ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; ഫയർഫോഴ്സ് ആശുപത്രിയിലാക്കിയ 17കാരൻ മരിച്ചു
Mail This Article
മുക്കം∙ ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട മങ്ങാട് ദാറുൽ അമാൻ കോളജ് പ്ലസ് ടു വിദ്യാർഥി മിഥിലാജ് (17) മരിച്ചു. അഗ്നിരക്ഷാ സേനയും സന്നദ്ധ സേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തി മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലർച്ചെയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുക്കം കടവ് പാലത്തിന് സമീപമാണു മിഥിലാജ് കൂട്ടുകാരുമായി പുഴയിൽ കുളിക്കാനിറങ്ങിയത്.
മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യു സ്കൂബ ടീം അംഗം ആർ.മിഥുൻ ആണ് മുങ്ങിയെടുത്തത്. സ്റ്റേഷൻ ഓഫിസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
English Summary: Teen Swept Away While Bathing in Iruvanjipuzha, Dies in Hospital