ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിലെ 225 സിറ്റിങ് എംഎപിമാരിൽ 75 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ഇതിൽ നാലുപേരുടെ കേസ് സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യമാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷനൽ ഇലക്‌ഷൻ വാച്ച് (എൻഇഡബ്ല്യു) എന്നിവർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സിറ്റിങ് എംപിമാരിൽ 27 പേർ ശതകോടീശ്വരൻമാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിന് ആധാരം.

∙ ക്രിമിനൽ കേസിൽപ്പെട്ട 33% എംപിമാർ 

രാജ്യസഭയിലെ 33% പേർക്കെതിരെയാണ് ക്രിമിനൽ കേസുകളുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. നാലു സിറ്റിങ് എംപിമാർക്കെതിരെ കൊലക്കുറ്റമാണുള്ളത്. രണ്ട് എംപിമാരുടെ പേര് കൊലക്കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപിയിൽനിന്നുള്ള 85 രാജ്യസഭാ എംപിമാരിൽ 23 പേർക്കെതിരെ ക്രിമിനൽ കേസ് ഉണ്ട്. കോൺഗ്രസിന്റെ 30ൽ പത്തുപേർക്കെതിരെയും കേസുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ 13 എംപിമാരിൽ നാല്, ആർജെഡിയുടെ ആറ് എംപിമാരിൽ അഞ്ച്, സിപിഎമ്മിന്റെ അഞ്ച് എംപിമാരിൽ നാല്, എഎപിയുടെ പത്ത് എംപിമാരിൽ മൂന്ന്, വൈഎസ്ആർസിപിയുടെ ഒൻപത് എംപിമാരിൽ മൂന്ന്, എൻസിപിയുടെ മൂന്ന് എംപിമാരിൽ രണ്ടുപേർക്കെതിരെയാണ് ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകളുള്ള എംപിമാരുള്ളത് മഹാരാഷ്ട്രയിൽനിന്നാണ്. പിന്നാലെ ബിഹാറും ഉത്തർപ്രദേശും വരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള 19ൽ 12 എംപിമാർക്കെതിരെയും ക്രിമിനൽ കേസുണ്ട്. ബിഹാറിൽനിന്നുള്ള 16ൽ പത്ത് പേർ, ഉത്തർപ്രദേശിൽനിന്നുള്ള 30ൽ ഏഴുപേർ, തമിഴ്നാട്ടിലെ 18ൽ ആറുപേർ, കേരളത്തിലെ ഒൻപതിൽ ആറുപേർ, ബംഗാളിലെ 16ൽ അഞ്ചുപേർ എന്നിങ്ങനെയാണ് ക്രിമിനൽ കേസുള്ള എംപിമാരുടെ എണ്ണം.

∙ ധനാഢ്യർ ഇവർ

രാജ്യസഭയിൽനിന്ന്. (Photo: IANS/SANSAD TV)
രാജ്യസഭയിൽനിന്ന്. (Photo: IANS/SANSAD TV)

225 സിറ്റിങ് എംപിമാരിൽ 27 പേർ ശതകോടീശ്വരൻമാരാണ്. ബിജെപിയുടെ ആറ്, കോൺഗ്രസിന്റെ നാല്, വൈഎസ്ആർസിപിയുടെ ഒൻപത്, എഎപിയുടെ മൂന്ന്, ടിആർഎസിന്റെ മൂന്ന്, ആർജെഡിയുടെ രണ്ട് എംപിമാർക്ക് 100 കോടിക്കു മുകളിൽ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്ര പ്രദേശിൽനിന്നുള്ള 11 എംപിമാരിൽ അഞ്ച് പേർ ശതകോടീശ്വരന്മാരാണ്. തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള നിന്നുള്ള മൂന്ന്, ‍ഡൽഹിയിൽനിന്നുള്ള ഒന്ന്, പഞ്ചാബിൽനിന്നുള്ള ഏഴ്, ഹരിയാനയിൽനിന്നുള്ള ഒന്ന്, മധ്യപ്രദേശിൽനിന്നുള്ള രണ്ട് എംപിമാർക്കും 100 കോടിക്കു മുകളിൽ സ്വത്തുണ്ട്.

പത്തുകോടിക്കും അതിനു മുകളിലും സമ്പത്തുള്ള രാജ്യസഭാംഗങ്ങൾ 84 പേരാണ് (37%). അഞ്ച് കോടിക്കും പത്തു കോടിക്കുമിടയിൽ സമ്പത്തുള്ളത് 33 (15%) പേർക്കാണ്. ഒരു കോടിക്കും അഞ്ചുകോടിക്കുമിടയിൽ സമ്പത്തുള്ളത് 77 പേർ, 20 ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ സമ്പത്തുള്ളത് 23 പേർ, 20 ലക്ഷത്തിൽത്താഴെ സമ്പത്തുള്ളത് എട്ടുപേർക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു.

