‘ആരുടെയും മകളുടെയോ മകന്റെയോ പേരു പറഞ്ഞിട്ടില്ല; കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യുന്നു’
Mail This Article
തിരുവനന്തപുരം∙ ബില്ലിന്റെ ചർച്ചയ്ക്കിടെ തന്റെ പ്രസ്താവനയ്ക്കെതിരെ സ്പീക്കർ റൂളിങ് നടത്തിയതിൽ പ്രതികരണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രിക്കും മകൾക്കും എതിരെ ആരോപണമുന്നയിക്കുമെന്ന ആശങ്ക കാരണമാണ് പ്രസംഗം തടസ്സപ്പെടുത്തിയതെന്ന് കുഴൽനാടൻ മാധ്യമങ്ങളോടു പറഞ്ഞു. ആർക്കെതിരെയും ആരോപണം ഉന്നയിച്ചിട്ടില്ല. ആരുടെയും മകളുടെയോ മകന്റെയോ പേരു പറഞ്ഞിട്ടില്ല.
ഇന്നലെ കേരളം കേട്ട വലിയ വാർത്തയിൽ ശ്രദ്ധ ക്ഷണിച്ചപ്പോൾ തന്നെ പ്രസംഗത്തെ തടസ്സപ്പെടുത്തി. പ്രസംഗം നടത്താൻ സമ്മതിക്കാതെ ഭരണപക്ഷം ബഹളംവച്ചു. ആരെയും വ്യക്തിപരമായ അധിക്ഷേപിക്കാൻ ശ്രമിച്ചില്ല എന്നെ ജനം തിരഞ്ഞെടുത്തത് സാമാന്യ ജനങ്ങളുടെ കാര്യങ്ങൾ സഭയിൽ പറയാനാണ്. അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ സംഭവമാണ് ഉണ്ടായതെന്നും കുഴൽനാടൻ പറഞ്ഞു.
‘ആർക്കെങ്കിലും അഴിമതി ആരോപണം ഉന്നയിക്കണമെങ്കിൽ നേരത്തെ എഴുതി കൊടുക്കണം. ഞാൻ എഴുതി കൊടുത്തിരുന്നില്ല. ആർക്കുമെതിരെ വ്യക്തിപരമായി ഒന്നും ഉന്നയിക്കാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ഞാൻ ആരുടെയും പേരു പരാമർശിച്ചിട്ടില്ല. ആരുടെയെങ്കിലും മകളുടെ പേരോ പരാമർശിച്ചിട്ടില്ല. ഇപ്പോൾ വന്ന് വന്ന് നിയമസഭയിലോ സംസ്ഥാനത്തോ ഒരു എംഎൽഎയ്ക്കു പോലും മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ സാധിക്കാത്ത രീതിയിൽ കേരളത്തിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്.’’– മാത്യു കുഴൽനാടൻ പറഞ്ഞു.
English Summary: Mathew Kuzhalnadan on Ruling of Speaker