ADVERTISEMENT

കോട്ടയം ∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലതു പറഞ്ഞതിനു മൃഗസംരക്ഷണ വകുപ്പിലെ താൽക്കാലിക ജോലി നഷ്ടമായ സതിയമ്മ വഴിയാധാരമാവാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പുതുപ്പള്ളിയിലെ വോട്ടറായ സതിയമ്മയെ വീട്ടിൽ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘തന്റെ ജീവിതത്തില്‍ സഹായിച്ച ഒരാളെക്കുറിച്ച് നല്ലതു പറഞ്ഞതിനാണ് സതിയമ്മയ്ക്കു ജോലി നഷ്ടമായത്. മാധ്യമങ്ങൾ ചോദിച്ചപ്പോൾ സത്യസന്ധമായി ആ വലിയ മനുഷ്യനെക്കുറിച്ച്, ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയെപ്പറ്റി നന്ദിപൂർവം അവർ സംസാരിച്ചു. ഒരാളെ പിരിച്ചുവിടാനുള്ള കാരണമാണോ ഇത്? അവർക്ക് അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യമില്ലേ? സതിയമ്മയെ പുറത്താക്കിയതില്‍ കേരളം അപമാനഭാരത്താല്‍ തലകുനിക്കുകയാണ്. മനസ്സാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സതിയമ്മയ്ക്കു കിട്ടുന്ന 8,000 രൂപ കൊണ്ടാണ് അവരുടെ കുടുംബം കഴിയുന്നത്. രാഷ്ട്രീയമായ വൈരാഗ്യത്തിന്റെയും വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും പേരിൽ അവരുടെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നു.

ദയയും ദാക്ഷിണ്യവുമില്ലാത്ത സര്‍ക്കാരാണിത്. വഴിയിലൂടെ പോകുന്നൊരാളെ പിരിച്ചുവിടാനാകുമോ? സതിയമ്മ ജോലി ചെയ്തിരുന്നില്ലെന്ന് ഡോക്ടർ പറയട്ടെ. ഇനി വേണമെങ്കിൽ ഒരുപാടു സാങ്കേതിക കാരണങ്ങൾ പറയാം. സതിയമ്മ എന്നൊരാൾ ഭൂമിയിൽ ഇല്ലെന്നുവരെ പറയാം. എല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സതിയമ്മയെ തിരിച്ചെടുക്കണം. ഉമ്മൻ ചാണ്ടിയുടെ മുന്നിലൊരു വിഷയം വരുമ്പോൾ, സാങ്കേതികത്വത്തിനു മീതെ മനുഷ്യത്വമാണു പരിഗണിച്ചിരുന്നത്. സാങ്കേതികത്വമാണോ മനുഷ്യനോടുള്ള സ്നേഹമാണോ വലുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മാസപ്പടി വിവാദവും മാധ്യമ സൃഷ്ടിയാണെന്നാണ് മന്ത്രിമാരും സിപിഎമ്മും പറഞ്ഞത്. ഹൈക്കോടതി വിധി വന്നാലും മാധ്യമ സൃഷ്ടിയെന്ന് പറയുമോ? ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണ്. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ട. ഉദ്യോഗസ്ഥര്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയും കാട്ടേണ്ട. സര്‍ക്കാരിന്റെ അസഹിഷ്ണുതയുടെ ഏറ്റവും വലിയ പ്രതീകമാണ് സതിയമ്മ. സര്‍ക്കാര്‍ മനുഷ്യത്വം കാട്ടുമോ സാങ്കേതികത്വം ഉയര്‍ത്തിപ്പിടിച്ച് മാധ്യമ സൃഷ്ടിയാണെന്ന സ്ഥിരം പല്ലവി ആവര്‍ത്തിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് സതിയമ്മയുടെ ജോലി കളയാന്‍ ശ്രമിച്ചവരാണ് പുതുപ്പള്ളിയില്‍ വോട്ട് തേടി ഇറങ്ങിയിരിക്കുന്നത്’’– സതീശൻ പറഞ്ഞു.

ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിനുവേണ്ടി ചെയ്ത സേവനം ചാനൽ ക്യാമറയ്ക്കു മുന്നിൽ പറഞ്ഞതിനു വെറ്ററിനറി ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽനിന്നു പുറത്താക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി രംഗത്തെത്തിയിരുന്നു. പിരിച്ചുവിട്ടു എന്നു പറയപ്പെടുന്ന സതിയമ്മ താത്കാലിക ജീവനക്കാരി അല്ലെന്ന് ചിഞ്ചുറാണി പറഞ്ഞു. ജിജി മോൾ എന്ന താൽക്കാലിക ജീവനക്കാരിക്കു പകരമായാണ് സതിയമ്മ ജോലിചെയ്തത്. ജിജിമോളുടെ അക്കൗണ്ടിലേക്കു വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണു നടപടിയെടുത്തത്. നടപടിക്കു പിന്നിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി.

English Summary: VD Satheeshan said that Congress will protect Sathiyamma, who lost her temporary job for saying good things about Oommen Chandy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com