രാഹുൽ ഫ്ലയിങ് കിസ് നൽകുന്നത് കണ്ടില്ലെന്ന് ഹേമ മാലിനി; എങ്കിലും പരാതിയിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ശ്രീനിവാസ്
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിൽ രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കുനേരെ ഫ്ലയിങ് കിസ് നൽകുന്നത് താൻ കണ്ടിട്ടില്ലെന്ന് ബിജെപി എംപി ഹേമ മാലിനി. പാർലമെന്റിൽ രാഹുലിനെതിരെ പരാതി നൽകിയതിനു പിന്നാലെ സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിലാണ് ഹേമ ഇക്കാര്യം വ്യക്തമാക്കിയത്. താൻ അത് കണ്ടിട്ടില്ലെന്നും ചില വാക്കുകൾ ശരിയായിരുന്നില്ലെന്നും ഹേമ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സംഭവം കണ്ടില്ലെങ്കിലും രാഹുലിനെതിരെ പരാതി നൽകിയവരുടെ കൂട്ടത്തിൽ ഹേമയും ഒപ്പുവച്ചിട്ടുണ്ടെന്ന് യൂത്ത് കോൺ്ഗ്രസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി പുതിയ വിവാദവുമായി രംഗത്തുവന്നതെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം പ്രതികരിച്ചു. മണിപ്പുരിലെ കെടുകാര്യസ്ഥതയെ കുറിച്ച് രാഹുൽ നിരവധി ചോദ്യങ്ങളുന്നയിച്ചു. എന്നാൽ അതിൽ ഒന്നിനുപോലും ഉത്തരം നൽകാൻ ബിജെപി തയാറായില്ലെന്നും കാർത്തി ചൂണ്ടിക്കാണിച്ചു.
ബുധനാഴ്ചയാണ് ബിജെപി എംപി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ വനിതാ എംപിമാർ രാഹുലിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കാണ് ഇവർ പരാതി നൽകിയത്. രാഹുലിന്റെ പെരുമാറ്റം സ്ത്രീവിരുദ്ധമാണന്നും സഭയ്ക്ക് കളങ്കം വരുത്തുന്നതാണെന്നും പരാതിക്കാർ ആരോപിച്ചു.
English Summary: ‘Couldn’t see that': Hema Malini on Rahul Gandhi's ‘flying kiss’ in video