ADVERTISEMENT

തിരുവനന്തപുരം ∙ കൈതോലപ്പായയിലെ പണംകടത്ത് വിവാദത്തിൽ വീണ്ടും വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി.ശക്തിധരൻ. കൈതോലപ്പായയില്‍ കടത്തിയതില്‍ കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തായുടെ പണവുമുണ്ടെന്നാണു ജി.ശക്തിധരന്‍ ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചത്. പണം ഏറ്റുവാങ്ങിയതു ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.വേണുഗോപാലാണെന്നും ശക്തിധരന്‍ പറഞ്ഞു.

‘‘തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടു പരൽമീൻ കൊണ്ടുവന്നവനായിരുന്നു പി.രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാർഥിക്കു വോട്ടുപിടിക്കാൻ ബലാത്സംഗക്കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്. കാഥികന്റെ ശബ്ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയ്ക്കും’’– കുറിപ്പിൽ ശക്തിധരൻ അഭിപ്രായപ്പെട്ടു.

കൊച്ചിയിലെ ദേശാഭിമാനി ഓഫിസിൽ 2.35 കോടി രൂപ നിഗൂഢമായി സമാഹരിച്ചു തിരുവനന്തപുരത്തേക്കു കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അതു തിരുവനന്തപുരത്തെ എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവ് ആണെന്നും താൻ തുറന്നെഴുതിയിരുന്നുവെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നെന്നു കഴിഞ്ഞദിവസം ശക്തിധരൻ വെളിപ്പെടുത്തിയിരുന്നു.

ജി.ശക്തിധരന്റെ കുറിപ്പിൽനിന്ന്:

നമുക്ക് ഒരു പാ മതി വക്കീലേ!

യൂണിവേഴ്സ്റ്റി കോളജിലെ പ്രഗൽഭ മലയാളം പ്രഫസർ ബിരുദാനന്തര മലയാളം ക്ലാസിൽ നർമം ചാലിച്ചു പറഞ്ഞതായി ഞാൻ കേട്ടിട്ടുള്ള പ്രയോഗമാണിത്. പെൺകുട്ടികൾ അടക്കമുള്ള ക്ലാസിൽ സാർ ഇങ്ങനെ പറയുമ്പോൾ അതിലെ നർമം ഊഹിക്കാമല്ലോ! ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവർക്കു നേരെ സിപിഎമ്മിലെ ഒരു പറ്റം  പുത്തൻകൂറ്റു നേതാക്കൾ ഒരുകാലത്തും കണ്ടിട്ടില്ലാത്തവിധം ചാനൽചർച്ചകളിൽ വ്യക്തിഹത്യ നടത്തുകയാണല്ലോ. അതിനുള്ള  മറുപടിയായിരുന്നു ഇന്നലത്തെ എന്റെ പോസ്റ്റ്.

ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിലും നിയമസഭാ സമ്മേളനം ആസന്നമായ സാഹചര്യത്തിലും ഒറ്റവെടിക്കപ്പുറം പോകേണ്ടതില്ലെന്ന എന്റെ വ്യക്തിനിഷ്ഠ തീരുമാനവും അതിൽ ഉൾച്ചേർന്നിരുന്നു. ഞാനിക്കാര്യം കന്റോൺമെന്റ് എസിയോട് നേരിൽതന്നെ പറഞ്ഞിരുന്നു. പുതുപ്പള്ളി  തിരഞ്ഞെടുപ്പ് സംബന്ധിച്ചു ഞാനിട്ട പോസ്റ്റിലും ഈ വികാരം അടങ്ങിയിരുന്നു. ഉമ്മൻചാണ്ടിയുടെ തഴമ്പ് മകനുണ്ടോ എന്നായിരുന്നു അതിലെ എന്റെ ചോദ്യം? പക്ഷെ ആരെക്കുറിച്ചും ചാനലിൽ വന്നിരുന്നു എന്തും പറയാമെന്ന അഹന്ത തലയ്ക്കു പിടിച്ച ഇതുപോലുള്ള അവതാരങ്ങൾ പാർട്ടിയെ കുളത്തിലിറക്കിയേ അടങ്ങൂ എന്ന വാശിയിലാണ്.

