മധുരയിൽ നിർത്തിയിട്ട ട്രെയിനിലെ തീപിടിത്തം: അഞ്ച് യുപി സ്വദേശികൾ പിടിയിൽ
Mail This Article
ചെന്നൈ∙ മധുര റെയിൽവേ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന പ്രത്യേക ട്രെയിനിന്റെ കോച്ചിനു തീപിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിതാപുർ സ്വദേശികളാണു പിടിയിലായത്. ശുഭം കശ്യപ് (19), നരേന്ദ്ര കുമാർ (61), ഹാർദിക് സഹാനി (24), ദീപക് കുമാർ (23), സത്യ പ്രകാശ് (45) എന്നിവരാണ് പിടിയിലായത്. സിതാപുരിലെ ബാസിൻ ടൂർ ആൻഡ് ട്രാവൽസ് കമ്പനിയിലെ ജീവനക്കാരാണ് അഞ്ചുപേരും. ഐപിസി സെക്ഷൻ 304 ബി, ഐപിസി സെക്ഷൻ 285 വകുപ്പുകള്‍ പ്രകാരമാണ് റെയിൽവേ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ സംഭവവികാസങ്ങളെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിന് മധുര പൊലീസ് വിവരം കൈമാറി.
ടൂർ ഓപ്പറേറ്റർ ബുക്ക് ചെയ്ത സ്ലീപ്പർ കോച്ചിൽ യാത്രക്കാർ ഉറങ്ങവേ ശനിയാഴ്ച പുലർച്ചെ 5.15ന് ആയിരുന്നു അപകടം. കോച്ചിനുള്ളിൽ ചായ ഉണ്ടാക്കുമ്പോൾ എൽപിജി സിലിണ്ടറിൽനിന്നു വാതകം ചോർന്നു പൊട്ടിത്തെറിച്ചതാണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോച്ചിന്റെ വാതിലുകൾ അകത്തുനിന്നു പൂട്ടിയിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. പൂട്ടു പൊളിച്ച് അകത്തെത്തിയപ്പോഴേക്കും പലർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നതായി മധുര ഡിവിഷനൽ റെയിൽവേ മാനേജർ പറഞ്ഞു. പൊട്ടിത്തെറിച്ച സിലിണ്ടറിനു പുറമേ അഞ്ചിലധികം മണ്ണെണ്ണ അടുപ്പുകൾ, വിറകുകെട്ടുകൾ, കൽക്കരി, പാചക എണ്ണയുടെ ടിന്നുകൾ എന്നിവ കണ്ടെടുത്തിരുന്നു.
പ്രത്യേക ട്രാക്കിൽ നിർത്തിയിട്ടിരുന്ന കോച്ചിൽ ലക്നൗവിൽനിന്നുള്ള 55 യാത്രക്കാരും ടൂർ ഓപ്പറേറ്ററുടെ 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രാസംഘങ്ങൾ ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ഇത്തരം കോച്ചുകൾ വിവിധ ട്രെയിനുകളിൽ മാറി മാറി ഘടിപ്പിച്ചാണു കൊണ്ടുപോകുന്നത്.
English Summary: Five People were caught on Madurai Train fire