എംപിമാരുടെ ശരാശരി സമ്പാദ്യം 80.93 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആകെ സമ്പാദ്യം 18,210 കോടി രൂപയും. ബിജെപി എംപിമാരുടെ ആകെ സമ്പാദ്യം 2,579 കോടി രൂപയാണ്. കോൺഗ്രസ് എംപിമാരുടെ ആകെ സമ്പാദ്യം 1,549 കോടിയാണ്. വൈഎസ്ആർസിപിയുടെ ഒൻപത് എംപിമാരുടെ ആകെ സമ്പാദ്യം 3,561 കോടി, ഏഴ് ടിആർഎസ് എംപിമാരുടെ ആകെ സമ്പാദ്യം 5,596 കോടി, പത്ത് എഎപി എംപിമാരുടെ ആകെ സമ്പാദ്യം 1,316 കോടി രൂപയുമാണ്.

എംപിമാരുടെ ആകെ സമ്പാദ്യം വച്ചുനോക്കുമ്പോൾ തെലങ്കാനയാണ് ആദ്യ സ്ഥാനത്ത് – 5,596 കോടി രൂപയാണ് തെലങ്കാനയിൽനിന്നുള്ള വിവിധ പാർട്ടികളിലെ ഏഴ് എംപിമാരുടെ ആകെ സ്വത്ത്. പിന്നാലെ 11 എംപിമാരിൽനിന്നായി 3,382 കോടി രൂപയുമായി ആന്ധ്രാ പ്രദേശും 30 എംപിമാരിൽനിന്നുള്ള 1,941 കോടി രൂപയുടെ സ്വത്തുമായി ഉത്തർ പ്രദേശും നിൽക്കുന്നു.

ഇതിൽ തെലങ്കാനയിൽനിന്നുള്ള ടിആർഎസ് എംപിയായ ഡോ. ബന്ധി പാർഥസാരഥിക്കാണ് ഏറ്റവും കൂടുതൽ സ്വത്തുള്ളത് – 53,002,151,679‬. ആന്ധ്ര പ്രദേശിൽനിന്നുള്ള വൈഎസ്ആർസിപി അംഗം അല്ല അയോധ്യ രാമി റെഡ്ഡിക്കാണ് രാജ്യസഭാ എംപിമാരിൽ രണ്ടാം സ്ഥാനം – 25,777,579,180‬. മൂന്നാം സ്ഥാനം സമാജ്‌വാദി പാർട്ടിയുടെ എംപിയും ബോളിവുഡ് നടിയുമായ ഉത്തർപ്രദേശിൽനിന്നുള്ള ജയാ ബച്ചനാണ് – 10,016,391,566.

പത്തുലക്ഷത്തിൽത്താഴെ സ്വത്തുള്ള നാല് എംപിമാരാണുള്ളത്. പഞ്ചാബിൽനിന്നുള്ള എഎപി അംഗം സന്ത് ബൽബീർ സിങ് (3,79,972), മണിപ്പുരിൽനിന്നുള്ള ബിജെപി അംഗം മഹാരാജ സനഡോബ ലെയ്ഷെംബ (548,594‬), ഡൽഹിയിൽനിന്നുള്ള എഎപി അംഗം സഞ്ജയ് സിങ് (6,60,513), ബംഗാളിൽനിന്നുള്ള തൃണമൂൽ അംഗം പ്രകാശ് ചിക് ബരായിക് (925,000) എന്നിവരാണവർ.

∙ ജയ ബച്ചന് 105 കോടിയുടെ ബാധ്യത

166 എംപിമാർക്ക് ബാധ്യതകളുമുണ്ട്. ഏറ്റവും കൂടുതൽ ബാധ്യതകളുള്ളത് ആന്ധ്രയിൽനിന്നുള്ള വൈഎസ്ആർസിപി അംഗം നത്‌വാനി പരിമളിന് 209 കോടിയിലേറെ ബാധ്യതയുണ്ട്. ആകെ 369 കോടിയോളം രൂപയാണ് സ്വത്ത്. വൈഎസ്ആർസിപിയുടെ അല്ല അയോഗ്യ രാമി റെഡ്ഡിക്ക് 154 കോടി രൂപയിലേറെ ബാധ്യതയുണ്ട്. ഇദ്ദേഹത്തിന് ആകെ 2577 കോടിയാണ് സ്വത്ത്. 1001 കോടിയിലധികം സ്വത്തുള്ള ജയ ബച്ചന് 105 കോടിയിലേറെ രൂപ ബാധ്യതയുണ്ട്.

English Summary: Out of 225 RS MPs, 75 face criminal charges: ADR Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com