റൂപർട്ട് മർഡോക് വീണ്ടും പ്രണയത്തിൽ; മുൻ ശാസ്ത്രജ്ഞയുമായി ഡേറ്റിങ്ങിൽ?
![rupert റൂപർട്ട് മർഡോക് (Photo by Drew Angerer / GETTY IMAGES NORTH AMERICA / Getty Images via AFP)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/8/15/rupert.jpg?w=1120&h=583)
Mail This Article
ന്യൂയോർക്ക് ∙ മാധ്യമവ്യവസായി റൂപർട്ട് മർഡോക് (92) ശാസ്ത്രജ്ഞ എലന സുക്കോവയുമായി (66) പ്രണയത്തിലെന്ന് അഭ്യൂഹം. ആൻ ലെസ്ലി സ്മിത്തുമായുള്ള (66) വിവാഹത്തിൽനിന്നു പിന്മാറിയതിനു പിന്നാലെയാണു മർഡോക്കിന്റെ പുതിയ പ്രണയത്തെപ്പറ്റി വാർത്ത വന്നത്.
ഗായികയും റേഡിയോ ആങ്കറുമായിരുന്ന ആൻ ലെസ്ലി സ്മിത്തിന്റെ തീവ്ര മതനിലപാടുകളാണ് വിവാഹത്തിൽനിന്നു പിന്മാറാൻ കാരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ആൻ ലെസ്ലി സ്മിത്തുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഇക്കഴിഞ്ഞ ഏപ്രിലിൽ വിവാഹത്തിൽ നിന്നും മർഡോക് പിന്മാറി.
ഉല്ലാസബോട്ടിൽ അവധി ആഘോഷിക്കുന്ന എലന സുക്കോവയെയും മർഡോക്കിനെയും കണ്ടെത്തിയതിനു പിന്നാലെയാണ് ഇരുവരും ഡേറ്റിങിലാണെന്ന അഭ്യൂഹം പരന്നത്. മോളിക്യുലർ ബയോളജിസ്റ്റായിരുന്ന എലന വിരമിക്കുന്നതിന് മുൻപു ലൊസാഞ്ചലസിലെ കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ റിസർച്ച് യൂണിറ്റിലാണു പ്രവർത്തിച്ചിരുന്നത്. മർഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങാണ് ഇരുവരെയും പരസ്പരം പരിചയപ്പെടുത്തിയതെന്നാണു റിപ്പോർട്ട്.
കഴിഞ്ഞ വര്‍ഷമാണു നാലാം ഭാര്യ ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്. എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014ൽ അവസാനിപ്പിച്ചു.
English Summary: Rumors spreading that Rupert Murdoch is dating Elena Zhukova