മുഖ്യമന്ത്രിക്കും മരുമകനും സേവകർക്കും സന്തോഷമാകട്ടെ എന്ന വിശ്വാസത്തിലാണ് ഈ കാളികൂളി സംഘം ഇങ്ങനെ അഴിഞ്ഞാടുന്നത്. എം.വി.ഗോവിന്ദൻ സഖാവ് ഇദ്ദേഹത്തെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പാഠം പഠിക്കുന്നില്ല. പാർട്ടിക്ക് ഇവരെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ഞാൻ ഇന്നലെ എഴുതിയതിന്റെ പകർപ്പവകാശം അഡ്വ. അനിൽകുമാറിന് തന്നെ നൽകുകയാണ്. അതുകൊണ്ടുമാത്രമാണ് ഞാൻ ആ അധ്യായം വീണ്ടും തുറക്കുന്നത്. അവതാരകനോ സഹപാനലിസ്റ്റോ ആരും പരാമർശിക്കുക പോലും ചെയ്യാതെയാണ് ഇദ്ദേഹം പാർട്ടിയെ ഇവിടെ വെട്ടിൽ വീഴ്ത്തിയത്.

എനിക്ക് അദ്ദേഹം കൗമാരം വിട്ട് യൗവനത്തിലേക്ക് കടന്ന ഘട്ടം മുതൽ അറിയാം. അദ്ദേഹത്തിന്റെ പിതാവ് മേനോൻ സാറിനെയും അറിയാം. കോട്ടയം നിയമസഭാ  ഉപതിരഞ്ഞെടുപ്പിൽ ഞങ്ങൾ കൂട്ടായി അന്നത്തെ മന്ത്രി ടി.കെയ്ക്കു വേണ്ടി പ്രവർത്തിച്ചിരുന്നു. അന്നും ടികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അഭ്യുദയകാംക്ഷികൾ കൊണ്ടുവരുന്ന പണം ഏറ്റുവാങ്ങിയത് ഞാനായിരുന്നു. കയ്യിൽ ബാഗ് എടുത്തിട്ടുണ്ടല്ലോ എന്ന് ടികെ ചോദിച്ചപ്പോൾ എനിക്കതിന്റെ പൊരുൾ മനസ്സിലായിരുന്നില്ല. ഏതാനും മിനുറ്റുകൾ കൊണ്ട് പണം ബാഗിൽ വയ്ക്കാനാകാതെ സിബ് ഇടാൻ കഴിയാത്ത അവസ്ഥവന്നു.

ഞാനും ടികെയുടെ ഔദ്യോഗിക ഡ്രൈവർ അപ്പച്ചനും കൂടി രണ്ടു വലിയ ചുട്ടി  തോർത്ത് വാങ്ങി കരുതിവച്ചു. ഏറെ വൈകാതെ ആ തോർത്തിലും ഉൾക്കൊള്ളാനാകാതെ പണം  നിറഞ്ഞു കവിഞ്ഞു. രാത്രിയായതോടെ കാർ വഴിയിൽ ഒതുക്കി ജൗളിക്കടയിൽനിന്ന് ഇരട്ടമുണ്ട് വാങ്ങി അതുവരെ കിട്ടിയ എത്രയോ ലക്ഷങ്ങൾ ഡിക്കിയിൽ കുത്തിക്കയറ്റി. ഏറെയും അബ്‌കാരികളുടെ പൊതികൾ ആയിരുന്നു അതെല്ലാം. ടികെ എക്സൈസ് മന്ത്രിയായിരുന്നല്ലോ. രാത്രി ടികെ മുറിയിൽ കിടക്കാൻ കയറിയപ്പോൾ ഞാൻ ഈ പണവുമായി പുലിവാൽ  പിടിച്ചു. പണം ഇറക്കിവച്ച മുറിയുടെ താക്കോൽ ഞാൻ കൊണ്ടുപോകുന്നതുവരെ അപ്പച്ചനു സമാധാനമില്ലായിരുന്നു.

