ADVERTISEMENT

മഴക്കാലത്ത് ആരെങ്കിലും ഐസ്ക്രീം കഴിക്കുമോ? ‘കർക്കടകച്ചൂടി’നൊപ്പം തിരഞ്ഞെടുപ്പുചൂടും വന്നതോടെ പുതുപ്പള്ളിയിലെ താരമാണു പുട്ട് ഐസ്ക്രീം. സമൂഹമാധ്യമങ്ങളിൽ നേരത്തേ ഹിറ്റായ പുട്ട് ഐസ്ക്രീം പുതുപ്പള്ളി കവലയിലെ ബസ് സ്റ്റോപ്പിലുള്ള ചെറിയ കടയിലുമുണ്ട്. കോൺഫ്ലേക്സും അണ്ടിപ്പരിപ്പും മുന്തിരിയും ടൂട്ടി ഫ്രൂട്ടിയും സ്ട്രോബെറി– കാരമൽ സോസുകളും ഐസ്ക്രീമുകളും മാറിമാറി നിറച്ച് തണുപ്പിൽ ‘പുഴുങ്ങി’ എടുക്കുന്ന മധുരപ്പുട്ട്! രണ്ടുപേർക്ക് വയറുനിറയെ കഴിക്കാം. കുറ്റിയിൽനിന്നു പല നിറത്തിലും രുചിയിലും തള്ളിപ്പുറത്തിടുന്ന പുട്ട് ഐസ്ക്രീം പോലെ, സെപ്റ്റംബർ എട്ടിനു വോട്ടുപെട്ടി തുറക്കുമ്പോൾ ആരാകും മധുരം നുണയുക? ഉപതിരഞ്ഞെടുപ്പിന്റെ ആവേശം മണ്ഡലമാകെ നിറയുമ്പോൾ ജനം നിലപാട് വ്യക്തമാക്കുകയാണ്. മണ്ഡലത്തിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയ ‘മനോരമ ഓൺലൈനോട്’ സമൂഹത്തിന്റെ വിവിധ തുറകളിലെ വോട്ടർമാർ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് ആശ്വസിക്കാനും ആശങ്കപ്പെടാനുമുള്ള സൂചനകളുണ്ട്.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ കാണാനെത്തിയവർ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ കാണാനെത്തിയവർ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

53 വർഷത്തെ ഉമ്മൻ ചാണ്ടിയുടെ തുടർച്ചയ്ക്കുശേഷം പുതുപ്പള്ളി മണ്ഡലത്തിനു പുതിയൊരു നാഥനെത്തുകയാണ്. ജീവിച്ചിരുന്നതിനെക്കാൾ ജനകീയനായി രാഷ്ട്രീയ കേരളത്തെ അദ്ഭുതപ്പെടുത്തിയ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരാകും? മകൻ ചാണ്ടി ഉമ്മൻ യുഡിഎഫിനായും ജെയ്ക് സി.തോമസ് എൽഡിഎഫിനായും അണിനിരന്നുകഴിഞ്ഞു. ആരെ ജയിപ്പിക്കുമെന്നതിൽ ജനത്തിന്റെ മനസ്സിൽ ഉത്തരം റെഡിയാണ്, പലരും തുറന്നുപറയുന്നു. മാറിച്ചിന്തിക്കേണ്ട സമയമായെന്നു പറയുന്നവരുമേറെ. വോട്ടർമാരുടെ മനമറിയാനുള്ള യാത്രയിൽ ആദ്യം പോയത് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കാണ്. വിശ്രമമില്ലാതിരുന്ന, ചുറ്റിലും ആൾക്കൂട്ടമുണ്ടായിരുന്ന കുഞ്ഞൂഞ്ഞ്, വെള്ളപ്പൂക്കളുടെ പുതപ്പിനു താഴെ ശാന്തമായ ഉറക്കത്തിലാണ്. മുന്നിലെ സ്റ്റാൻഡിൽ പല വർണങ്ങളിൽ മെഴുകുതിരികൾ എരിയുന്നു. തിരുവന്തപുരത്തുനിന്നും വൈക്കത്തുനിന്നും എത്തിയ സംഘങ്ങൾ കല്ലറയിൽ വണങ്ങി. ഒറ്റയ്ക്കും കൂട്ടായും സെൽഫികൾ പകർത്തി.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

