‘പേപ്പർ കാണിക്കൂ’: വ്യാജ ഒപ്പ് ആരോപണം തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിച്ച് രാഘവ് ഛദ്ദ
Mail This Article
ന്യൂഡൽഹി∙ രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്ന ആരോപണത്തിൽ ബിജെപിക്കെതിരെ ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദ. വ്യാജ ഒപ്പിട്ടെന്നു പറയുന്ന പേപ്പർ കാണിക്കാന്‍ അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചു.
‘‘റൂൾ ബുക്ക് അനുസരിച്ച് ഒപ്പ് ആവശ്യമില്ല. അതുകൊണ്ട് അവർ വ്യാജ ഒപ്പിട്ടതായി അവകാശപ്പെടുന്ന പേപ്പർ കാണിക്കാൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു. സെലക്ട് കമ്മിറ്റിയിലേക്ക് പേര് നിർദ്ദേശിച്ചിട്ടുള്ള അംഗത്തിന്റെ ഒപ്പോ രേഖാമൂലമുള്ള സമ്മതമോ ആവശ്യമില്ലെന്ന് രാജ്യസഭാ റൂൾ ബുക്കിൽ പറയുന്നുണ്ട്’’– അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയതു പോലെ എഎപി നേതാവ് രാഘവ് ഛദ്ദയുടെ രാജ്യസഭാ അംഗത്വം റദ്ദാക്കാൻ ബിജെപി സർക്കാർ ആഗ്രഹിക്കുന്നുവെന്ന് എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.
ഡൽഹി ഭരണ നിയന്ത്രണ ബിൽ പരിശോധിക്കാൻ ഒരു സെലക്ട് കമ്മിറ്റിയെ രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. അതിലേക്ക് എംപിമാരായ സസ്മിത് പത്ര (ബിജു ജനതാദൾ), എസ്.ഫാങ്നോൺ കൊന്യാക് (ബിജെപി), നർഹരി അമിൻ (ബിജെപി), സുധാംശു ത്രിവേദി (ബിജെപി), എം.തമ്പിദുരൈ (എഐഎഡിഎംകെ) എന്നിവരുടെ പേരാണ് നിർദേശിച്ചിരുന്നത്.
എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണ് തങ്ങളുടെ പേരുകൾ സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് എംപിമാർ ആരോപിച്ചു. തുടർന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ എംപിമാരുടെ പരാതി, പരിശോധിക്കാനും അന്വേഷിക്കാനുമായി പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി.
തിങ്കളാഴ്ച ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം ഉന്നയിച്ചിരുന്നു. എങ്ങനെയാണ് ഒപ്പു വന്നതെന്ന് അന്വേഷിക്കേണ്ട വിഷയമാണെന്ന് അമിത് ഷാ പറഞ്ഞു.
English Summary: Raghav Chadha hits back at BJP over 'forged signatures ' allegation