ADVERTISEMENT

തിരുവനന്തപുരം∙ ചന്ദ്രയാൻ 3 ദൗത്യം ഇറങ്ങിയ സ്ഥലത്തിനും ചന്ദ്രയാൻ 2 ദൗത്യം ഇടിച്ചിറങ്ങിയ സ്ഥലത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാമകരണം നടത്തിയത് വിവാദമാക്കേണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ചെയർമാൻ എസ്.സോമനാഥ്. ചന്ദ്രനിലെ വിവിധ സ്ഥലങ്ങൾക്ക് ഇന്ത്യയും മറ്റു രാജ്യങ്ങളും നേരത്തെയും പേരു നൽകിയിട്ടുണ്ട്. ചന്ദ്രനിലെ ഒരു ഗർത്തത്തിന്റെ പേര് സാരാഭായ് ക്രേറ്റർ എന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ചന്ദ്രനിൽ ലാൻഡർ ഇറങ്ങിയ സ്ഥലം ‘ശിവശക്തി പോയിന്റ്’ എന്നും ചന്ദ്രയാൻ 2 തകർന്നു വീണ സ്ഥലം ‘തിരംഗ’ എന്നുമാണ് നാമകരണം ചെയ്തത്.

ചന്ദ്രയാന്റെ പ്രഗ്യാൻ റോവറിൽ നിന്നു പ്രധാനപ്പെട്ട വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ശാസ്ത്രജ്ഞർ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും. എല്ലാ പരീക്ഷണങ്ങളും ആസൂത്രണം ചെയ്തതു പോെല തുടങ്ങിക്കഴിഞ്ഞു. ഇനി അതിന്റെ ഡേറ്റ ശേഖരിക്കണം. ചന്ദ്രയാനിലെ എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. റോവർ ചലിച്ചു തുടങ്ങാൻ അൽപം വൈകിയെന്നതൊഴികെ ഒരു തകരാറും ഇതുവരെ കണ്ടെത്താനായിട്ടില്ല. 2021 ൽ വിക്ഷേപിക്കാൻ ലക്ഷ്യമിട്ടിരുന്ന റഷ്യയുടെ ലൂണ25 ദൗത്യം ‌പല കാരണങ്ങളാൽ വൈകിയതാകാം. ഇന്ത്യയുമായി മത്സരിച്ചതാണെന്നു തോന്നുന്നില്ലെന്നും സോമനാഥ് പറഞ്ഞു.

ആദ്യത്തെ 14 ദിവസത്തിനു ശേഷം രണ്ടാഴ്ച ചന്ദ്രനിൽ ഇരുട്ടായിരിക്കും. അതു കഴിഞ്ഞും പ്രവർത്തിക്കാനുള്ള ബുദ്ധി ചന്ദ്രയാന്റെ കംപ്യൂട്ടറിനു നൽകിയിട്ടുണ്ട്. സൗര ദൗത്യമായ ആദിത്യ എൽ1 ഉപഗ്രഹത്തിന്റെ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും അതിന്റെ ഡേറ്റ എല്ലാം കൃത്യമാണെങ്കിൽ വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിൽ പോയത് തന്റെ സ്വകാര്യ വിഷയമാണെന്നും അതുകൊണ്ട് ശാസ്ത്രത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു ശേഷം തിരുവനന്തപുരത്തെത്തിയ അദ്ദേഹം ഇന്നു ഉച്ചയോടെയാണ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. അദ്ദേഹത്തിനു വേണ്ടി ഇന്ന് പ്രത്യേകം നട തുറന്ന് പൂജ നടത്തുകയായിരുന്നു. ‘‘മാനസികവും ആത്മീയവുമായ ശക്തി സംഭരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്ര സന്ദർശനം നടത്തുന്നത്. അതും ചന്ദ്രയാൻ ദൗത്യവുമായി ബന്ധമൊന്നുമില്ല’’– അദ്ദേഹം വ്യക്തമാക്കി.

English Summary: ISRO Chairman S Somanath on Chandrayaan-3 and Aditya L1 mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com