പുതുപ്പള്ളിക്കാരേക്കാൾ പുറത്തുള്ളവരാണു കൂടുതലായി എത്തുന്നത്. നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിവരുന്നവർ. ട്രാവൽ ഏജൻസികളുടെ പാക്കേജ് യാത്രയിൽ എത്തിയവരും സ്വന്തം വാഹനങ്ങളിൽ വന്നവരുമുണ്ട്. അവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. പാവങ്ങളും പണക്കാരുമുണ്ട്. കല്ലറയിൽനിന്നു ഫോട്ടോയെടുക്കാൻ ചെറുപ്പക്കാരും തിക്കിത്തിരക്കുന്നു. ചിലർ കൈകൂപ്പി പ്രാർഥിച്ചു. മറ്റു ചിലർ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ നോക്കിനിന്നു. കുറെപ്പേർ നിശബ്ദരായി, ചിലരുടെ കണ്ണുകൾ നിറഞ്ഞു. ഉമ്മൻ ചാണ്ടിക്കു നേരിട്ടു നൽകുന്നെന്ന പോലെ നിവേദനങ്ങൾ കല്ലറയ്ക്കു ചുറ്റുമുള്ള തുണിപ്പന്തലിൽ തൂക്കിയിട്ടിരിക്കുന്നു. ‘അയാൾക്കു തുല്യമയാളുതന്നെ... പകരമില്ല മറ്റൊരാൾ’ തുടങ്ങിയ കവിതകൾ, ചിത്രങ്ങൾ... പള്ളിയിലേക്കു വരുന്നവരും അല്ലാത്തവരും ഈ കല്ലറയിലെത്തുന്നു. കുഞ്ഞൂഞ്ഞിന്റെ കുടുംബ വീടുകളിൽപ്പോയി വീട്ടുകാരെയും കണ്ടാണു സന്ദർശകരുടെ മടക്കം. ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്കു മരണമില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു, അണമുറിയാത്ത ഈ ആൾക്കൂട്ടം.

puthuppally-town
പുതുപ്പള്ളി ടൗൺ. ചിത്രം: മനോരമ

∙ ‘ആരെയും തടയില്ല, എപ്പോഴും തുറന്നിടും’

ഞായറാഴ്ചകളിൽ ഉമ്മൻ ചാണ്ടിയുടെ ‘ജനസമ്പർക്കം’ നടക്കാറുള്ള കരോട്ടു വള്ളക്കാലിൽ തറവാട്ടുവീട് ഇപ്പോൾ ശാന്തമാണ്. ഇളംകാറ്റിൽ മുറ്റത്തെ മാവ് വീശുന്നുണ്ട്, ചെടികളിലെ പൂക്കളിൽ പൂമ്പാറ്റകൾ പാറിപ്പറക്കുന്നു. പള്ളിയുടെ തൊട്ടടുത്തായതിനാൽ, മറിയാമ്മയും മകൻ ചാണ്ടി ഉമ്മനും ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലാണ്. തറവാട്ടുവീട് മുൻപത്തെപ്പോലെ എപ്പോഴും ജനങ്ങൾക്കായി തുറന്നിടുമെന്നും ആരു വരുന്നതിനും തടസ്സമില്ലെന്നും ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി.ചാണ്ടി പറഞ്ഞു. അലക്സും ഭാര്യ ലൈലയുമാണ് ഇവിടെ താമസം.

