പ്രത്യേക സായുധ സേനാ നിയമം (അഫ്സ്പ) പുനഃസ്ഥാപിക്കണം: മണിപ്പുരിൽ സമരവുമായി സ്ത്രീകൾ
Mail This Article
ഇംഫാൽ∙ പ്രത്യേക സായുധ സേനാ നിയമം (അഫ്സ്പ) വീണ്ടും ചുമത്തണമെന്നാവശ്യപ്പെട്ട് മണിപ്പുരിൽ സമരം സംഘടിപ്പിച്ച് സ്ത്രീകൾ. ക്രൂരമായി കൊല ചെയ്യപ്പെട്ട മൂന്നു യുവാക്കളുടെ മൃതദേഹം കൂടി കണ്ടെടുത്തതിനു പിന്നാലെയാണ് ഇന്നലെ മുതൽ സ്ത്രീകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ആരംഭിച്ചത്. മലമേഖലകളിൽ അസം റൈഫിൾസിനെ വിന്യസിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കാങ്പോക്പി ജില്ലയിലാണ് കുക്കി–സോ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുന്നത്. ഇവർ ദേശീയ പാത 2 ഉപരോധിച്ചു. സ്വാതന്ത്ര്യദിനത്തിൽ, മറക്കാനും പൊറുക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചതിനു പിന്നാലെയാണ് മൂന്നു പേരെക്കൂടി കൊലപ്പെടുത്തിയതെന്ന് കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി (സിഒടിയു) പറഞ്ഞു.
രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് സാധിക്കില്ലെങ്കിൽ ആർട്ടിക്കിൾ 355 ചുമത്തണം. ആർട്ടിക്കിൾ 355 പ്രകാരം സംസ്ഥാനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. അഫ്സ്പ പുഃനസ്ഥാപിക്കണം. ലിറ്റൻ പ്രദേശത്തു നിന്നും അസം റൈഫിൾസിനെ നീക്കിയതാണ് കഴിഞ്ഞ ദിവസം മൂന്നു പേർ കൂടി കൊല്ലപ്പെടാൻ കാരണമായതെന്നും സിഒടിയു ആരോപിച്ചു.
ഉഖ്റുൽ ജില്ലയിലെ കുക്കി തോവൈ ഗ്രാമത്തിൽ നടന്ന വെടിവയ്പിലും അക്രമത്തിലുമാണ് 3 കുക്കി യുവാക്കൾ കൊല്ലപ്പെട്ടത്. നാഗാ വിഭാഗക്കാർക്കു ഭൂരിപക്ഷമുള്ള കുക്കി–സോ ഗ്രാമമേഖലയിൽ ആദ്യത്തെ ആക്രമണമാണിത്. ഇന്നലെ പുലർച്ചെ ഗ്രാമത്തിൽ നിന്നു വെടി ശബ്ദം കേട്ട് പൊലീസ് സ്റ്റേഷനിൽ നിന്നു സേനയെത്തി. ഇവർ നടത്തിയ പരിശോധനയിലാണു സമീപമുള്ള കാട്ടിൽ നിന്നു മൃതദേഹങ്ങൾ ലഭിച്ചത്. കത്തികൊണ്ടുള്ള മുറിവുകളാണു മരണ കാരണം.
English Summary: Women Demand AFSPA reimpose in Manipur