‘രാജ്യം മണിപ്പുരിനൊപ്പം; ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും’: ചെങ്കോട്ടയിൽ പ്രധാനമന്ത്രി
Mail This Article
ന്യൂഡൽഹി∙ രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. 140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.
മണിപ്പുരിലെ അക്രമസംഭവങ്ങളെ കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു. ‘‘മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിനു ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പുർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണ്’’
പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്:
ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നിവയ്ക്ക് രാജ്യത്തിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണ്. യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.ഇന്ത്യയിൽ എല്ലാവർക്കും അവസരമുണ്ട്. ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വർധിക്കുന്നു. കാർഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു, ഇന്ത്യയുടെ വൈവിധ്യം ലോകം കാണുന്നു. ഇന്ത്യയുടെ വളർച്ചയും വികസനവും രാജ്യത്തിത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായി.
രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി വിശ്വാസമാണ് – സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം, രാജ്യത്തിന്റെ മികച്ച ഭാവിയിലുള്ള വിശ്വാസം, ലോകത്തിന് ഇന്ത്യയിലുള്ള വിശ്വാസം. ലോകമഹായുദ്ധത്തിനു ശേഷം പുതിയ ലോകക്രമം ഉടലെടുത്തപോലെ, കോവിഡിനു ശേഷം പുതിയൊരു ലോകക്രമം ഉടലെടുക്കുന്നത് എനിക്ക് കാണാൻ കഴിയും. മാറുന്ന ലോകത്തെ രൂപപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ പ്രധാനമാണ്. ബോളിപ്പോൾ നമ്മുടെ കോർട്ടിലാണ്, അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ഇന്ത്യയുടെ കഴിവുകളെ കുറിച്ച് ആരുടെ മനസ്സിലും ഒരു സംശയവും ആവശ്യമില്ല.
2014ൽ ജനങ്ങൾ തീരുമാനിച്ചു രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ശക്തവും സുസ്ഥിരവുമായ സർക്കാർ ആവശ്യമാണെന്ന്. അസ്ഥിതരതയുടെ കാലഘട്ടത്തിൽനിന്ന് ഇന്ത്യ മോചിതമായിരിക്കുന്നു. ‘രാജ്യം ആദ്യം’ എന്ന ഞങ്ങളുടെ നയം ഉൾക്കൊണ്ട് 2014ഉം 2019ലും ജനങ്ങൾ ഞങ്ങളെ അധികാരത്തിലേറ്റി. ഇത് എനിക്ക് കൂടുതൽ ശക്തി പകർന്നു. കോവിഡിനുശേഷം സമഗ്രമായ ആരോഗ്യസംരക്ഷണം ആവശ്യമായി വന്നു, യോഗയും ആയുഷും രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ടു.
ഈ കാലഘട്ടത്തിലെ നമ്മുടെ തീരുമാനങ്ങളും ത്യാഗങ്ങളും അടുത്ത 1000 വർഷങ്ങളിലേക്കു പ്രതിഫലിക്കും. പുതിയ ആത്മവിശ്വാസത്തോടെ, ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നേറുകയാണ്. ലോകത്തെ നയിക്കുന്നത് സാങ്കേതികവിദ്യയാണ്. ഈ മേഖലയിലെ ഇന്ത്യയുടെ നൈപുണ്യം രാജ്യാന്തര തലത്തിൽ പുതിയ പങ്കും സ്വാധീനവും നൽകുന്നു. രാജ്യം അതിവേഗം മുന്നേറുകയാണെന്നാണ് രാജ്യാന്തര വിദഗ്ധർ പറയുന്നത്.
എന്റെ സർക്കാർ അധികാരത്തിൽ എത്തുന്നതിനു മുൻപ് രാജ്യത്ത് കോടികളുടെ അഴിമതികൾ നിലനിന്നിരുന്നു. ഇന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഞങ്ങൾ ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുത്തു, ചോർച്ച തടഞ്ഞു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നത് ‘മോദിയുടെ ഉറപ്പാണ്’. സർക്കാരിന്റെ ഓരോ നിമിഷവും ഓരോ രൂപയും രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നത്. ‘രാഷ്ട്രം ആദ്യം’ എന്ന മനോഭാവത്തോടെ രാജ്യത്തെ ജനങ്ങളും സർക്കാരും ഒന്നിച്ചു. അഞ്ചു വർഷത്തിനിടെ 13.5 കോടി ജനങ്ങൾ ദാരിദ്രത്തിൽനിന്ന് കരകയറി നവ–മധ്യവർഗം, മധ്യവർഗം എന്നിവയുടെ ഭാഗമായി.
കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനായി 13,000-15,000 കോടി രൂപ ചെലവിട്ട് ‘വിശ്വകർമ യോജന’ആരംഭിക്കും. അടുത്ത മാസം വിശ്വകർമ ജയന്തിലാകും പദ്ധതി ആരംഭിക്കുക. രാജ്യത്ത് 10,000 മുതൽ 25,000 വരെ പുതിയ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തി, ഇതിനായി കൂടുതൽ നടപടികൾ കൈക്കൊള്ളും. കഴിഞ്ഞ 25 വർഷമായി പുതിയ പാർലമെന്റ് മന്ദിരത്തെ കുറിച്ച് രാജ്യം സംസാരിക്കുന്നു, അത് ഈ സർക്കാർ യാഥാർഥ്യമാക്കിയിരിക്കുന്നു. ഇന്ത്യ ഇപ്പോൾ സുരക്ഷിതത്വം അനുഭവിക്കുന്നുണ്ട്. തുടർച്ചായ ബോംബാക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങളും നക്സൽ ആക്രമണങ്ങളും ഇപ്പോൾ പഴങ്കഥയായി.
2047ലേക്ക് ഇന്ത്യയെ വികസിത രാജ്യമാക്കാൻ ‘ശ്രേഷ്ഠ ഭാരത്’ എന്ന മന്ത്രത്തിലൂന്നി നാം ജീവിക്കണം. അടുത്ത 25 വർഷം ഐക്യം എന്ന ആശയത്തിലൂടെ നാം മുന്നോട്ടു പോകണം. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനായി കഠിനമായി ശ്രമിക്കണം. ലോകത്തിന്റെ സുഹൃത്തായി ഇന്ത്യ വളർന്നിരിക്കുന്നു. ലോകനന്മയ്ക്കായി ഇന്ത്യ ശക്തമായ അടിത്തറയിടുന്നു.
സ്ത്രീകൾ നയിക്കുന്ന വികസനമെന്ന ഇന്ത്യയുടെ സമീപനത്തെ ജി20 അംഗീകരിക്കുന്നു. എല്ലാ ചെറിയ പ്രദേശങ്ങളെയും വികസനപാതയിലേക്ക് കൊണ്ടുവരണം. ഒരു പ്രദേശം പൊലും പിന്നോട്ടു പോയാൽ ഇന്ത്യ വികസിക്കില്ല. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്, വൈവിധ്യത്തിന്റെ മാതൃകയാണ്. വൈവിധ്യങ്ങളെ കണക്കിലെടുത്ത് നാം മുന്നോട്ടു പോകണം.
നമ്മുടെ പെൺകുഞ്ഞുങ്ങൾക്കെതിരെ യാതൊരു അതിക്രമവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. സ്ത്രീകളുടെ ഉന്നമനമാണ് ഈ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. വികസനമുണ്ടാകുന്നത് വനിതകളുടെ നേതൃത്വത്തിലാകണം. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ അഭിനന്ദിക്കുന്നു, രണ്ടു കോടി സ്ത്രീകളെ ലക്ഷാധപതികളാകാകുകയാണ് എന്റെ ലക്ഷ്യം. കാർഷിക മേഖലയിൽ 15,000 സ്ത്രീ സ്വയം സഹായസംഘങ്ങൾക്ക് ഡ്രോൺ നൽകും. ഡ്രോൺ ഉപയോഗിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനും പരിശീലനം നൽകും. രാജ്യത്തിനു നൽകിയ ഉറപ്പ് പാലിക്കുംവരെ എനിക്ക് വിശ്രമമില്ല. മുദ്ര പദ്ധതി നിരവധി പേർക്ക് ജോലി ലഭ്യമാക്കി. ഗ്രാമത്തിൽനിന്നു പുതിയ കായികതാരങ്ങൾ ഉണർന്നു വരുന്നു. സ്വന്തമായി ഭൂമി ഇല്ലാത്തവർക്കു വീട് വയ്ക്കാൻ ബാങ്ക് വായ്പ ലഭ്യമാക്കാൻ പദ്ധതി തുടങ്ങും.
