നിയമന കുംഭകോണം: അഭിഷേകിന് ആശ്വാസമില്ല; ബംഗാൾ സർക്കാരിന്റെ ഹർജി തള്ളി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ സ്കൂൾ നിയമന കുംഭകോണക്കേസിൽ മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിയെ കൈവിട്ട് സുപ്രീം കോടതിയും. സിബിഐ, ഇഡി അന്വേഷണം തടയേണ്ടെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.
കുംഭകോണക്കേസിൽ നിലവിൽ നടക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ജൂലൈ 31 വരെ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബംഗാളിലെ സർക്കാർ സ്കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ അഭിഷേക് ബാനർജിക്കുള്ള പങ്കാണ് ഇഡിയും സിബിഐയും അന്വേഷിക്കുന്നത്. 2016ൽ ബംഗാളിലെ ആയിരത്തോളം സ്കൂളുകളിൽ നടന്ന നിയമനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
English Summary: Supreme Court dismisses WB govt’s plea seeking relief for TMC’s Abhishek Banerjee in teacher’s recruitment scam case