ADVERTISEMENT

ശ്രീഹരിക്കോട്ട∙ രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതികമേഖലയ്ക്കു കീർത്തിയുടെ അനശ്വരമുദ്ര ചാർത്തുന്നതിനുള്ള ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായി ഐഎസ്ആർഒ (ഇസ്റോ) സ്ഥിരീകരിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി ഇസ്‌റോ വ്യക്തമാക്കി. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.

പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ 29 മിനിറ്റ് ജ്വലിപ്പിച്ചാണ് ചന്ദ്രയാൻ 3ന്റെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം പൂർത്തിയാക്കിയത്. ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി പേടകത്തെ ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ഞായറാഴ്ച രാത്രി 11നാണ് ആദ്യ ഭ്രമണപഥം താഴ്ത്തൽ. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ടു ഭാഗവും പേടകം ഇതിനകം പിന്നിട്ടു കഴിഞ്ഞു.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. തുടർന്ന് ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറക്കാൻ ഉദ്ദേശിക്കുന്നത്. 5 ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലൂടെ സഞ്ചരിച്ചാണ് ചന്ദ്രയാൻ 3 ചാന്ദ്ര ഭ്രമണപഥത്തിലേക്ക് കടന്നത്.

17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയര്‍ത്തിയാണ് ഭൂഗുരുത്വ വലയത്തില്‍നിന്ന് പുറത്തു കടന്നത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

English Summary: Chandrayaan-3 enters Lunar orbit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com