‘വിമാനം പൊട്ടിത്തെറിക്കും’: ഭീഷണിയുമായി യാത്രക്കാരൻ; 3 മണിക്കൂർ പറന്നു, തിരിച്ചിറക്കി
Mail This Article
സിഡ്നി ∙ പറക്കുന്നതിനിടെ വിമാനം പൊട്ടിത്തെറിക്കുമെന്നു ഭീഷണി മുഴക്കി യാത്രക്കാരൻ. ഇയാളുടെ ബഹളത്തെതുടർന്നു മലേഷ്യൻ എയർലൈൻസിന്റെ വിമാനം പാതിവഴിയിൽ യാത്ര റദ്ദാക്കി തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ സിഡ്നിയിൽനിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു യാത്ര തുടങ്ങിയ വിമാനമാണ് അപ്രതീക്ഷിതമായി തിരിച്ചിറക്കിയത്.
എംഎച്ച് 122 എന്ന വിമാനം സിഡ്നി വിമാനത്താവളത്തിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണു ടേക്ക് ഓഫ് ചെയ്തത്. 3 മണിക്കൂറോളം പറന്നതിനുശേഷം, യാത്രക്കാരന്റെ ഭീഷണിയെ തുടർന്നു സുരക്ഷ മുൻനിർത്തി വിമാനം തിരിച്ചിറക്കിയെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 199 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
പുറത്തു ബാഗ് തൂക്കിയ 45 വയസ്സുള്ള യാത്രക്കാരൻ സഹയാത്രികരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘വിമാനം പൊട്ടിത്തെറിക്കും’ എന്നാണ് ഇയാൾ പറയുന്നത്. സുരക്ഷയെക്കരുതി വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ ഫ്ലൈറ്റ് കമാൻഡർ തീരുമാനിക്കുകയായിരുന്നെന്നു വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി.
ജീവനക്കാർ ഈ യാത്രക്കാരന്റെ ബാഗ് പ്രത്യേകം പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നാണു റിപ്പോർട്ട്. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ വിമാനം ലാൻഡ് ചെയ്തയുടൻ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനം തിരിച്ചിറങ്ങിയതിനെ ‘അടിയന്തര സാഹചര്യം’ എന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് വിശേഷിപ്പിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും വേറെ പ്രശ്നങ്ങളില്ലെന്നും പൊലീസ് അറിയിച്ചു.
English Summary: Malaysia Airlines Flight Returns To Sydney After Passenger Threatens To "Blow Up Plane"