മിന്നൽ പ്രളയത്തിൽ തകർന്ന് ഹിമാചൽ; ദൃശ്യങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി
Mail This Article
ഷിംല∙ ഹിമാചൽ പ്രദേശിലെ പ്രളയത്തിന്റെ ഭീകര ദൃശ്യങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു. മണ്ഡി ജില്ലയിലെ സംബാൽ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. മിന്നൽ പ്രളയത്തിൽ ഒൻപത് പേർ ഇവിടെ ഒഴുക്കിൽപെട്ടുപോയെന്നും കാണാതായവർക്കായി ഊർജിതമായി തിരച്ചിൽ നടത്തുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. ഷിംലയിലെ സമ്മർ ഹിൽ പ്രദേശത്തെ ശിവക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ കുടുങ്ങിയിട്ടുണ്ട്. 9 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്ഷേത്രപരിസരം സന്ദർശിച്ച മുഖ്യമന്ത്രി രക്ഷാപ്രവർത്തനം ഊർജിതമായി നടത്തുകയാണെന്ന് അറിയിച്ചു.
ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ സോളൻ ജില്ലയിൽ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഇതേ സ്ഥലത്തു തന്നെ രണ്ട് വീടുകൾ ഒലിച്ചുപോകുകയും രണ്ട് പേർ മരിക്കുകയും ചെയ്തു. ആറു പേരെ രക്ഷിച്ചു. ബലേര പഞ്ചായത്തിൽ വീടു തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഞായറാഴ്ച മുതൽ അതിശക്തമായ മഴയാണ് ഹിമചൽ പ്രദേശിൽ പെയ്യുന്നത്. ഞായറാഴ്ച കംങ്റയിൽ 273 മില്ലീമീറ്റർ മഴയാണ് പെയ്തത്. ധർമശാലയിൽ 250 മില്ലിമീറ്ററും സുന്ദർനഗറിൽ 168 മില്ലീ മീറ്റർ മഴയും പെയ്തു. സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. 752 റോഡുകൾ തകർന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
English Summary: Himachal Pradesh rain havoc