ഉമ്മൻ ചാണ്ടിയുടെ തറവാടായ കരോട്ടു വള്ളക്കാലിൽ വീട് . ചിത്രം: പി.സനിൽകുമാർ ∙ മനോരമ
ഉമ്മൻ ചാണ്ടിയുടെ തറവാടായ കരോട്ടു വള്ളക്കാലിൽ വീട് . ചിത്രം: പി.സനിൽകുമാർ ∙ മനോരമ

‘‘ആൾക്കൂട്ടം ഈ വീടിന്റെ ഭാഗമായിരുന്നു. കേരളത്തിലെമ്പാടും അദ്ദേഹത്തിന് ഇത്രയധികം ജനപിന്തുണയുണ്ടെന്നു ബോധ്യപ്പെട്ടതു മരണശേഷമാണ്. വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കുമെന്നാണു പ്രതീക്ഷ. മരണാനന്തര ചടങ്ങ് തീരുന്നതിനു മുൻപേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണു വിഷമം. ചാണ്ടി ഉമ്മൻ മിക്ക ദിവസവും വരാറുണ്ട്.’’– അലക്സ് പറഞ്ഞു. കോവിഡ് കാലത്ത് ഉമ്മൻ ചാണ്ടി പരാതികൾ കേട്ടിരുന്ന മുറിയിലുൾപ്പെടെ കയറി ചിത്രങ്ങളെടുത്താണു സന്ദർശകർ മടങ്ങുന്നത്. വരുന്നവരോടെല്ലാം വിശേഷങ്ങൾ തിരക്കിയാണ് ഉമ്മൻ ചാണ്ടിയുടെ വിടവ് നികത്താനും സങ്കടം അകറ്റാനും അലക്സ് ശ്രമിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ തറവാടായ കരോട്ടു വള്ളക്കാലിൽ വീട്ടിലെ താമസക്കാരനായ സഹോദരൻ അലക്സ് വി.ചാണ്ടി. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
ഉമ്മൻ ചാണ്ടിയുടെ തറവാടായ കരോട്ടു വള്ളക്കാലിൽ വീട്ടിലെ താമസക്കാരനായ സഹോദരൻ അലക്സ് വി.ചാണ്ടി. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

മറിയാമ്മ ഉമ്മനെയും ചാണ്ടി ഉമ്മനെയും കാണാനായി ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിലെത്തിയപ്പോൾ ആൾക്കൂട്ടമുണ്ട്. ബന്ധുക്കളോടും സന്ദർശകരോടും മിണ്ടുന്നുണ്ടെങ്കിലും ദുഃഖം മാറാത്ത മുഖത്തോടെ മറിയാമ്മ വരാന്തയിൽ ഇരിക്കുന്നു. ചുവര് നിറയെ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ ചില്ലിട്ടു വച്ചിട്ടുണ്ട്. എല്ലാത്തിനും സാക്ഷിയായി വരാന്തയുടെ ഒരറ്റത്ത് ഉമ്മൻ ചാണ്ടിയുടെ അർധകായ പ്രതിമ.

ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിൽ സന്ദർശകരോടു സംസാരിക്കുന്ന മറിയാമ്മ ഉമ്മൻ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
ഉമ്മൻ ചാണ്ടിയുടെ സഹോദരിയുടെ വീട്ടിൽ സന്ദർശകരോടു സംസാരിക്കുന്ന മറിയാമ്മ ഉമ്മൻ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

മരണവീടുകൾ സന്ദർശിച്ചു മടങ്ങിവരുന്ന ചാണ്ടി ഉമ്മനെ കാണാൻ മാധ്യമ സംഘം കാത്തിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് എത്തിയ പ്രവർത്തകരും കോട്ടയത്തെ പ്രാദേശിക നേതാക്കളും ചാണ്ടിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകരോടു വിശേഷങ്ങൾ തിരക്കിയശേഷം മാധ്യമങ്ങളുടെ അടുത്തേക്ക്. വിവാദങ്ങൾ സ്പർശിക്കാതെ ചെറുവാക്കുകളിൽ സംസാരം. അടിസ്ഥാന സൗകര്യങ്ങളുടെ രൂപത്തിലും സാധാരണക്കാർക്കുള്ള കരുതലായും രണ്ടു തരത്തിലുള്ള വികസനവും പുതുപ്പള്ളിയിൽ അപ്പ നടത്തിയിട്ടുണ്ടെന്നാണു വിമർശനങ്ങൾക്കുള്ള അദ്ദേഹത്തിന്റെ മറുപടി.

