ADVERTISEMENT

ബെംഗളൂരു∙ ചന്ദ്രയാൻ 3 ചരിത്ര വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ ബെംഗളൂരുവിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ മോദി അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവേ വികാരഭരിതനായി. ഇന്ത്യ ചന്ദ്രനോളമെത്തിയെന്നും രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം ഉയർന്നെന്നും അദ്ദേഹം പറഞ്ഞു. ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു

‘ഞാൻ ഗ്രീസിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു. എന്നാൽ എന്റെ മനസ്സ് നിങ്ങൾക്കൊപ്പമായിരുന്നു. ഇന്ത്യ ചന്ദ്രനോളമെത്തി, നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നു. ലോകത്ത് ശാസ്ത്രത്തിലും ഭാവിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഇന്ത്യയുടെ നേട്ടത്തിൽ സന്തോഷിക്കും. വലിയ ശാസ്ത്ര സമസ്യകൾ പരിഹരിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇത് വെറും നേട്ടമല്ല, ബഹിരാകാശത്ത് ഇന്ത്യയുടെ ശംഖനാദമാണ്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഒരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെ ഇത് ആഘോഷിച്ചു. നിങ്ങൾ ഒരു തലമുറയെ മുഴുവൻ ഉണർത്തുകയും അവരിൽ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുകയും ചെയ്തു.

വിക്രം ലാൻഡർ ചന്ദ്രനിൽ സ്പർശിച്ച സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടും. ശിവശക്തി പോയിന്റ് ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങളുടെ അടയാളമായി മാറും. ശിവശക്തി എന്നതിലെ ശക്തി സ്ത്രീ ശാസ്ത്രജ്ഞരുടെ പ്രചോദനം, ശാക്തീകരണം, കഠിനാധ്വാനം എന്നിവയിലൂടെ ഉരുത്തിരിഞ്ഞതാണ്. 2019ൽ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ സ്ഥലം ‘തിരംഗ പോയിന്റ്’ എന്നും അറിയപ്പെടും. അന്ന് ഈ സ്ഥലത്തിന് പേരു നൽകാതിരുന്നത് അത് ഉചിതമായ സമയമല്ല എന്ന് തോന്നിയിട്ടാണ്. എന്നാൽ ഇന്ന് ചന്ദ്രയാൻ 3 ദൗത്യം വിജയകരമാകുമ്പോൾ, ചന്ദ്രയാൻ 2 അതിന്റെ അടയാളം കുറിച്ച സ്ഥലത്തിന് പേരു നൽകുന്നത് ഉചിതമാകുമെന്ന് തോന്നുന്നു. ഇപ്പോൾ ‘ഹർ ഘർ തിരംഗ’ എന്ന പദ്ധതി നടന്നുകൊണ്ടിരിക്കെ ചന്ദ്രനിലും നമ്മുടെ പതാക ഉയർന്നു നിൽക്കവേ ‘തിരംഗ പോയിന്റ്’ എന്നതു തന്നെയാണ് ഉചിതമായ നാമം. 

modi
ബെംഗളൂരുവിലെ ഇസ്ട്രാക് ക്യാംപസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് സ്വീകരിക്കുന്നു(Photo: ANI/X)

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയം അടയാളപ്പെടുത്തുന്നതിനായി, ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ഓഗസ്റ്റ് 23 രാജ്യം ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും. ഇത് ശാസ്ത്രവും സാങ്കേതിക വിദ്യയും ആഘോഷിക്കേണ്ട ദിനമാകും, വരാനിരിക്കുന്ന തലമുറയ്ക്ക് പ്രചോദനമേകുന്ന ദിനമാകണം.’–മോദി പറഞ്ഞു. 

ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിൽ (ഇസ്ട്രാക്) എത്തിയ മോദിയെ ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു മോദി. ഇസ്രോയുടെ ശാസ്ത്രനേട്ടത്തിൽ അഭിമാനമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സമർപ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തിയെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ‌ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ അറിയിക്കും. 

English Summary: Chandrayaan-3: PM Modi to meet ISRO scientists in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com