പ്രദക്ഷിണത്തിനിടെ ആയുധം കരുതിയത് പൂജയുടെ ഭാഗമായി, ആക്രമിക്കാനല്ല: ബിട്ടു ബജ്‌റംഗി
Mail This Article
ന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിൽ അക്രമത്തിനിടയാക്കിയ പ്രദക്ഷിണത്തിൽ പങ്കെടുത്ത ചിലർ ആയുധം കരുതിയിരുന്നതായി ഗോസംരക്ഷകൻ ബിട്ടു ബജ്‌റംഗി. എന്നാൽ വിശ്വാസത്തിന്റെ ഭാഗമായാണ് ആയുധങ്ങൾ കരുതിയിരുന്നതെന്നും ബിട്ടു പറഞ്ഞു.
‘‘കുട്ടികൾക്കും സ്ത്രീകൾക്കുമൊപ്പാണ് പ്രദക്ഷിണം നടത്തിയത്. അതിനാൽ ഞങ്ങൾ ആക്രമണമുണ്ടാക്കുമെന്നാണോ കരുതുന്നത്. എല്ലാ വർഷവും സമാധാനപൂർവം നടത്തുന്ന പ്രദക്ഷിണമാണ്. പ്രാർഥനകൾക്കുശേഷം മടങ്ങിവരുമ്പോൾ ഒരു ബസ് കത്തുന്നതായാണ് കാണുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തിരിച്ചു ക്ഷേത്രത്തിലേക്കു പോകുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ ഞങ്ങൾ ആശങ്കാകുലരായിരുന്നു. റാലിയിൽ ആരെങ്കിലും തോക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിൽ അത് ലൈസൻസ് ഉള്ളതാണ്. പൂജയുടെ ഭാഗമായാണ് വാളുകൾ കൊണ്ടുവന്നത്, ആരെയും ആക്രമിക്കാനല്ല. വളരെ കുറച്ച് ആളുകളുടെ കയ്യിൽ മാത്രമേ വാൾ ഉണ്ടായിരുന്നുള്ളു’’– ബിട്ടു പറഞ്ഞു.
അതേസമയം, പ്രദക്ഷിണത്തിനിടയിലും പ്രകോപനം ഉണ്ടായിരുന്നുവെന്ന് ഗുരുഗ്രാം ബിജെപി എംപി റാവു ഇന്ദ്രജിത്ത് സിങ് പറഞ്ഞു. പ്രദക്ഷിണം നടക്കുമ്പോൾ ആയുധങ്ങൾ കരുതാൻ ആരാണ് അവർക്ക് അനുവാദം നൽകിയത്. ഇത് തെറ്റാണ്. ഇവരുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി. ഇരുഭാഗത്തുനിന്നും പ്രകോപനമുണ്ടായതോടെയാണ് അക്രമം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദർശിച്ച റാവു ഇരുവിഭാഗങ്ങളുടെ കയ്യിലും ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് സംസ്ഥാന സർക്കാർ നീട്ടി. ഈ മാസം അഞ്ച് വരെ വിലക്ക് തുടരുമെന്നാണ് അറിയിപ്പ്. കലാപം ശക്തമായ നൂഹ്, ഫരീദാബാദ്, പൽവാൽ, സോഹ്ന, പട്ടൗഡി, മനേസർ എന്നിവിടങ്ങളിലാണു വിലക്ക് തുടരുക.
ആറ് പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടു. 116 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
English Summary: Haryana Nuh Violence; Swords were for worship: Bittu Bajrangi