രഖ്യാപിച്ചത്. ഔഷധനിർമാണത്തിനു വേണ്ടി കഞ്ചാവിനെ ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായാണ് രാജ്യത്ത് ആദ്യമായി സർക്കാർ മേൽനോട്ടത്തിൽ കഞ്ചാവുതോട്ടം ഒരുങ്ങുന്നത്. ജമ്മുവിലെ ഛത്തയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്റെ (ഐഐഐഎം) ഉടമസ്ഥതയിലുള്ള ഒരേക്കർ സംരക്ഷിത മേഖലയിലാണ് തോട്ടമൊരുക്കുന്നത്.
കാനഡയിലുള്ള സ്ഥാപനവുമായി സഹകരിച്ചാണ് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നത്. 2020 ഫെബ്രുവരിയിലാണ് കനേഡിയൻ കമ്പനിയായ ഇൻഡസ് സ്കാനുമായി സിഎസ്ഐആർ– ഐഐഐഎം കരാർ ഒപ്പിട്ടത്. രണ്ടു വർഷത്തിലേറെ നടത്തിയ പരിശ്രമത്തിനു ശേഷമാണ് പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചത്. കരാർ ഒപ്പിട്ടതിനു പിന്നാലെ ഛത്തയിൽ കഞ്ചാവുകൃഷി ആരംഭിച്ചു.
പ്രമേഹം, അർബുദം, നാഡീരോഗം തുടങ്ങിയവയ്ക്ക് കയറ്റുമതി ഗുണനിലവാരമുള്ള വേദനസംഹാരികൾ ഉൽപാദിപ്പിക്കാനാണ് ഇവിടെ കൃഷി ചെയ്യുന്ന കഞ്ചാവ് ഉപയോഗിക്കുക. കഴിഞ്ഞ മാസം അവസാനം ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് ഛത്തയിലെ കഞ്ചാവുതോട്ടം സന്ദർശിച്ചിരുന്നു. പദ്ധതിയുടെ പുരോഗതി കേന്ദ്രമന്ത്രി വിലയിരുത്തി.
ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന ഒരു വസ്തു മനുഷ്യരാശിയുടെ നല്ലതിനു വേണ്ടി പ്രയോജനപ്പെടുത്തുന്ന വലിയ സാധ്യതയാണ് ഈ പദ്ധതിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ. ‘‘ആത്മനിർഭർ ഭാരതിന്റെ ഭാഗമായും പദ്ധതി പ്രധാനപ്പെട്ടതാണ്. ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ ലഹരിമരുന്നു ഉപയോഗം രൂക്ഷമാണ്. ദുരുപയോഗം ചെയ്യുന്ന ഒരു പദാർഥത്തിന് വൈവിധ്യമാർന്ന ഔഷധ ഉപയോഗങ്ങളുണ്ടെന്ന ബോധവൽക്കരണം നടത്താൻ ഈ പദ്ധതി സഹായകമാകും. സിഎസ്ഐആർ– ഐഐഐഎമ്മും കനേഡിയൻ കമ്പനിയായ ഇൻഡസ് സ്കാനും തമ്മിലുള്ള കരാർ ജമ്മു കശ്മീരിനു മാത്രമല്ല, ഇന്ത്യയ്ക്കു മുഴുവൻ നേട്ടമാണ്. ഇത്തരത്തിലുള്ള പദ്ധതി ജമ്മു കശ്മീരിൽ വൻ നിക്ഷേപത്തിന് സാധ്യത തുറക്കും.’’– കേന്ദ്രമന്ത്രി പറഞ്ഞു.
∙ കന്നബിസ് ‘മയം’
കഞ്ചാവ് (കന്നബിസ്), വീഡ്, പോട്ട്, മരിജുവാന തുടങ്ങിയവയെല്ലാം ഒരേ ഗണത്തിൽപ്പെട്ട ചെടികളാണ്. കഞ്ചാവിൽ കുറഞ്ഞത് 120 തരത്തിലുള്ള വിവിധ സൈക്കോ ആക്ടീവ് ഘടകങ്ങൾ അഥവാ കന്നാബിനോയിഡുകൾ അടങ്ങിയിരിക്കുന്നു. കന്നാബിഡിയോൾ (സിബിഡി), ഡെൽറ്റ-9-ടെട്രാഹൈഡ്രോ കന്നാബിനോൾ (ടിഎച്ച്സി) എന്നിവയാണ് ഏറ്റവും കൂടുതലായുള്ളത്.
