ഹണിട്രാപ്പിൽ കുടുക്കി, കാറും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തു: സിദ്ദീഖിന്റെ കൊലപാതകത്തിൽ കുറ്റപത്രം
Mail This Article
കോഴിക്കോട്∙ വ്യവസായി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഹണിട്രാപ്പിൽ അകപ്പെടുത്തിയാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. ഒന്നര ലക്ഷം രൂപയും കാറും തട്ടിയെടുത്തതായും കുറ്റപത്രത്തിൽ പറയുന്നു.
കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് 18ന് രാത്രിയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച മൃതദേഹം 2 ട്രോളി ബാഗുകളിലാക്കി സിദ്ദീഖിന്റെ തന്നെ കാറിൽ പ്രതികൾ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. മടങ്ങുംവഴി ചുറ്റികയും കട്ടറും ഉൾപ്പെടെയുള്ളവ പെരിന്തൽമണ്ണയിലെ ചീരട്ടാമലയിൽ ഉപേക്ഷിച്ചു. അവിടെനിന്ന് ചെറുതുരുത്തിയിലെത്തിയാണ് കാർ ഉപേക്ഷിച്ചത്.
സിദ്ദീഖിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന(19) എന്നിവരെ അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ എഗ്മൂറിൽനിന്നും ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിഖിനെ(ചിക്കു– 23) പാലക്കാട്ടുനിന്നും അറസ്റ്റ് ചെയ്തിരുന്നു.
English Summary: Police submits charge sheet on hotel owner Siddique murder