∙ ‘മോൻ ജയിക്കും, ജയിപ്പിക്കും’

പ്രായത്തിന്റെ അവശത വകവയ്ക്കാതെയാണു കയ്യിൽ ലോട്ടറികളുമായി നിലയ്ക്കൽ ആശാരിമുക്ക് സ്വദേശി ജഗദമ്മ (77) ചാണ്ടി ഉമ്മനെ കാണാനെത്തിയത്. 3 വർഷം മുൻപ് ഉമ്മൻ ചാണ്ടി സാറിനെക്കണ്ടു പരാധീനതകൾ പറഞ്ഞപ്പോൾ അദ്ദേഹം 1,000 രൂപ തന്നെന്നും ആ പണമുപയോഗിച്ചാണു ലോട്ടറിക്കച്ചവടം ആരംഭിച്ചതെന്നും ജഗദമ്മ പറഞ്ഞു. ‘‘ഇപ്പോൾ ഒറ്റയ്ക്കാണു താമസം. ലോട്ടറി വിറ്റാണ് ജീവിക്കാൻ വരുമാനം കണ്ടെത്തുന്നത്. ഉമ്മൻ ചാണ്ടിക്കായി വീടുതോറും നടന്നു വോട്ടു തേടിയിരുന്നു. ഇനി മകനു വേണ്ടിയും വോട്ടു ചോദിക്കും’’– ജഗദമ്മ വ്യക്തമാക്കി. ‘മോൻ ജയിക്കും, ജയിപ്പിക്കും’ എന്നു ജഗദമ്മ പറഞ്ഞപ്പോൾ, ‘പ്രാർഥിക്കണം’ എന്നുപറഞ്ഞ് ചാണ്ടി ഉമ്മൻ ചേർത്തുപിടിച്ചു.

പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ജഗദമ്മയോടു സംസാരിക്കുന്ന ചാണ്ടി ഉമ്മൻ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പുതുപ്പള്ളിയിലെ വീട്ടിലെത്തിയ ജഗദമ്മയോടു സംസാരിക്കുന്ന ചാണ്ടി ഉമ്മൻ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

പുതുപ്പള്ളി കവലയിൽ വെടിവട്ടം പറഞ്ഞിരിക്കുകയാണു നാട്ടുകാരായ ആറംഗ സംഘം. നാട്ടിലെ വിശേഷങ്ങളും കഥകളുമൊന്നും ഇവരറിയാതെ പോകില്ല. പൊതുവെ നാട്ടിൻപുറങ്ങളിൽ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കൂട്ടമാണിത്. പുതുപ്പള്ളി കവലയിൽ ഈ കൂട്ടുകാർ എന്നും തമ്മിൽ കാണുകയും കൂട്ടംചേരുകയും ചെയ്യാറുണ്ടത്രേ. 1970 മുതൽ ഉമ്മൻ ചാണ്ടിയുടെ കൂടെയുള്ള എ.എം.മത്തായി (കുഞ്ഞ്–72) കെഎസ്ആർടിസി മുൻ ജീവനക്കാരനാണ്. ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരാൻ ചാണ്ടി ഉമ്മനാണു കേമനെന്നു മത്തായി പറയുന്നു. 40,000–ന് മുകളിൽ ഭൂരിപക്ഷം കിട്ടുമെന്നതിൽ സംശയമില്ല മത്തായിക്ക്.