കന്നാബിനോയിഡുകളിൽനിന്ന് ഘടനാപരമായി വ്യത്യസ്തമായ നിരവധി സംയുക്തങ്ങൾ കഞ്ചാവിൽ അടങ്ങിയിട്ടുണ്ട്. ഇവയ്ക്കും പല ഔഷധഗുണങ്ങളുണ്ട്. പല രാജ്യങ്ങളിലും കഞ്ചാവ് ഇലകളെയോ മറ്റ് അസംസ്കൃത സസ്യവസ്തുക്കളെയോ പരാമർശിക്കുന്നതിനു മെക്സിക്കൻ പദമായ ‘മരിജുവാന’ എന്നാണ് ഉപയോഗിക്കുന്നത്. പരാഗണം നടക്കാത്ത പെൺസസ്യങ്ങളെ ഹഷീഷ് എന്ന് വിളിക്കുന്നു. ഇവയിൽനിന്നു വേർതിരിച്ചെടുക്കുന്നതാണ് കഞ്ചാവ് എണ്ണ (ഹഷീഷ് ഓയിൽ).
ഏറ്റവുമധികം കൃഷിചെയ്യുന്നതും കടത്തുന്നതും ദുരുപയോഗം ചെയ്യുന്നതുമായ ലഹരിമരുന്നാണ് കഞ്ചാവ്. ലോകമെമ്പാടുനിന്നും പിടിച്ചെടുക്കുന്ന ലഹരിമരുന്നിൽ പകുതിയും കഞ്ചാവാണ്. ലോകത്തിൽ ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും കഞ്ചാവു കൃഷിയുണ്ട്. ഏകദേശം 147 ദശലക്ഷം ആളുകൾ, അതായത് ലോക ജനസംഖ്യയുടെ 2.5 ശതമാനം, കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച അഞ്ഞൂറിലധികം കഞ്ചാവ് ഇനങ്ങൾ സിഎസ്ഐആർ– ഐഐഐഎമ്മിലുണ്ടെന്നു ഡയറക്ടർ ഡോ. സബീർ അഹമ്മദ് വ്യക്തമാക്കി. അർബുദം, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നു കണ്ടെത്തുന്നതിന് ഊന്നൽ നൽകി കഞ്ചാവുകൃഷി, ലഹരിമരുന്നു കണ്ടുപിടിത്തം എന്നിവയ്ക്ക് സമ്പൂർണ സാങ്കേതികവിദ്യ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വിവിധ ദിശകളിൽ പ്രവർത്തിക്കുകയാണ്. പദ്ധതിക്കായി പരിപാലിക്കുന്ന കഞ്ചാവു ചെടികളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചു നടത്തിയ അടിസ്ഥാന ഗവേഷണം പൂര്‍ത്തിയായെന്നും തുടർപഠനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
∙ ഭാംഗ് അടിക്കാം!
:
1985ലെ നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് ആണ് കഞ്ചാവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമം. ഇതുപ്രകാരം കഞ്ചാവ് റെസിൻ (ചരസ്), പൂവ് (ഗഞ്ച) എന്നിവയുടെ വിൽപനയും ഉൽപാദനവും പൂർണമായും നിരോധിച്ചിരിക്കുന്നു. എന്നാൽ കഞ്ചാവു ചെടിയുടെ ഇലകളും വിത്തുകളും ഉപയോഗിക്കാൻ അനുവാദമുണ്ട്. എങ്കിലും ഉപഭോഗം, കൈവശംവയ്ക്കൽ, വിൽപന അല്ലെങ്കിൽ വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്ത സംസ്ഥാനങ്ങൾക്ക് അവരുടേതായ നിയമങ്ങളുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പുർ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ശാസ്ത്രീയ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള നയവും നിയമങ്ങളും തയാറാക്കാൻ തുടങ്ങിയിട്ടുണ്ട്.
യുറഗ്വായ്, ജോർജിയ, ദക്ഷിണാഫ്രിക്ക, കാനഡ, മെക്സിക്കോ, മാൾട്ട, തായ്‌ലൻഡ്, ലക്സംബർഗ് എന്നീ രാജ്യങ്ങളാണ് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയത്. യുഎസിൽ ഉൾപ്പെടെ ഇതു നിയമവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. ഫെഡറൽ നിയമപ്രകാരം നിരോധനം നിലവിലുണ്ടെങ്കിലും യുഎസിലെ 15 സംസ്ഥാനങ്ങളിൽ വിനോദാവശ്യങ്ങൾക്കു കഞ്ചാവ് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. മുപ്പതോളം സംസ്ഥാനങ്ങളിൽ മരുന്നായി ഉപയോഗിക്കാം.
ഉത്തർപ്രദേശിൽ ഭാംഗ് ഷാപ്പുകൾക്ക് സർക്കാർ ലൈൻസ് നൽകും. ബിഹാർ, ബംഗാൾ തുടങ്ങിയ ചില സംസ്ഥാനങ്ങളിലും ഭാംഗ് ഉൽപാദനം അനുവദനീയമാണ്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങൾ ഭാംഗിന്റെ ഉൽപാദനം അനുവദിക്കുന്നില്ല. എന്നാൽ ഉൽപാദനം നിയമവിധേയമായ സംസ്ഥാനങ്ങളിൽനിന്നു സംഭരണവും വിൽപനയും അനുവദിക്കുന്നു.
