വ്യാജ ഒപ്പ് ആരോപണം; എഎപി എംപി രാഘവ് ഛദ്ദക്ക് സസ്‌പെൻഷൻ
Mail This Article
ന്യൂഡൽഹി∙ ആം ആദ്‌മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്‍പെൻഡ് ചെയ്തു. രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ് ഒപ്പ് ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് സസ്‌പെൻഷൻ.രാജ്യസഭാ പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്‌പെൻഷൻ.
ഡൽഹി ഭരണ നിയന്ത്രണ ബിൽ പരിശോധിക്കാൻ സെലക്‌ട് കമ്മിറ്റിയെ രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. അതിലേക്ക് എംപിമാരായ സസ്‌മിത് പത്ര (ബിജു ജനതാദൾ), എസ്.ഫാങ്‌നോൺ കൊന്യാക് (ബിജെപി), നർഹരി അമിൻ (ബിജെപി), സുധാംശു ത്രിവേദി (ബിജെപി), എം.തമ്പിദുരൈ (എഐഎഡിഎംകെ) എന്നിവരുടെ പേരാണ് നിർദേശിച്ചിരുന്നത്. എന്നാൽ, തങ്ങളുടെ സമ്മതിമില്ലാതെയാണ് തങ്ങളുടെ പേരുകൾ സെലക്‌ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് എംപിമാർ ആരോപിച്ചിരുന്നു തുടർന്ന് രാജ്യസഭാ ചെയർമാൻ ജഗ്‌ദീപ് ധൻഖർ എംപിമാരുടെ പരാതി പരിശോധിക്കാനും അന്വേഷിക്കാനുമായി പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറി. ഇതിൽ കഴിഞ്ഞ ദിവസം വ്യാജ ഒപ്പിട്ടെന്നു പറയുന്ന പേപ്പർ കാണിക്കാൻ അദ്ദേഹം ബിജെപിയെ വെല്ലുവിളിച്ചിരുന്നു.
‘‘റൂൾ ബുക്ക് അനുസരിച്ച് ഒപ്പ് ആവശ്യമില്ല. അതുകൊണ്ട് അവർ വ്യാജ ഒപ്പിട്ടതായി അവകാശപ്പെടുന്ന പേപ്പർ കാണിക്കാൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുകയാണ്. സെലക്‌ട് കമ്മിറ്റിയിലേക്ക് പേര് നിർദ്ദേശിച്ചിട്ടുള്ള അംഗത്തിന്റെ ഒപ്പോ രേഖാമൂലമുള്ള സമ്മതമോ ആവശ്യമില്ലെന്ന് രാജ്യസഭാ റൂൾ ബുക്കിൽ പറയുന്നുണ്ട്’’– എന്നാണ് രാഘവ് ഛദ്ദ രാജ്യസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ. എഎപി എംപി സഞ്ജയ് സിങ്ങിന്റെ സസ്‌പെൻഷൻ കാലാവധിയും പ്രവിലേജ് കമ്മിറ്റി തീരുമാനമെടുക്കുന്നത് വരെ നീട്ടിയിട്ടുണ്ട്.
English Summary: Raghav Chadha Suspended From Rajya Sabha