ADVERTISEMENT

കോട്ടയം ∙ ആരോടും വിദ്വേഷവും പകയും വേണ്ടെന്നും സ്നേഹത്തിന്റെ രാഷ്ട്രീയമാണു വേണ്ടതെന്നും ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയായി പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസിൽ നാമനിർദേശപത്രിക നൽകിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി.ഒ.ടി. നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മനു കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. 

‘‘ആരോഗ്യപരമായ പ്രശ്നങ്ങളുള്ളതിനാൽ സി.ഒ.ടി. നസീറിന്റെ ഉമ്മയ്ക്കു നേരിട്ടു വരാനായില്ല. ഗൂഗിൾ പേ വഴിയാണ് ഉമ്മ കെട്ടിവയ്ക്കാനുള്ള പണം അയച്ചത്. ഫോണിൽ വിഡിയോ കോൾ വിളിച്ച് പ്രാർഥിക്കുകയും ആശംസകൾ നേരുകയും ചെയ്തു. വിദേശത്തായതിനാൽ നസീറിനും എത്താനായില്ല. നസീറിനോടും ഉമ്മയോടുമുള്ള പ്രത്യേക സ്നേഹവും നന്ദിയും അറിയിക്കുന്നു.

നമ്മുടെ നാട്ടിൽ ഏതു രാഷ്ട്രീയം വേണം എന്നുള്ളൊരു ചോദ്യമുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്നേഹത്തിന്റെ കട തുറക്കുകയാണു ചെയ്തത്. വിദ്വേഷം വേണ്ട, വെറുപ്പ് വേണ്ട, വൈരാഗ്യം വേണ്ട, ആരോടും പക വേണ്ട എന്നുള്ള അതേ രാഷ്ട്രീയമാണ് ഇവിടെ വേണ്ടത്. ഒരു മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ സാഹചര്യം നിങ്ങൾക്കറിയാമല്ലോ. ഒരു മുഖ്യമന്ത്രിക്കും അങ്ങനെയൊരു സാഹചര്യം ഉണ്ടാകരുത്.

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നാമനിർദേശ പത്രിക വച്ച് പ്രാർഥിക്കുന്ന ചാണ്ടി ഉമ്മൻ. Special Arrangement
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നാമനിർദേശ പത്രിക വച്ച് പ്രാർഥിക്കുന്ന ചാണ്ടി ഉമ്മൻ. Special Arrangement

എന്റെ അപ്പ വേട്ടയാടപ്പെട്ടതുപോലെ ഒരു രാഷ്ട്രീയ നേതാവും വേട്ടയാടപ്പെടാൻ പാടില്ല. പുതുപ്പള്ളിയിലെ ഉപതിരഞ്ഞെടുപ്പിൽ അതും ചർച്ചയാണ്. ഇങ്ങനെയൊരാളെ വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കാൻ പാടുണ്ടോ? ആ ചോദ്യം കേരളത്തിന്റെ െപാതുസമൂഹത്തിനു മുന്നിൽ ഞാൻ ഉന്നയിക്കുകയാണ്. ഇങ്ങനെ ഉണ്ടാകാൻ പാടില്ലെന്നാണ് അഭ്യർഥന. എന്നെ സംബന്ധിച്ച്, അപ്പ ദൈവതുല്യനാണ്.

ജീവിതത്തിൽ ആദ്യമായി എന്തു ചെയ്യുമ്പോഴും അപ്പയുടെ അനുഗ്രഹം തേടുമായിരുന്നു. കരുതലും സ്നേഹവുമുള്ള എന്റെ പിതാവ് കഴിഞ്ഞ 12 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഇതിൽ 5 തിരഞ്ഞെടുപ്പുകളിൽ ഞാൻ നേരിട്ടു പ്രവർത്തനത്തിൽ പങ്കാളിയായി. അദ്ദേഹമില്ലാത്തൊരു തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാൽ, അതംഗീകരിക്കാൻ ഞങ്ങളെ സംബന്ധിച്ച് എളുപ്പമല്ല. ഇതു ഞങ്ങളെ പിടിച്ചുകുലുക്കുന്ന കാര്യമാണ്.’’– ചാണ്ടി ഉമ്മൻ പറഞ്ഞു.

ഇതു ഞങ്ങളുടെ കരുതൽ: പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ സ്ഥാനാർഥി ചാണ്ടി ഉമ്മനെ പ്രവർത്തകർ എടുത്തുയർത്തി വേദിയിലേക്ക് കൊണ്ടുവരുന്നു.
ഇതു ഞങ്ങളുടെ കരുതൽ: പാമ്പാടിയിൽ നടന്ന പുതുപ്പള്ളി നിയോജക മണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ സ്ഥാനാർഥി ചാണ്ടി ഉമ്മനെ പ്രവർത്തകർ എടുത്തുയർത്തി വേദിയിലേക്ക് കൊണ്ടുവരുന്നു.

എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യുഡിഎഫ് നേതാക്കളായ കെ.സി.ജോസഫ്, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവർക്കൊപ്പം എത്തിയാണ് ചാണ്ടി ഉമ്മൻ നാമനിനിർദേശം നൽകിയത്. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും കൂടെയുണ്ടായിരുന്നു. നാമനിർദേശ പത്രിക നൽകാൻ പുറപ്പെടുന്നതിനു മുൻപ് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ചാണ്ടി ഉമ്മൻ പ്രാർഥിച്ചു.

English Summary: Chandy Oommen said that there is no need for hatred and grudges against anyone, and we need politics of love.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com