വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു; വെടിയുണ്ടകളേറ്റിട്ടും തളരാത്ത പോരാളി
Mail This Article
ഹൈദരാബാദ് ∙ വിപ്ലവത്തിന്റെ തീപ്പൊരി ചിതറിച്ച ഗായകനും ആക്ടിവിസ്റ്റുമായ ഗദ്ദർ എന്ന ഗുമ്മുഡി വിറ്റൽ റാവു (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1948ൽ ഹൈദരാബാദിലെ തൂപ്രാനിലാണ് ജനനം.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്–ലെനിനിസ്റ്റ്) അംഗമായിരുന്ന ഗദ്ദർ ഇതിന്റെ സാംസ്കാരിക സംഘടനയായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനാണ്. 2010 വരെ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ചു. ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള പോരാട്ടം 13 വർഷം നീണ്ടപ്പോൾ തന്റെ ഗാനങ്ങളിലൂടെ ജനമനസ്സുകളിൽ പുതിയ സംസ്ഥാനമെന്ന വികാരം ഗദ്ദർ നിറച്ചിരുന്നു.
ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നു കഴിഞ്ഞമാസമാണു പ്രഖ്യാപിച്ചത്. 1997 ഏപ്രിലിൽ ഗദ്ദറിനു നേരെ അജ്ഞാതര്‍ വെടിയുതിർത്തിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഗദ്ദറിനെ ഭാര്യയും മകനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആറു ബുള്ളറ്റുകൾ ശരീരത്തിൽ തുളച്ചുകയറി. അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലിൽ തറച്ച ഒരു ബുള്ളറ്റുമായി ആയിരുന്നു ഗദ്ദറിന്റെ പിന്നീടുള്ള ജീവിതം.
English Summary: Revolutionary Singer Gaddar died