ADVERTISEMENT

കോട്ടയം ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അദൃശ്യനായൊരു സ്ഥാനാർഥിയുണ്ടെന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതെന്നും പാലാ എംഎൽഎ മാണി സി.കാപ്പൻ. പോളിങ് ബൂത്തിലേക്കു നടന്നുചെല്ലുന്ന ആരുടെ മനസ്സിലും അദ്ദേഹത്തിന്റെ ചിത്രം നിറഞ്ഞുനിൽക്കുമെന്നും അതു വോട്ടായി മാറുമെന്നും മാണി സി.കാപ്പൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. 

‘‘പുതുപ്പള്ളിയിലെയും പാലായിലെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. കെ.എം.മാണി മരിച്ച ശേഷം പാലായിലുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ഏൽക്കാതിരുന്ന സഹതാപ തരംഗം പുതുപ്പള്ളിയിൽ വിജയിക്കും. പാമ്പാടിയാണു പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ തലസ്ഥാനം. പാമ്പാടിയിൽ നല്ല രീതിയിൽ വികസനം കൊണ്ടുവരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്.

പാലാ പോലെത്തന്നെയല്ലേ പാമ്പാടി ഇരിക്കുന്നത്? പുതുപ്പള്ളി ഗ്രാമമാണ്. പാലാ പണ്ടു പട്ടണവും തൊടുപുഴ ഗ്രാമവുമായിരുന്നു. ഇപ്പോൾ തൊടുപുഴ നഗരമായി മാറി, പാലാ പഴയ പട്ടണത്തിന്റെ സ്റ്റേറ്റസിൽത്തന്നെ നിൽക്കുന്നു. വികസനത്തെപ്പറ്റി പറയാൻ എൽഡിഎഫിന് എന്ത് യോഗ്യതയാണുള്ളത്? കെ.എം.മാണിയുടെ കാലത്ത്, ഞാൻ മത്സരിച്ചപ്പോൾ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെ, പാലാ പട്ടണം കേന്ദ്രീകരിച്ചു കുറച്ചു വികസന പ്രവൃത്തികൾ ചെയ്തിട്ടുണ്ട്.

പുതുപ്പള്ളി പള്ളിയിലേക്കുള്ള റോഡിലെ ചുവരെഴുത്ത്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പുതുപ്പള്ളി പള്ളിയിലേക്കുള്ള റോഡിൽ‌ യുഡിഎഫിന്റെ ചുവരെഴുത്ത്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

ഞാൻ എംഎൽഎ ആയതോടെയാണു മണ്ഡലത്തിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങിയത്. ഇലവീഴാപൂഞ്ചിറയും ഇല്ലിക്കൽ കല്ലും ടൂറിസത്തിനു വളരെ സാധ്യതയുള്ള മേഖലകളാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പംവച്ച് 18 മാസത്തിനിടയ്ക്കു വലിയ വികസനം പ്രദേശത്ത് എത്തിച്ചു. ഈ മലയോര മേഖലയിലെ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തു. 22 കൊല്ലമായി പണിയാതെ കിടന്നിരുന്നതാണ് ഇലവീഴാപൂഞ്ചിറ റോഡ് എന്നോർക്കണം.

‌പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ ചുവരെഴുത്ത്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
‌പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ ചുവരെഴുത്ത്. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

പാലായിൽ ഞാൻ അട്ടിമറി വിജയം നേടിയതിനു പല കാരണങ്ങളുണ്ട്. 19 ലോക്സഭാ സീറ്റിലും എട്ടുനിലയിൽ പൊട്ടി നിൽക്കുകയായിരുന്നു എൽഡിഎഫ്. പൊതുതിരഞ്ഞെടുപ്പ് നടന്നു മാസങ്ങൾക്കു ശേഷമായിരുന്നു പാലാ ഉപതിരഞ്ഞെടുപ്പ്. 3 പ്രാവശ്യം മത്സരിച്ചു മാണിയുടെ ഭൂരിപക്ഷം ഗണ്യമായി കുറച്ചയാളാണു ഞാൻ. 4200 വോട്ടായിരുന്നു അവസാനത്തെ ഭൂരിപക്ഷം. മാണിയെപ്പോലെ പ്രഗൽഭനല്ലാത്ത സ്ഥാനാർഥിയാണു മത്സരിച്ചത്. മൂന്നു പ്രാവശ്യം തോറ്റയാൾക്കു ഒരു അവസരം കൊടുക്കാമെന്നു ജനം കരുതിയതും എന്റെ വിജയത്തിനു കാരണമായി.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ. ചിത്രം: പി.സനിൽകുമാർ ∙ മനോരമ

