ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്: ലോകായുക്ത ഉത്തരവിനെതിരായ പുനഃപരിശോധന ഹർജി തള്ളി
Mail This Article
കൊച്ചി ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന പരാതി, ലോകായുക്ത ഡിവിഷൻ ബെഞ്ച് മൂന്നംഗ ബെഞ്ചിനു വിട്ടതു ശരിവച്ച മുൻ ഉത്തരവു പുനഃപരിശോധിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ലോകായുക്തയിലെ പരാതിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ആർ.എസ്. ശശികുമാർ നൽകിയ റിവ്യൂ ഹർജി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി.
കേസ് ഫുൾ ബെഞ്ചിന് വിട്ടതിനെതിരെയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. എല്ലാ കക്ഷികൾക്കും ലോകായുക്തയ്ക്ക് മുന്നിൽ വാദം അവതരിപ്പിക്കാൻ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹർജിയിൽ ഇടപെടാൻ മതിയായ കാരണങ്ങളില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ദുരിതാശ്വാസ നിധിയിൽനിന്ന് അനർഹർക്ക് പണം നൽകിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയാണ് പരാതി. പരാതി വിശദമായി പരിഗണിക്കാൻ ഫുൾ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്.
English Summary: CMDRF fund diversion case: High court dismissed review petition against Lokayukta order