അഴിമതി, കുടുംബാധിപത്യം, പ്രീണനം എന്നീ മൂന്നു പാപങ്ങളിൽനിന്ന് ഇന്ത്യ മോചിതമാകുകയാണ്. കുടുംബാധിപത്യവും അഴിമതിയും ഇന്ത്യയെ ദുർബലമാക്കി. അഴിമതിക്കെതിരെ പൊരാടുക എന്നത് എന്റെ ആജീവനാന്ത പ്രതിബദ്ധതയാണ്. പ്രീണന രാഷ്ട്രീയം സാമൂഹ്യനീതിക്ക് വളരെയധികം ദോഷമുണ്ടാക്കി, അഴിമതി ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് രാജ്യം ദൃഢപ്രതിജ്ഞ ചെയ്യണം. ക്ഷേമപദ്ധതികളുടെ 10 കോടി വ്യാജ ഗുണഭോക്താക്കളെ ഈ സർക്കാർ ഒഴിവാക്കി; അനധികൃത സ്വത്ത് കണ്ടുകെട്ടൽ 20 മടങ്ങ് വർധിച്ചു.
കുടുംബാധിപത്യം രാജ്യത്തെ ജനാധിപത്യത്തെ ബാധിച്ചു. ‘കുടുംബത്തിന്റെ പാർട്ടി, കുടുംബം പാർട്ടി, കുടുംബത്തിനു വേണ്ടി പാർട്ടി’ എന്നീ നിലയിലാണ് പരമ്പരാഗത പാർട്ടികൾ പ്രവർത്തിക്കുന്നത്. എന്റെ വാഗ്ദാനങ്ങൾ കണക്കിലെടുത്താണ് 2014ൽ ജനം എന്നെ അധികാരത്തിലേറ്റിയത്, എന്റെ പ്രകടനത്തിന്റെ പേരിൽ 2019ൽ അവരെന്നെ അനുഗ്രഹിച്ചു, അടുത്ത അഞ്ചു വർഷം അഭൂതപൂർണമായി വികസനത്തിന്റേതായിരുന്നു. അടുത്ത വർഷം ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രാജ്യത്തിന്റെ നേട്ടങ്ങളുടെ കണക്ക് ഞാൻ പറയും.
അടുത്ത തലമുറയ്ക്കായി കൂടുതൽ മികച്ച, സമൃദ്ധമായ, നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട ഒരു രാജ്യം നൽകാൻ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. 2047ൽ ത്രിവർണ പതാക ഉയർത്തുമ്പോൾ അത് വികസിത ഇന്ത്യയുടേതാണ് എന്നതായിരിക്കണം നമ്മുടെ ദൃഢപ്രതിജ്ഞ.
ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി
രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ദേശീയ പതാക ഉയർത്തി. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി ചടങ്ങുകളിൽ പങ്കെടുത്തു. കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. 2021ൽ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന് ഇന്ന് സമാപനമാകും.
രാജ്യത്തെ ജനങ്ങൾക്ക് മോദി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യസമരസേനാനികൾക്ക് ആദരമർപ്പിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അവരുടെ വീക്ഷണം യാഥാർഥ്യമാക്കുമെന്ന പ്രതിജ്ഞ ആവർത്തിച്ച് ഉറപ്പിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ അറിയിച്ചു.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥികളായി എത്തുന്നവരിൽ എട്ട് മലയാളി ആരോഗ്യപ്രവർത്തകരും പങ്കെടുക്കുന്നു. വിവിധ മേഖലകളിൽനിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതിൽ 50 പേർ നഴ്സുമാരാണ്. മോദി പതാകയുയർത്തിയപ്പോൾ മലയാളി കരസേന ഓഫിസർ നികിത നായർക്ക് ഇത് ചരിത്രനിമിഷം. പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ ഒപ്പം നിൽക്കാൻ അവസരം കിട്ടുന്ന രണ്ടു കരസേന ഉദ്യോഗസ്ഥരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശിനി നികിത. ചരിത്രത്തിൽ ആദ്യമായാണ് കരസേനയിലെ വനിത ഓഫിസർമാർ പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയിലെ ചടങ്ങിൽ അണിനിരന്നത്. 2016ലാണ് നികിത സേനയിൽ ചേർന്നത്.
English Summary: 77th Independence Day Celebrations Today, PM To Address Nation