∙ പണവും ‘കായ്ക്കും’
നിലവിൽ ഔഷധനിർമാണത്തിനു വേണ്ടി മാത്രമാണെങ്കിലും കഞ്ചാവിന്റെ ‘ഉപയോഗം’ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം നൽകുമെന്നാണ് വിലയിരുത്തൽ. കഞ്ചാവ് ഉപയോഗിച്ചു നിർമിച്ച മരുന്നിനു പേറ്റന്റ് ലഭിച്ചാൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി അതു മാറും. ഇക്കാര്യം കനേഡിയൻ കമ്പനിയുമായുള്ള കരാർ ഒപ്പിട്ടശേഷം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സൂചിപ്പിക്കുകയും ചെയ്തു. മരുന്നു കമ്പനികൾ സ്ഥാപിച്ചാൽ വിദേശ നിക്ഷേപങ്ങൾ വൻതോതിൽ വന്നേക്കാം. അതും കേന്ദ്ര സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നതാണ്.
ഇന്ത്യയിൽ, കഞ്ചാവ് നിയമവിധേയമാക്കുന്നത് വർഷങ്ങളായി ചർച്ചാവിഷയമാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സമ്മർദത്തെ തുടർന്നാണ് ഇന്ത്യയിൽ 1980 കളിൽ കഞ്ചാവു നിരോധിച്ചത്. എന്നാൽ ഇപ്പോൾ യുഎസിൽ ഉൾപ്പെടെ കഞ്ചാവ് നിയമവിധേയമാക്കാനുള്ള ഒരുക്കത്തിലാണ്. രാസലഹരി ഉപഭോഗം വർധിച്ചതോടെ, പ്രകൃതിദത്ത ലഹരിവസ്തുക്കൾ നിയമവിധേയമാക്കിയാൽ അപകടം കുറയ്ക്കാമെന്ന് ചില ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
കഞ്ചാവ് ഉൾപ്പടെയുള്ള പ്രകൃതിദത്ത ലഹരിവസ്തുക്കൾ നിയമവിധേയമാക്കണമെന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഉൾപ്പെടെയുള്ളവരും അഭിപ്രായപ്പെട്ടിരുന്നു. ‘‘ലഹരി ഒഴുക്ക് നിയന്ത്രിക്കാന്‍ പൊലീസിനെക്കൊണ്ടു മാത്രം സാധിക്കില്ല. അതുകൊണ്ടുതന്നെ കഞ്ചാവ് ഉൾപ്പടെയുള്ള പ്രകൃതിദത്ത ലഹരിവസ്തുക്കൾ നിയമവിധേയമാക്കണം. അതു നിയന്ത്രിത അളവിൽ ലഭ്യമാക്കാൻ സർക്കാരുകൾ നടപടിയെടുക്കണം.’’ രാസലഹരിക്കെതിരെ ശക്തമായ നടപടിവേണമെന്നും തച്ചങ്കരി പറഞ്ഞു.
കഞ്ചാവ് ഉൽപന്നങ്ങളുടെ വിൽപനയിലൂടെ ഒരു വർഷം അഞ്ഞൂറു കോടിയോളം ഡോളറാണ് രാജ്യാന്തര വിപണിയിൽ കൈമാറ്റം ചെയ്യുന്നത്. എന്നാൽ ഇതിൽ ഇന്ത്യയുടെ സംഭാവന 0.001 ശതമാനം മാത്രമാണ്. 1985 ലെ എൻഡിപിഎ ആക്ടാണ് ഈ വിപണിയിൽനിന്നു നേട്ടം കൊയ്യുന്നതിൽനിന്ന് ഇന്ത്യയെ തടയുന്നത്. 2027 ഓടെ ലോക കഞ്ചാവ് വിപണി 1500 കോടിയിലേറെ ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നതിനാൽ രാജ്യത്തെ നിയന്ത്രണങ്ങൾ ഇന്ത്യയുടെ സാമ്പത്തിക നേട്ടങ്ങൾക്ക് തടസ്സമാണ്.
ഇന്ത്യയിൽ മൂന്നു കോടിയിലധികം ആളുകൾ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2018 ൽ ന്യൂഡൽഹിയിലും മുംബൈയിലും യഥാക്രമം 38.26 മെട്രിക് ടൺ, 32.38 മെട്രിക് ടൺ വീതം കഞ്ചാവ് ഉപയോഗിച്ചതായി ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. കഞ്ചാവിനു നികുതി ചുമത്തിയാൽ ഡൽഹിയിൽ മാത്രം 725 കോടി രൂപയും മുംബൈയിൽ 641 കോടി രൂപയും ഇങ്ങനെ സമാഹരിക്കാമെന്നാണ് കണക്ക്. കഞ്ചാവ് ചെടിയിൽ ‘കായ്ക്കുന്ന’ ഈ പണം നോട്ടം വച്ച് കേന്ദ്ര സർക്കാർ ഇതു നിയമവിധേയമാക്കുമോയെന്ന് അറിയാൻ കാത്തിരിക്കുക തന്നെ വേണം.
English Summary: All You Want to Know About India's first Cannabis Medicine Project