കേന്ദ്ര സർവീസിൽനിന്നു വിരമിച്ച പി.ജെ.ജേക്കബ്, സി.സി.ഭാസ്കരൻ, ഡെന്റൽ ടെക്നിഷ്യൻ കെ.ടി.കുര്യൻ, ഓട്ടോ ഡ്രൈവർ ബോസ് മാത്യു, മെക്കാനിക് വി.ടി.കുര്യൻ തുടങ്ങിയവരാണു മത്തായിയുടെ കൂടെയുള്ളത്. എല്ലാവരും പുതുപ്പള്ളിയിലും പരിസരത്തും താമസിക്കുന്നവർ. രാഷ്ട്രീയത്തിലെ ചെറുചലനങ്ങൾ പോലും ഇവർക്കിടയിൽ ചർച്ചയാണ്. ഇടതുസ്ഥാനാർഥിയായി വരുമെന്ന കേട്ടിരുന്ന നിബു ജോണിനെ മത്സരിപ്പിക്കണമായിരുന്നെന്നു ബോസ് പറഞ്ഞപ്പോൾ, കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നായിരുന്നു മത്തായിയുടെ മറുപടി. പരസ്പരം വാക്കേറു നടത്തി ചൊടിപ്പിക്കലാണ് ഈ കൂട്ടുകാരുടെ വിനോദം. തിരഞ്ഞെടുപ്പിലെ ആരോപണ പ്രത്യാരോപണങ്ങൾ അതിന് എരിവേറ്റുന്നു.

പുതുപ്പള്ളി കവലയിൽ രാഷ്ട്രീയ ചർച്ച നടത്തുന്ന നാട്ടുകാരുടെ സംഘം. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പുതുപ്പള്ളി കവലയിൽ രാഷ്ട്രീയ ചർച്ച നടത്തുന്ന നാട്ടുകാരുടെ സംഘം. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

∙ ‘പ്രതിഷേധത്തിലാണ്, വോട്ട് ചെയ്യുന്നില്ല’

ഇത്തവണ വോട്ട് ചെയ്യുന്നില്ലെന്നു കട്ടായം പറയുകയാണു പയ്യപ്പാടി കവലയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുടെ കൂട്ടായ്മ. വികസന മുരടിപ്പിന്റെ ഇരകളാണു ഞങ്ങളെന്നു പറയുന്നു ഓട്ടോ ഡ്രൈവർമാരായ ബിജു, സുനിൽ, വിശ്വൻ, രാജു, ജോമോൻ, ജോൺ ഫിലിപ്പോസ് തുടങ്ങിയവർ. ‘‘ആരു ജയിച്ചാലും നാട്ടുകാർക്കു ഗുണമില്ല. പയ്യപ്പാടിയിലെയും ചുറ്റുവട്ടത്തെയും റോഡുകൾ വളരെയേറെ മോശമാണ്. ഞങ്ങൾക്ക് ഓട്ടോ ഓടിക്കാനാകുന്നില്ല. ഇവിടെ മുപ്പതോളം ഓട്ടോകളുണ്ട്. റോഡ് മോശമായതിനാൽ ഓട്ടം കുറവാണ്. പൊട്ടിപ്പൊളിഞ്ഞ റോഡായതിനാൽ ആരെങ്കിലും വിളിച്ചാലും ഓട്ടം പോകാനാകുന്നില്ല.

kottayam-puthuppally-byelection-story-sub
മണർകാട് പഞ്ചായത്ത് ഓഫിസിലിരുന്ന് മാധ്യമപ്രവർത്തകരോടു സംസാരിക്കുന്ന ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസ്. ചിത്രം: മനോരമ

പാർട്ടികളുടെയും സ്ഥാനാർഥികളുടെയും വാഗ്ദാനങ്ങൾ എല്ലാക്കാലത്തുമുണ്ട്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ജയിച്ചവരെയും തോറ്റവരെയും കാണില്ല. നാടിനു യഥാർഥ വികസനമാണു വേണ്ടത്. ഉമ്മൻ ചാണ്ടി രാഷ്ട്രീയം നോക്കാതെ ആളുകളെ സഹായിച്ചിട്ടുണ്ട്. റോഡ് ഉൾപ്പെടെ നാടിന്റെ വികസനം വേണ്ടത്രയുണ്ടായില്ല. ഒരു പാർട്ടികളോടും താൽപര്യമില്ലാത്തതിനാൽ ഇത്തവണ വോട്ട് ചെയ്യേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം.’’– ഓട്ടോ ഡ്രൈവർമാർ പറഞ്ഞു.

