വിമാനം തകർന്നുവീണ് മരിച്ചവരിൽ പ്രിഗോഷിനും; ഒടുവിൽ സ്ഥിരീകരിച്ച് റഷ്യ
Mail This Article
മോസ്കോ ∙ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട 10 പേരിൽ ഒരാള്‍ വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‍ഗനി പ്രിഗ്രോഷിനെന്ന് സ്ഥിരീകരിച്ച് റഷ്യയുടെ ഇൻവസ്റ്റിഗേറ്റീവ് കമ്മിറ്റി (എസ്‍കെ). മൃതദേഹാവശിഷ്ടങ്ങളിൽ നടത്തിയ ജനിതക പരിശോധനയിലാണു സ്ഥിരീകരണം.
മോസ്കോയ്ക്കും സെന്റ്പീറ്റേഴ്സ്ബർഗിനുമിടയിൽ തകർന്നുവീണ സ്വകാര്യ വിമാനത്തിലുണ്ടായിരുന്ന 10 പേരുടെ പേരുകൾ റഷ്യയുടെ ഏവിയേഷൻ ഏജൻസി നേരത്തെ പുറത്തുവിട്ടിരുന്നു. അതിൽ പ്രിഗ്രോഷിന്റെയും അദ്ദേഹത്തിന്റെ വലംകൈ ദിമിത്രി ഉത്കിന്റെയും പേരുമുണ്ടായിരുന്നു. ഇതിനു പിന്നാലെ മൃതദേഹങ്ങളിൽ നടത്തിയ മോളിക്യുലർ ജനിതക പരിശോധനയിൽ മരിച്ച പത്തുപേരും ആരെല്ലാമെന്നു സ്ഥിരീകരിച്ചു. വിമാനത്തിലെ പത്തുപേരുടെ പട്ടികയുമായി യോജിക്കുന്നതാണ് പരിശോധനാ ഫലം.
ബുധനാഴ്ചയാണു പ്രിഗോഷിൻ അടക്കം 10 പേർ കയറിയ സ്വകാര്യവിമാനം തകർന്നുവീണത്. മരിച്ചവരുടെ കുടുംബങ്ങളെ ടിവിയിലൂടെ അനുശോചനം അറിയിച്ച പുട്ടിൻ, ‘ഗുരുതരമായ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും പ്രിഗോഷിൻ പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു’ എന്നു പറഞ്ഞു. ജൂൺ 24 നു നടത്തിയ അട്ടിമറിശ്രമത്തിന്റെ പേരിൽ പ്രിഗോഷിനെ പുട്ടിന്റെ ഉത്തരവു പ്രകാരം വധിച്ചതാണെന്നാണു പാശ്ചാത്യഭരണകൂട കേന്ദ്രങ്ങളും നിരീക്ഷകരും വിലയിരുത്തുന്നത്.
English Summary: It is confirmed that Wagner Chief Prigozhin died in plane crash