കൈതോലപ്പായയിൽ 2.35 കോടി കടത്ത് ഭാവനയിൽ ഉദിച്ച കെട്ടുകഥ: പി.രാജീവ്
Mail This Article
കൊച്ചി ∙ കൈതോലപ്പായ വിവാദത്തിൽ ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ പുതിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണ്. വസ്തുതയുടെ കണിക പോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പി.രാജീവുമാണു പണം കൊണ്ടുപോയതെന്നു ശക്തിധരൻ ആരോപിച്ചിരുന്നു.
‘കൊച്ചി കലൂരിലെ ദേശാഭിമാനി ഓഫിസിൽനിന്ന് 2.35 കോടി സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്ത് എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി.രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കിൽ എന്ത് സംഭവിക്കുമായിരുന്നു’ എന്നാണു ശക്തിധരൻ സമൂഹമാധ്യമ കുറിപ്പിൽ ചോദിച്ചത്.
കൈതോലപ്പായ വിവാദത്തിൽ പിണറായി വിജയന്റെയും പി.രാജീവിന്റെയും പേരുകൾ ശക്തിധരൻ വെളിപ്പെടുത്തുന്നത് ആദ്യമാണ്. ശക്തിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു കാണിച്ച് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മിഷണർക്കു റിപ്പോർട്ട് കൈമാറിയതിനു പിന്നാലെയാണു വെളിപ്പെടുത്തൽ. അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകൾ വീണയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്നു 3 ഹൈക്കോടതി ജഡ്ജിമാർ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെത്തന്നെയായിരുന്നെന്നും ശക്തിധരൻ അഭിപ്രായപ്പെട്ടു.
English Summary: Minsiter P. Rajeev denies all allegations against him in the Kaithola Paya controversy by G. Sakthidharan.