രാഷ്ട്രീയ ചർച്ചയിലേർപ്പെട്ട പയ്യപ്പാടി കവലയിലെ ഓട്ടോ ഡ്രൈവർമാർ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
രാഷ്ട്രീയ ചർച്ചയിലേർപ്പെട്ട പയ്യപ്പാടി കവലയിലെ ഓട്ടോ ഡ്രൈവർമാർ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

∙ ‘ഭേദചിന്തയില്ലാതെ പ്രവർത്തിക്കണം’

ഓണത്തിരക്കിന്റെ ജോലികൾക്കിടയിലും കാട്ടിൽപ്പടി ഭാഗത്തെ മകരത്തിൽ ഫാഷൻസ് തയ്യൽക്കടയിലെ സംസാരവും തിരഞ്ഞെടുപ്പിനെപ്പറ്റിയാണ്. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കണ്ടപ്പോൾ സങ്കടം തോന്നിയെന്നു കടയിലെത്തിയ കീച്ചാൽ താഴത്തെകുറ്റ് അന്നമ്മ എബ്രഹാം (75) പറഞ്ഞു. വിമർശനങ്ങൾ കാര്യമാക്കേണ്ട. നാടിനു വേണ്ടതെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. സഹതാപതരംഗം ഉണ്ടാകുമെന്നും അന്നമ്മ അഭിപ്രായപ്പെട്ടു. അപ്പന്റെയത്ര വരുമോ മകൻ എന്നതു കണ്ടറിയണമെന്നാണു കടയുടമയായ നാരകത്തോട് സ്വദേശി സജിനി രാജേഷിന്റെ കമന്റ്.

കാട്ടിൽപ്പടി ഭാഗത്തെ മകരത്തിൽ ഫാഷൻസ് തയ്യൽക്കട. 
ചിത്രം: പി.സനിൽകുമാർ ∙ മനോരമ
കാട്ടിൽപ്പടി ഭാഗത്തെ മകരത്തിൽ ഫാഷൻസ് തയ്യൽക്കട. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

ആരു വന്നാലും നമുക്ക് കഷ്ടപ്പാട് തന്നെയാണെന്നു നാരകത്തോട്ടുകാരി ലത പറഞ്ഞപ്പോൾ, ഒരു പക്ഷവും ചേരാതെയാണു കാട്ടിൽപ്പടി സ്വദേശി അജിതയുടെ നിൽപ്പ്. ഉമ്മൻ ചാണ്ടി പലരെയും വ്യക്തിപരമായി സഹായിച്ചു. അതുമാത്രം പോരാ, മണ്ഡലത്തിൽ വികസനവും വേണമെന്നതിൽ തയ്യൽ തൊഴിലാളികൾ ഒറ്റക്കെട്ടാണ്. ആരോടും വ്യത്യാസങ്ങളില്ലാതെ, ആർക്കും സമീപിക്കാവുന്ന നേതാവായിരുന്നു അദ്ദേഹം. ജാതിമതപാർട്ടി ഭേദങ്ങളില്ലാതെ പ്രവർത്തിച്ചാൽ ചാണ്ടി ഉമ്മനും അതിന്റെ ഗുണം കിട്ടുമെന്നും ചുരിദാർ വെട്ടിത്തയ്ക്കുന്നതിനിടെ സജിനി ഓർമിപ്പിച്ചു.

പയ്യപ്പാടി ഭാഗത്തു ചുമരെഴുതുന്ന കുമരകം ചീപ്പുങ്കൽ സ്വദേശി വികാസ്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പയ്യപ്പാടി ഭാഗത്തു ചുമരെഴുതുന്ന കുമരകം ചീപ്പുങ്കൽ സ്വദേശി വികാസ്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

