അനുച്ഛേദം 370: കേസില്‍ ഹാജരായ അധ്യാപകന് സസ്പെൻഷൻ, അന്വേഷിക്കണമെന്ന് സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി∙ അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരായ ഹർജിയിൽ, കോടതിയിൽ ഹാജരായ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ജമ്മു കശ്മീരിൽനിന്നുള്ള സഹൂർ അഹമ്മദ് ഭട്ടിനെ പ്രതികാര നടപടിയുടെ ഭാഗമായാണോ സസ്പെൻഡ് ചെയ്തതെന്നു സംശയിക്കുന്നതായും കോടതി പറഞ്ഞു. അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ഇക്കാര്യം ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോടു ചോദിച്ചറിയണമെന്ന് കോടതി നിർദേശിച്ചു.
ജമ്മു കശ്മീര്‍ വിദ്യാഭ്യാസ വകുപ്പിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായ സഹൂർ അഹമ്മദ് കഴിഞ്ഞ ബുധനാഴ്ചയാണ് കോടതിയിൽ ഹാജരായത്. അനുച്ഛേദം 370 റദ്ദാക്കിയതോടെ കശ്മീരിൽ വിദ്യാർഥികൾക്കു പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്നും, കുട്ടികളിൽനിന്ന് ഉയരുന്ന ചില ചോദ്യങ്ങൾക്കു മറുപടി നൽകാനാവുന്നില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനയുടെ ഔന്നത്യത്തിനും വിരുദ്ധമാണെന്നും സഹൂർ അഹമ്മദ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. വെള്ളിയാഴ്ചയാണ് ചട്ടലംഘനം നടത്തിയെന്നു കാണിച്ച് സഹൂർ അഹമ്മദിനെ സസ്പെൻഡ് ചെയ്തത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സംഭവം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ അവധിയെടുത്ത് കോടതിയിലെത്തിയ അധ്യാപകന് സസ്പെൻഷൻ നൽകിയെന്ന് കപിൽ സിബൽ കോടതിയിൽ പറഞ്ഞു. പിന്നാലെയാണ് ചീഫ് ജസ്റ്റിസ് അന്വേഷണത്തിനു നിർദേശം നൽകിയത്.
English Summary: "Retribution?": Court Asks Why Lecturer Suspended After Article 370 Hearing