സുരക്ഷാ സേനയുമായി സംഘർഷം: മണിപ്പുരിൽ 3 പേർ വെടിയേറ്റു മരിച്ചു, വീടുകൾക്ക് തീവച്ചു
Mail This Article
ഇംഫാൽ∙ മണിപ്പുരിലെ ബിഷ്ണുപുർ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. ക്വാക്ത മേഖലയില്‍ പുലർച്ചെ 2 മണിയോടെയുണ്ടായ ഏറ്റുമുട്ടലിൽ മെയ്തെയ് വിഭാഗക്കാരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരുടെ നിരവധി വീടുകൾ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികൾക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ 17 പേർക്ക് പരുക്കേറ്റിരുന്നു. ഇതിനെത്തുടർന്ന് നിരോധനാജ്ഞയിൽ നൽകിയ ഇളവുകൾ റദ്ദാക്കി.
മൂന്നുമാസമായി തുടരുന്ന മണിപ്പുർ കലാപത്തിൽ ഇതുവരെ 160ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മേയ് 3ന് മെയ്തെയ് വിഭാഗക്കാർക്കു സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ റാലിയോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്.
English Summary: Heavy firing after 3 dead in fresh violence in Manipur’s Bishnupur, houses burnt