ADVERTISEMENT

ന്യൂഡൽഹി∙ മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ഇടപെട്ടിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ മറുപടി നൽകവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

‘‘പുലർച്ചെ നാലിനും ആറരയ്ക്കുമെല്ലാം മോദി എന്നെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ മോദി മണിപ്പുരിനെക്കുറിച്ച് ആശങ്കാകുലനല്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസം 24 മണിക്കൂറും മണിപ്പുരിനുവേണ്ടി ഞങ്ങൾ പ്രവർത്തിച്ചു. 16 വിഡിയോ കോൺഫറൻസ് ചേർന്നു. അടിയന്തരമായി എയർഫോഴ്സ് വിമാനത്തിൽ 36,000 കേന്ദ്ര സേനയെ അയച്ചു. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും മാറ്റി. സൂറത്തിൽനിന്നും ഉപദേശകനെ അയച്ചു. മേയ് നാലിനുള്ളിലാണ് ഇക്കാര്യങ്ങൾ എല്ലാം ചെയ്തത്.

‘‘രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രശ്നമുണ്ടാകുമ്പോൾ സംസ്ഥാന സർക്കാർ കേന്ദ്രവുമായി സഹകരിക്കാതിരിക്കുന്ന സാഹചര്യത്തിലാണു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. എന്നാൽ സംസ്ഥാന സർക്കാർ കേന്ദ്രവുമായി പൂർണമായും സഹകരിച്ചു. ഡിജിപിയെയും ചീഫ് സെക്രട്ടറിയേയും മാറ്റിയപ്പോൾ സംസ്ഥാന സർക്കാർ അതിനോടെല്ലാം അനുകൂലിച്ചു. സഹകരിക്കാതിരിക്കുന്ന സാഹചര്യമുണ്ടെങ്കിലേ മുഖ്യമന്ത്രിയെ മാറ്റേണ്ടതുള്ളു. എന്നാൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് കേന്ദ്രത്തോടു നല്ല സഹകരണം പുലർത്തുന്നുണ്ട്. 

ജനങ്ങൾക്കു മോദിയിൽ പൂർണവിശ്വാസമാണ്. മോദി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ്. മോദി കൊണ്ടുവന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ നാഴികക്കല്ലായ 50 തീരുമാനങ്ങളെടുക്കാൻ മോദി സർക്കാരിനായി. സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണ് മോദി.’’ – അമിത് ഷാ പറഞ്ഞു.

രാഹുൽ ഗാന്ധി മണിപ്പുരിൽ പോയത് രാഷ്ട്രീയം കളിക്കാനാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഹെലികോപ്റ്ററിൽ പോകാൻ നിർദേശിച്ചപ്പോൾ റോഡ് വഴി പോകുമെന്നു നിർബന്ധം പിടിച്ചു. അടുത്ത ദിവസം ഹെലികോപ്റ്ററിൽത്തന്നെ പോവുകയും ചെയ്തു. 13 തവണ രാഷ്ട്രീയ ലോഞ്ചിങ് നടത്തി 13 തവണയും തോറ്റ നേതാവിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും പറഞ്ഞു.   

English Summary: Discussion on the Manipur crisis; Amit Shah's speech

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com