വന്ദന ദാസിന്റെ ഡിഗ്രി ഏറ്റുവാങ്ങി മാതാപിതാക്കൾ, വിതുമ്പിക്കരഞ്ഞ് അമ്മ
Mail This Article
തൃശൂർ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് ആരോഗ്യ സർവകലാശാല മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും ബിരുദ സർട്ടിഫിക്കറ്റ് മാതാപിതാക്കൾ ഏറ്റുവാങ്ങി. വികാരനിർഭരമായിരുന്ന ചടങ്ങ്. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലർച്ചെ വന്ദന കുത്തേറ്റു മരിച്ചത്.
അതേസമയം വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. പരമാവധി തെളിവുകൾ ശേഖരിച്ച് 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം. പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന് എതിരെയുള്ളത്‍.
കൊലപാതകം (302), കൊലപാതകശ്രമം (307), തെളിവു നശിപ്പിക്കൽ (201), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ (506-2), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസ്സം സൃഷ്ടിക്കൽ (341), ആക്രമിച്ച് പരുക്കേൽപിക്കൽ (323), ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ (332),(333), പൊതു സേവകരെ ആക്രമിക്കൽ (353) എന്നിവയ്ക്ക് പുറമേ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവ ദിവസം പുലർച്ചെ നാലര മുതൽ അര മണിക്കൂറോളം സന്ദീപ് ആശുപത്രിയിൽ നടത്തിയ ആക്രമണങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് തെളിവുകളിൽ പ്രധാനമായി റിപ്പോർട്ടിലുള്ളത്.
English Summary: Parents received MBBS degree of of Vandana Das