നിതിൻ ദേശായിയുടെ മരണം: എഡൽവെയ്സ് ഗ്രൂപ്പ് ചെയർമാൻ ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തു
Mail This Article
മുംബൈ∙ പ്രമുഖ കലാസംവിധായകന്‍ നിതിൻ ദേശായിയുടെ മരണത്തിൽ ധനകാര്യ സ്ഥാപനമായ എഡൽവെയ്സ് ഗ്രൂപ്പിലെ അഞ്ച് പേർക്കെതിരെ റായ്ഗഡ് പൊലീസ് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തു. കമ്പനി ചെയർമാൻ രാകേഷ് ഷാ, കെവർ മേത്ത, സ്മിത് ഷാ, ആർ.കെ. ബൻസാൽ, ജിതേന്ദ്ര കോത്രി എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ദേശായിയുടെ ഭാര്യ നേഹ ദേശായിയുടെ പരാതിയിൽ ഐപിസി സെക്‌ഷൻ 306, 34 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സ്റ്റുഡിയോ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നതിനിടെയാണ് എഡൽവെയ്സ് ദേശായിക്ക് വൻതുക വായ്പാ വാഗ്ദാനവുമായി വന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ബിസിനസ് തകരുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തതോടെ കമ്പനി ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചതായി ദേശായിയുടെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് 2നാണ് നിതിൻ ദേശായിയെ തൂങ്ങിമരിച്ച നിലയിൽ സ്വന്തം സ്റ്റുഡിയോയിൽ കണ്ടെത്തിയത്. 252 കോടി രൂപയുടെ കടബാധ്യയുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരിക്കുന്നതിനു മുൻപ് റെക്കോർഡ് ചെയ്ത ഓഡിയോയിൽ പേര് പരാമർശിക്കുന്നവരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. അതേസമയം വായ്പാ തിരിച്ചടവിന്റെ പേരിൽ ദേശായിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എഡൽവെയ്സ് ഗ്രൂപ്പ് പ്രതികരിച്ചു.
English Summary: Nitin Desai Suicide: FIR Against Edelweiss Group Chairman, 4 Others