ഞാനാകട്ടെ ടികെയുടെ മുടി അമിതമായി വളർന്നതുകൊണ്ട് രാവിലെ ആറുമണിക്കുതന്നെ അത് മുറിക്കാൻ ആളെ തിരഞ്ഞുനടന്നു കണ്ടെത്തിയിരുന്നു. അപ്പോഴും അപ്പച്ചന്റെ കണ്ണ് ഈ പണം ഭദ്രമായി സൂക്ഷിക്കുന്നുണ്ടോ എന്നതിലായിരുന്നു. അത് റാഞ്ചാൻ കണ്ണുകൾ നോട്ടമിട്ട് പരിസരത്തുണ്ടായിരുന്നു എന്നത് അപ്പച്ചനാണ് എന്നെ പഠിപ്പിച്ചത്. കൊച്ചി ദേശാഭിമാനിയിൽ നോട്ടുകെട്ടുകൾ എണ്ണി ബൻഡിലാകുമ്പോഴും ആ പഴയ അനുഭവമാണ് ഓർമയിലെത്തിയത്. മുറിക്കുള്ളിൽ പണം ഏറ്റുവാങ്ങിയത് അന്നത്തെ ഏറ്റവും വലിയ കെട്ട് കരിമണൽ കർത്തയുടെ ആയിരുന്നു. അത് അദ്ദേഹത്തിൽനിന്ന് ഏറ്റുവാങ്ങിയത് എന്റെ ആത്മസുഹൃത്ത് ദേശാഭിമാനിയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.വേണുഗോപാലും.

കർത്തയുമായി വർഷങ്ങളുടെ പരിചയക്കാരൻ. ‘ഒരു വമ്പൻ പാർട്ടി’ എത്താനുണ്ടെന്ന് ഇടയ്ക്കിടെ പി.രാജീവ് പറഞ്ഞുകൊണ്ടിരുന്നു മോഹിപ്പിച്ചെങ്കിലും അയാൾ വന്നപ്പോൾ കിട്ടിയത് അഞ്ചു ലക്ഷത്തിൽ താഴെ മാത്രമായിരുന്നു. തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് പരൽമീൻ കൊണ്ടുവന്നവനായിരുന്നു പി.രാജീവ്. പണം സമാഹരണത്തിലായിരുന്നാലും സ്ഥാനാർഥിക്കു വോട്ടുപിടിക്കാൻ ബലാത്സംഗക്കഥ പൊട്ടിക്കുന്നതിലായാലും രാജീവിനുള്ള വൈഭവം സമാനതകൾ ഇല്ലാത്തതാണ്. എന്തും ചെയ്യും രാജീവ്. കാഥികന്റെ ശബ്ദഘോഷം കൊണ്ട് ബൗദ്ധിക മേമ്പൊടി പടയ്ക്കും.

രണ്ടാം ദിവസം സമാഹരിച്ചത് ലക്ഷ്യത്തിനപ്പുറമായതു കൊണ്ടാകാം ഇനി വരുന്നവരോട് തിരുവനന്തപുരത്തു എത്തിച്ചാൽ മതി എന്നായിരുന്നു പിണറായി സഖാവ് ചട്ടം കെട്ടിയത്. ഏറെ കൗതുകകരം അന്ന് രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ന്യൂസ് എഡിറ്റർ ഇതെല്ലാം നിരീക്ഷിക്കുകയായിരുന്നു എന്നതാണ്. അതെന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. എന്റെ എഫ്ബി പോസ്റ്റ് കണ്ട് അദ്ദേഹം അന്നുണ്ടായ സംഭവങ്ങൾ പലതും റീപ്ലെ ചെയ്തു കേട്ടപ്പോൾ അതെല്ലാം ശരിയായിരുന്നു എന്നതും എനിക്ക് മനസ്സിലായി. മുകളിലെ നിലയിൽ പിണറായി സഖാവ് ഏതുമുറിയിൽ ആണ് ഇരിക്കുന്നതെന്ന വിവരം അതിഥികൾ മനസ്സിലാക്കിയതും കയറിച്ചെന്നപ്പോൾ കണ്ട ഇവരോടായിരുന്നത്രെ, അതേക്കുറിച്ചു കൂടുതൽ വിവരിക്കുന്നില്ല.

English Summary: Black Sand businessman Sasidharan Kartha also gives money alleged G Shakthidharan on the Kaithola Paya controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com