‘കഴിഞ്ഞ പ്രാവശ്യം ഉമ്മൻ ചാണ്ടി എന്നെഴുതിയത് ഇപ്രാവശ്യം ചാണ്ടി ഉമ്മൻ എന്നെഴുതിയാൽ മതിയല്ലോ’ എന്നാണു പയ്യപ്പാടി ഭാഗത്തു ചുമരെഴുതുകയായിരുന്ന കുമരകം ചീപ്പുങ്കൽ സ്വദേശി വികാസിന്റെ കമന്റ്. 10 വർഷമായി ചുമരെഴുത്തു കലാകാരനാണ് ഇദ്ദേഹം. ‘‘എല്ലാ പാർട്ടികൾക്കും വേണ്ടി ചുമരെഴുതാറുണ്ട്. ഫ്ലെക്സും ബാനറുമെല്ലാം വന്നെങ്കിലും മതിലിൽ പല വർണങ്ങളിൽ സ്ഥാനാർഥിയുടെ പേര് തെളിഞ്ഞാലേ ആളുകളുടെ മനസ്സിൽ പതിക്കൂ. സ്റ്റെൻസിൽ ഉപയോഗിക്കാതെ വരച്ച് എഴുതുന്നതാണു ശീലം. സ്വന്തം ഇഷ്ടാനുസരണമാണു നിറം തിരഞ്ഞെടുക്കുക. ചുരുങ്ങിയത് 5 നിറമുണ്ടാകും. ശരാശരി 100 മില്ലിലീറ്റർ വീതം അര ലീറ്റർ പെയിന്റ് ഒരു ചുമരെഴുത്തിനു വേണം. ഒരു ദിവസം 9 മതിലിൽവരെ എഴുത‌ിയിട്ടുണ്ട്’’– വികാസ് പറഞ്ഞു.

∙ ‘രാഷ്ട്രീയമില്ല, ഭൂരിപക്ഷം കൂടും’

വിമർശനങ്ങൾ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടിയെപ്പോലെ മകനും ജയിക്കാനാവട്ടെ എന്നും പാമ്പാടി വട്ടമലപ്പടിയിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വീട്ടമ്മ ചെന്നാമ്മറ്റം സ്വദേശി ശ്രീജ പറഞ്ഞു. ‘‘നേരിട്ടോ ഫോണിലോ വിളിച്ചു പറഞ്ഞാൽ എന്തു സഹായവും ചെയ്തു തന്നിരുന്നയാളാണ്. നല്ല അടുപ്പമുണ്ടായിരുന്നു. എനിക്കു രാഷ്ട്രീയമില്ല. ആരുടെയും രാഷ്ട്രീയം നോക്കിയല്ല ഉമ്മൻ ചാണ്ടി സർ സഹായിച്ചിരുന്നത്. മനുഷ്യത്വമുള്ളയാളാണ്. ജനങ്ങളുടെ ഇടയിൽനിന്നു സംസാരിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഒരേ നാട്ടുകാരായതിൽ സന്തോഷമുണ്ട്.’’– ശ്രീജ പറഞ്ഞു.

ചെന്നാമ്മറ്റം സ്വദേശി ശ്രീജ.
ചെന്നാമ്മറ്റം സ്വദേശി ശ്രീജ.

‘‘നാട്ടുകാർക്കു സാറിനോടുള്ള സ്നേഹം മകനും കിട്ടുമെന്നു പ്രതീക്ഷിക്കാം. പക്ഷേ, ഉപതിരഞ്ഞെടുപ്പിലെ ട്രെൻഡ് അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകണമെന്നില്ല. അപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനം വിലയിരുത്തപ്പെടും’’– ശ്രീജയുടെ കൂടെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വാഴൂർ സ്വദേശി ഇന്ദു, പുതുപ്പള്ളിയിലെ വോട്ടറല്ലെന്നു മുൻകൂർ ജാമ്യമെടുത്തു നയം വ്യക്തമാക്കി.

പാമ്പാടി കോളജ് ജംക്‌ഷനിൽ  പലചരക്കുകട നടത്തുന്ന ജൂബി. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പാമ്പാടി കോളജ് ജംക്‌ഷനിൽ പലചരക്കുകട നടത്തുന്ന ജൂബി. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

‘‘ഓണത്തിന്റെ സമയത്തു തിരഞ്ഞെടുപ്പ് വന്നത് സർക്കാരിനെതിരായ വികാരമുണ്ടാക്കും. ജനങ്ങളുടെ കയ്യിൽ പണമില്ല. സപ്ലൈകോ കടകളിൽ സാധനമില്ല. സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റമാണ്’’– പാമ്പാടി കോളജ് ജംക്‌ഷനിൽ 10 വർഷമായി പലചരക്കുകട നടത്തുന്ന ജൂബി പറഞ്ഞു. മണ്ഡലത്തിലെ വോട്ടർ അല്ലെങ്കിലും ജനങ്ങളുടെ പൊതുസംസാരമാണിതെന്നും ജൂബി ചൂണ്ടിക്കാട്ടി.

