കൈതോലപ്പായയിൽ 2.35 കോടി കടത്തിയത് പിണറായി വിജയനും പി.രാജീവും: ശക്തിധരൻ
Mail This Article
തിരുവനന്തപുരം ∙ കൈതോലപ്പായ വിവാദത്തിൽ വലിയ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ഉന്നമിട്ട് ശക്തിധരൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. ശക്തിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് കൈമാറിയതിനു പിന്നാലെയാണു വെളിപ്പെടുത്തൽ.
‘ദേശാഭിമാനി ഓഫിസിൽനിന്ന് 2.35 കോടി സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു’ എന്നാണു ശക്തിധരൻ സമൂഹമാധ്യമ കുറിപ്പിൽ ചോദിക്കുന്നത്.
അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്നു 3 ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെത്തന്നെയായിരുന്നു. യഥാർഥ മാഫിയ രാജാവാണു പിണറായി വിജയനെന്നും തന്റെ കംപ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. പിണറായി വിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചെന്നതാണ് പിണറായിസത്തിന്റെ മഹത്വമെന്നും ശക്തിധരൻ അഭിപ്രായപ്പെട്ടു.
ജി.ശക്തിധരന്റെ കുറിപ്പിൽനിന്ന്:
നട്ടുച്ചയ്ക്ക് ഇരുട്ടോ?
രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫിസിൽനിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ടു ദിവസം അവിടെ താമസിച്ച് സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും, അത് തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണെന്നും ഞാൻ തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോ.
കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ട് കവറുകൾക്കുള്ളിൽ വച്ചിരുന്ന രണ്ടു വലിയ പാക്കറ്റ് രാത്രി പതിനൊന്നു മണിയോടെ എകെജി സെന്ററിലെ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് ഞാൻ എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകൾ വീണ തായ്‌ക്കണ്ടിയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെത്തന്നെയായിരുന്നു. യഥാർഥ മാഫിയ രാജാവാണു പിണറായി വിജയനെന്നും തന്റെ കംപ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെന്നും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. അതാണ് പിണറായി വിജയൻ.
ലോകപ്രശസ്ത കമ്യൂണിസ്റ്റ് വിരുദ്ധ നോവലായ ‘നട്ടുച്ചയ്ക്ക് ഇരുട്ട്’ എഴുതിയ ആർതർ കൊയ്‌ത്‌സറിൽ ‘നമ്പർ വൺ’ എന്ന് കാണുന്നിടത്തെല്ലാം സ്റ്റാലിനെയാണ് ദ്യോതിപ്പിക്കുന്നത് എന്ന് ആർക്കാണ് അറിയാത്തത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലിഷ് നോവലുകളുടെ പട്ടികയിൽ ഈ പുസ്തകം എട്ടാം സ്ഥാനത്താണ്. ഞാൻ ആ പോസ്റ്റിൽ ലക്ഷ്യം വച്ചതെല്ലാം സഫലമാക്കിയത് അതിലെ വായനക്കാരാണ്. ആരാണ് അനധികൃത പിരിവ് നടത്തിയതെന്ന് വിളിച്ചുപറഞ്ഞത് വായനക്കാർ തന്നെയാണ്, അതിനപ്പുറം ഞാൻ എന്ത് ചെയ്യണമായിരുന്നു, രാത്രിയിലെന്നപോലെ ഉച്ചവെയിലിലും സത്യം കാണാതെ തപ്പിത്തടയുന്നവരെ ആർക്കും സഹായിക്കാനാകില്ല. അവരെ നയിക്കുന്നത് എം.വി.ഗോവിന്ദന്മാരാണ്.
അവർ പകൽ രാത്രിയിലെന്നപോലെ ഇരുട്ടിനെ തപ്പുന്നവരാണ്. കേരളത്തിന്റെ വിപ്ലവ സംസ്കാരം അതിന്റെ പടുതിരി കത്തിച്ചു കൊണ്ടിരിക്കുകയാണ്. ആ വിപ്ലവ സംസ്കാരത്തിന്റെ ഉദയത്തിന്റെ നേരിയ അരുണിമ പോലും ഇപ്പോൾ കാണാനില്ല. ഈ ഘട്ടത്തിലും സിപിഎമ്മിന്റെ വിജയം ഗോവിന്ദൻ സഖാവ് പ്രവചിക്കണമെങ്കിൽ ഉച്ചക്കിറുക്ക് ആവാനേ വഴിയുള്ളൂ. പിണറായി വിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢന്മാരെ സൃഷ്ടിച്ചുവെന്നതാണ് പിണറായിസത്തിന്റെ മഹത്വം. ഇത്രയൊക്കെ കണ്ടിട്ടും ഒന്നും സംഭവിക്കില്ലെന്ന് പറയണമെങ്കിൽ ഉച്ചക്കിറുക്ക് പിടിപെട്ടവനായിരിക്കും.
ഫാഷിസ്റ്റ് വാഴ്ചകൾ ഭൂമുഖത്ത് എങ്ങനെ ഉദയം ചെയ്തു എന്നത് ലോകത്ത് നേരിൽകണ്ട പ്രസ്ഥാനം കമ്യൂണിസ്റ്റുകാരുടേതാണ്. കമ്യൂണിസ്റ്റുകാർക്ക് കാലുകുത്താൻ ഒരു പിടി മണ്ണുപോലും അവശേഷിക്കരുതെന്ന് സ്വന്തം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ജനത, അതിന്റെ ആക്രമണം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വരെ എത്തിക്കഴിഞ്ഞു. ഇനി അത് ധൂളിയാകാൻ എത്ര സമയം വേണ്ടിവരുമെന്നേ സംശയമുള്ളൂ. കമ്യൂണിസത്തിന് തകരണമെങ്കിൽ അതിനുപോന്ന എതിർശക്തി ഉയർന്നുവരണം. അതാണ് ബംഗാളിൽ സംഭവിച്ചത്. കേരളത്തിൽ അൽപംകൂടി സമയമെടുക്കുന്നു എന്നേയുള്ളൂ.
English Summary: Deshabhimani's former associate editor G. Sakthidharan, with a big revelation in the Kaitholappaya controversy, directly promoted Chief Minister Pinarayi Vijayan.