ഒരാഴ്ചയ്ക്കിടെ 60 മരണം, 10,000 കോടിയുടെ നാശനഷ്ടം; ഹിമാചലിൽ കലിതുള്ളി മഴ
Mail This Article
ഷിംല∙ ഹിമാചൽ പ്രദേശില്‍ കനത്ത മഴയേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു. സംസ്ഥാനത്ത് ഇതുവരെ 10,000 കോടിരൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. റോഡുകളുൾപ്പെടെ, തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാൻ ഒരുവർഷമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷിംലയ്ക്ക് സമീപത്തുള്ള സമ്മർ ഹിൽ, കൃഷ്ണ നഗർ എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധിപ്പേർ മരിച്ചു. ഞായറാഴ്ച മുതൽ 13 മൃതദേഹങ്ങള്‍ ഇവിടെനിന്നു മാത്രം കണ്ടെത്തി. മണ്ണിനടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. കൃഷ്ണ നഗറിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ എട്ടു വീടുകൾ തകർന്നു. സൊലാൻ ജില്ലയില്‍ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഏഴു പേർ മരിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ എത്രയും വേഗത്തിൽ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 19 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഷിംലയിലും കാംഗ്രയിലും ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. കരസേന, വ്യോമസേന, ഐടിബിപി എന്നിവയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. സംസ്ഥാനത്തെ 800ലേറെ റോഡുകൾ അടച്ചതായി അധികൃതർ വ്യക്തമാക്കി.
English Summary: 60 Dead This Week, Loss Of 10,000 Crores: Chief Minister On Himachal Rain