ആലാംപള്ളി ജംക്‌‍ഷനിൽ ലോട്ടറി വിൽക്കുന്ന ഷാജി മാത്യു. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
ആലാംപള്ളി ജംക്‌‍ഷനിൽ ലോട്ടറി വിൽക്കുന്ന ഷാജി മാത്യു. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

തന്റെ മകന് അടിയന്തര ചികിത്സ വേണ്ടിവന്നപ്പോൾ, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഇടപെട്ടതിനെപ്പറ്റിയാണ് ആലാംപള്ളി ജംക്‌‍ഷനിൽ 10 വർഷത്തിലേറെയായി ലോട്ടറി വിൽക്കുന്ന ഷാജി മാത്യുവിനു പറയാനുണ്ടായിരുന്നത്. മനസ്സിൽ ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ലെന്നും ആരെയും അദ്ദേഹം വേറിട്ടു കണ്ടില്ലെന്നും ഷാജി പറഞ്ഞു. രണ്ടു തവണ മത്സരിച്ചെങ്കിലും എൽഡിഎഫിന്റെ ജെയ്ക് സി.തോമസിനു മണ്ഡലത്തിൽ ബന്ധങ്ങളില്ലെന്നാണു തോന്നിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു.

പ്രചാരണം കൊഴുപ്പിക്കാനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും മാധ്യമ പ്രതിനിധികളും വന്നതോടെ പുതുപ്പള്ളിയിൽ വാടക വീടുകൾക്കു ഡിമാൻഡ് കൂടി. എത്ര കയറ്റിപ്പറഞ്ഞാലും ആ തുകയ്ക്ക് വീടെടുക്കാൻ ആളുണ്ട് എന്നതാണു സ്ഥിതിയെന്നു നാട്ടുകാർ രഹസ്യം പറയുന്നു. ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തിക്കൊടുക്കുന്ന സംഘവും സജീവമായി.

 പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെയ്ക് സി.തോമസ് കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കാണുന്നു. മന്ത്രി വി.എൻ.വാസവൻ സമീപം. ചിത്രം∙ മനോരമ
പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ജെയ്ക് സി.തോമസ് കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കാണുന്നു. മന്ത്രി വി.എൻ.വാസവൻ സമീപം. ചിത്രം∙ മനോരമ

ഉച്ചയ്ക്കു രണ്ടര കഴിഞ്ഞപ്പോഴാണു വിശപ്പുമാറ്റാൻ മണർകാട് എരുമപ്പെട്ടിയിലെ വനിതാ ഹോട്ടലിൽ കയറിയത്. തിരഞ്ഞെടുപ്പു പ്രമാണിച്ച് നാട്ടിലാകെ രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും എത്തിയതിനാൽ ഊണ് നേരത്തേ തീർന്നെന്നു ചേച്ചിമാരുടെ മറുപടി. ജെയ്ക് സി.തോമസും ചാണ്ടി ഉമ്മനും യുവാക്കളായതിനാൽ നല്ല മത്സരം ഉണ്ടാകുമെന്നാണു‌ ഹോട്ടലിലെ ജീവനക്കാരായ സുജാതയും റീനയും പറയുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ഊണ് ചെലവാകുമല്ലോ എന്ന പ്രതീക്ഷയും ഇരുവരും പങ്കുവച്ചു.

‌പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ ചുവരെഴുത്ത്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
‌പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ ചുവരെഴുത്ത്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

English Summary: Puthuppally By Election: Voters in the Puthuppally Assembly Constituency open up their likes and dislikes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com