ADVERTISEMENT

മാവേലിക്കര (ആലപ്പുഴ)∙ കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണത്തിൽ വ്യക്തതയില്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ വന്ന ശേഷമെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. കാറിന്റെ എൻജിൻ കാബിൻ ഭാഗത്തു തകരാർ കണ്ടെത്തിയിട്ടില്ലെന്നും വാഹനം പരിശോധിച്ച മോട്ടർ വാഹന ഉദ്യോഗസ്ഥർ പറഞ്ഞു.

‘‘വിശദമായ പരിശോധനയ്ക്കു ശേഷമെ കൃത്യമായ വിവരം പറയാൻ സാധിക്കൂ. 2017 മോഡൽ വാഹനമായതിനാൽ തന്നെ കാലപ്പഴക്കം കൊണ്ടാകാൻ സാധ്യതയില്ല. ഇലക്ട്രിക് സിസ്റ്റത്തിൽ ഉൾപ്പെടെ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോയെന്നു പരിശോധിക്കണം.’’– എംവിഡി ഉദ്യോഗസ്ഥൻ പറഞ്ഞു.

പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12.45ന് ആണു സംഭവം. കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന കൃഷ്ണ പ്രകാശ്, പതിവുപോലെ കടയടച്ച ശേഷം വീട്ടിലേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ കാറില്‍ തീ പടരുകയായിരുന്നു.

അവിവാഹിതനായ കൃഷ്ണ പ്രകാശ് സഹോദരൻ ശിവപ്രകാശിനൊപ്പമായിരുന്നു താമസം. വീടിന്റെ വാതിലും ഗേറ്റും തുറന്നിടുന്നതായിരുന്നു പതിവെന്ന് അയൽവാസികൾ പറയുന്നു. കാറിന് സമീപത്തേക്ക് എത്താന്‍ കഴിയാത്ത തരത്തില്‍ തീ പടര്‍ന്നത് കണ്ടതോടെ നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു.

അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കൃഷ്ണ പ്രകാശിനെ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സമീപം നിന്നിരുന്ന മരങ്ങളിലേക്ക് ഉൾപ്പെടെ ചെറിയ രീതിയിൽ തീപടർന്നു.

English Summary: Mavelikkara Car Fire Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com