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ നേരത്തെ രണ്ടു തവണ മത്സരിച്ചിട്ടുണ്ടെന്നതു ശരിയാണ്. പക്ഷേ, യുഡിഎഫ് സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മൻ ആണെന്നു ഓർക്കണം. പാലായുടെ സമീപ മണ്ഡലമാണു പുതുപ്പള്ളി. ഇവിടുത്തെ ജനങ്ങളോടു സംസാരിച്ചപ്പോൾ, കഴിഞ്ഞപ്രാവശ്യം ചെയ്യാൻ പറ്റിയില്ല, ഇത്തവണ ഉറപ്പായും ഉമ്മൻ ചാണ്ടിക്കുവേണ്ടി വോട്ട് ചെയ്യുമെന്നാണു വോട്ടർമാർ പറയുന്നത്.

ktm-jaik
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജെയ്‌ക് സി. തോമസ്. ചിത്രം: മനോരമ

അദൃശ്യനായ സ്ഥാനാർഥിയായി ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ ഉണ്ടെന്നു തോന്നിയതു ഇതോടെയാണ്. അദ്ദേഹം ഇത്രയും നല്ല മനുഷ്യനായിരുന്നെന്നും കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോൾ, കഴിഞ്ഞ തവണ വോട്ട് ചെയ്യാതിരുന്നത് കഷ്ടമായെന്നും ആളുകൾ പറഞ്ഞു. ഇങ്ങനെ പറഞ്ഞവരിൽ ഇടതുപക്ഷ അനുഭാവമുള്ളവരുമുണ്ട്. നേരിട്ടും ഫോൺ വിളിച്ചും ഞാൻ പ്രചാരണത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ തന്നെ ആർക്ക് വോട്ട് ചെയ്യണമെന്ന് ജനം മനസ്സിലുറപ്പിക്കും. ബാക്കിയെല്ലാം വെറും ഷോ മാത്രമാണ്. ചാണ്ടി ഉമ്മൻ റെക്കോർഡ് ഭൂരിപക്ഷം നേടും. തൃക്കാക്കരയേക്കാള്‍ മികച്ച വിജയമായിരിക്കും.’’– മാണി സി.കാപ്പൻ പറഞ്ഞു.

kottayam-chandy-oonnem-akalakunnam-panchayath
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചാണ്ടി ഉമ്മൻ. ചിത്രം: മനോരമ

പുതുപ്പള്ളിക്കു മുൻപു കോട്ടയം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത് പാലായിലാണ്. ഒരിക്കലും എൽഡിഎഫ് ജയിക്കില്ലെന്നു കരുതിയ പാലായുടെ ചരിത്രം കാപ്പൻ തിരുത്തി. 2019ലെ ഉപതിരഞ്ഞെടുപ്പിൽ പാലാ ആദ്യമായി ചുവന്നു. അന്ന് എൽഡിഎഫിന്റെ ഭാഗമായിരുന്ന എൻസിപിയിലായിരുന്നു കാപ്പൻ. എന്നാൽ കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം യുഡിഎഫ് വിട്ടതോടെ പാലാ സീറ്റിന്റെ കാര്യത്തിൽ മുറുമുറുപ്പ് തുടങ്ങി. 2019ൽ ഇടതു സ്ഥാനാർഥിയായി ജയിച്ച കാപ്പൻ, രാഷ്ട്രീയ സംഭവ വികാസങ്ങൾക്കൊടുവിൽ യുഡിഎഫിലെത്തി. മാണിയുടെ കേരള കോൺഗ്രസ് ഇടതു പാളയത്തിലും.

kottayam-anil-lijin
അനിൽ ആന്റണിക്കൊപ്പം ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ. ചിത്രം: മനോരമ

English Summary: Unveiling the 'Invisible' Candidate Shaping Puthuppally By-Election Reveals Pala MLA Mani C. Kappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com