പുരാവസ്തു തട്ടിപ്പു കേസ്: ഐജി ലക്ഷ്മൺ അറസ്റ്റിൽ, ജാമ്യത്തിൽ വിട്ടയച്ചു
Mail This Article
കൊച്ചി∙ മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ജി.ലക്ഷ്മണിനെ ഗൂഢാലോചനാക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ലക്ഷ്മണിനെ ജാമ്യത്തിൽ വിട്ടു. കേസിലെ നാലാം പ്രതിയാണു ഐജി ലക്ഷ്മൺ. തട്ടിപ്പു കേസിൽ സസ്പെൻഷനിലായിരുന്ന ലക്ഷ്മണിനെ പിന്നീടു സർവീസിൽ തിരിച്ചെടുത്തിരുന്നു.
നോട്ടിസ് പ്രകാരം രാവിലെ 11 മണിക്കു തന്നെ ഐജി ലക്ഷ്മൺ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു. വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്ഷ്മണിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
ലക്ഷ്മൺ സർവീസിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സംസ്ഥാന ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരെ അറസ്റ്റ് വിവരം രേഖാമൂലം അറിയിക്കും. യാക്കൂബ് പുറായിൽ, എം.ടി. ഷമീർ, സിദ്ദീഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലിം എടത്തിൽ, ഷാനിമോൻ എന്നിവർ നൽകിയ പരാതിയിലാണു ക്രൈംബ്രാഞ്ച് കേസെടുത്തത്.
English Summary: IG Lakshman Arrested In Fake Antique Case